maturvani-logo-final-version

ഓർമ്മിക്കാൻ ഓമനിക്കാൻ

Facebook
Twitter
LinkedIn

മുറ്റത്തു് നനഞ്ഞ മണ്ണിൽ കിടക്കുകയായിരുന്നു അമ്മ. ദേഹമാസകലം മണൽ പുരണ്ടിരിക്കുന്നു; മുഖത്തും മുടിയിലുമെല്ലാം. മുഷിഞ്ഞ് അങ്ങിങ്ങു കീറിയ വസ്ത്രങ്ങളാണ് അമ്മ ധരിച്ചിരിക്കുന്നതു്. ബാഹ്യബോധം ലവലേശമില്ല. ആ പ്രേമമൂർത്തിയുടെ പ്രശാന്തവും നിഷ്‌കളങ്കവുമായ മുഖത്തേക്ക് ഉറ്റുനോക്കിയിരിക്കെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ആ മുഖം ദർശിക്കുമ്പോഴൊക്കെ ഞാനറിയാതെ തേങ്ങുമായിരുന്നു. പരിശുദ്ധിയുടെ പ്രതീകമായ അമ്മ, എന്റെ അന്വേഷണത്തിന്റെ സാക്ഷാത്കാരമായിരുന്നു; ശുദ്ധപ്രേമം കൊതിച്ചലഞ്ഞ എന്റെ ജീവന്റെ സാഫല്യമായിരുന്നു. മണ്ണിൽപ്പുരണ്ട അമ്മയുടെ ആ രൂപത്തിൽ കണ്ണുംനട്ടു ഞാനിരുന്നു. എന്റെ ഹൃദയം വേദനിച്ചു, “ആയിരങ്ങളുടെ ആശ്രയകേന്ദ്രമാണമ്മ! എന്നിട്ടും ഈ പവിത്രമായ ശരീരത്തിനു് ശുശ്രൂഷ ചെയ്യുവാൻ ആരുമില്ലേ!” ഞാൻ ചുറ്റിനും നോക്കി. പരിസരത്തെങ്ങും ആരെയും കണ്ടില്ല. ഹൃദയവേദന കണ്ണീർക്കണങ്ങളായി ഒഴുകി. നാലുമാസം മുൻപാണ് അമ്മയെ കാണുവാനുള്ള ഭാഗ്യം സിദ്ധിച്ചതു്.

 

പക്ഷേ, അനേകം സംവത്സരങ്ങളുടെ ബന്ധമാണ് അമ്മയോടെനിക്കു തോന്നിയതു്. അല്പം കഴിഞ്ഞപ്പോൾ അമ്മ മെല്ലെ കണ്ണുതുറന്നു. അനന്തതതയിൽ കണ്ണുംനട്ട് ഏതാനും നിമിഷങ്ങൾകൂടി അതേ കിടപ്പുതന്നെ കിടന്നു. അനന്തവിസ്തൃതവും തന്റെതുമാത്രവുമായ ലോകത്തിലെ ഏകാന്തസഞ്ചാരത്തിനുശേഷം, അമ്മ മെല്ലെ തിരിഞ്ഞെന്നെ നോക്കി പുഞ്ചിരിച്ചു. കരുണാർദ്രങ്ങളായ ആ മിഴികൾ എന്നിൽ പതിച്ചപ്പോൾ, മാതൃവാത്സല്യവർഷം വശ്യമായ ആ മന്ദഹാസത്തിലൂടെ അമ്മയെനിക്കു സമ്മാനിച്ചപ്പോൾ, എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. അമ്മയുടെ സ്നേഹംതുളുമ്പുന്ന വാക്കുകൾ എന്റെ കാതിൽ വന്നലച്ചു, “മോൻ കരയുന്നോ?” ഒരു തേങ്ങലോടെ ഞാൻ മറുപടി പറഞ്ഞു, “അമ്മയെ കാണുമ്പോൾ അമ്മയെ സ്മരിക്കുമ്പോൾ എനിക്കു കരയാനേ കഴിയാറുള്ളൂ.” ഇത്രയും പറഞ്ഞു ഞാൻ ഏങ്ങലടിച്ചു കരഞ്ഞു, ഒരു കുഞ്ഞിനെപ്പോലെ. കിടന്നുകൊണ്ടുതന്നെ കൈകൾ നീട്ടി കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർക്കണങ്ങൾ ഒപ്പിയെടുത്തുകൊണ്ടു്, സ്നേഹമസൃണമായി അമ്മ ഇങ്ങനെ മന്ത്രിച്ചു, “എന്റെ മോൻ കരയല്ലേ, നിനക്ക് അമ്മയുണ്ടല്ലോ.” അമ്മ എഴുന്നേറ്റിരുന്നു് വാത്സല്യപൂർവ്വം എന്റെ ശിരസ്സിൽ തലോടി. ഗദ്ഗദമടക്കി ഞാൻ അമ്മയോടു പറഞ്ഞു, “അമ്മേ, ഇന്നു് അമ്മയുടെ ജന്മദിനമാണു്.” കൈയിലരുന്ന പൊതിയഴിച്ചു് കാണിച്ചുകൊണ്ടു് ഞാൻ തുടർന്നു, “കുളിച്ചു് അമ്മ ഈ വസ്ര്തങ്ങൾ അണിഞ്ഞു കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.” അമ്മ പൊട്ടിച്ചിരിച്ചു എന്നിട്ടിങ്ങനെ പറഞ്ഞു, “ജന്മദിനമോ…? അമ്മയ്ക്കോ…? നല്ല തമാശതന്നെ.

 

കുഞ്ഞേ, നീ എന്താണീപ്പറയുന്നതു് അമ്മയ്ക്കു ജന്മദിനമില്ല മോനേ, ഈ ഭ്രാന്തിക്കു ജന്മദിനമോ…!” പിടിവാശിയും നിർബ്ബന്ധബുദ്ധിയുമൊക്കെ ആകാമല്ലോ. യുവാവായ കുഞ്ഞ് അവസാനം അതുതന്നെ ചെയ്തു. അന്ന് അമ്മ ഉണ്ണാനും ഉറങ്ങാനും കുളിക്കാനും ഒന്നും കൂട്ടാക്കാറില്ലായിരുന്നു. ചിലപ്പോൾ രണ്ടുവയസ്സുള്ള ഒരു കുഞ്ഞിനെപ്പോലെ ആകും. തോന്നിയാൽ ചിലതു ചെയ്യും. അല്ലെങ്കിൽ ചെയ്യില്ല. പലതും ഓർമ്മിപ്പിക്കണം, ഓർമ്മിപ്പിച്ചാലും സ്വയം ചെയ്യില്ല; ആരെങ്കിലും ചെയ്തു കൊടുക്കണം. നിർബ്ബന്ധിച്ചു് കുളിപ്പിച്ചാൽ കുളിക്കും. ഊട്ടിയാൽ ഉണ്ണും. ഉറങ്ങിയാൽ ഉറങ്ങും. വെയിലും, മഴയും, മഞ്ഞും, കാറ്റും, തൊണ്ടഴുകുന്ന കായൽജലവും, എല്ലാം അമ്മയ്‌ക്കൊരുപോലെ. രാപകൽ തുറസ്സായ മുറ്റത്തുതന്നെയായിരുന്നു അന്ന് അമ്മയുടെ വാസം. ചിലപ്പോൾ നാറുന്ന കായൽജലത്തിൽ കിടക്കുന്നതും കാണാം. ഒന്നിനോടും ഒരു പ്രതിപത്തിയും മമതയുമില്ല. ശരീരബോധം തീരെയുണ്ടായിരുന്നില്ല. അമ്മയോടു ഭക്തിയും ബഹുമാനവുമുണ്ടായിരുന്ന അയൽവീട്ടിലെ രണ്ടു സ്ത്രീകളായിരുന്നു അന്ന് അമ്മയെ കുളിപ്പിക്കുകയും മറ്റും ചെയ്തിരുന്നതു്. അവസാനം യുവാവായ കുഞ്ഞിന്റെ നിർബ്ബന്ധബുദ്ധിക്കു മുന്നിൽ അമ്മ വഴങ്ങി. അടുത്ത വീട്ടിലെ സ്ത്രീകൾ എത്തി. അവർ അമ്മയെ കുളിപ്പിക്കുവാൻ കൂട്ടിക്കൊണ്ടുപോയി. പൊതി അവരെ ഏല്പിച്ചുകൊണ്ടു് ഞാൻ പറഞ്ഞു, “കുളികഴിഞ്ഞു് ഈ വസ്ര്തങ്ങൾ അമ്മയെ ധരിപ്പിക്കണം.” തലേദിവസം വീട്ടിൽനിന്നു പുറപ്പെടുന്നതിനു മുൻപ് എന്റെ മനസ്സിൽ ഒരു ആശ ഉടലെടുത്തു. ജന്മദിനത്തിന് അമ്മയ്‌ക്കെന്തെങ്കിലും നല്കണം. എന്തു നല്കും? ഒരു നൂറായിരം സ്വപ്നങ്ങൾ, കിനാവുകൾ ഉള്ളിൽ പൊന്തിവന്നു. എന്തെങ്കിലും വാങ്ങി സമർപ്പിക്കാമെന്നു വച്ചാൽ കൈയിൽ ഒരു ചില്ലിക്കാശില്ല. മുത്തശ്ശി (അമ്മയുടെ അമ്മ) വല്ലപ്പോഴും പണം തരുന്ന പതിവുണ്ടായിരുന്നു. എന്നാൽ, അവർ അമ്മയെ പരിഹസിച്ചപ്പോൾ എനിക്കതു സഹിക്കാൻ കഴിഞ്ഞില്ല.

 

ഇനിയും ആ പണം സ്വീകരിക്കില്ലെന്നു തീരുമാനിച്ചുറച്ചു. അവിടെ പോകാതെയുമായി. എന്തുചെയ്യണമെന്ന് ആലോചിച്ചു. അവസാനം ഒരു മാർഗ്ഗം കണ്ടുപിടിച്ചു. കോളേജിൽ പഠിച്ചിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന പാന്റുകൾ കൈവശമുണ്ടായിരുന്നു. അമ്മയെ കാണുവാൻ പോകുന്നതു് വീട്ടുകാർക്കു് ഇഷ്ടമില്ലാതിരുന്നതുകൊണ്ടു് വള്ളിക്കാവിലേക്കു പോകാൻ അവർ ബസ്സുകൂലി തരാറില്ലായിരുന്നു. ബസ്സുകൂലിക്കു് ആവശ്യമായ പണം പഴയ പാന്റും ഷർട്ടും വിറ്റാണുണ്ടാക്കിയിരുന്നതു്. അതിൽ, ഒന്നുരണ്ടു പാന്റുകൂടി അവശേഷിച്ചിരുന്നു. അതു വില്ക്കുവാൻ തീരുമാനിച്ചു. അവ അൻപതു് രൂപയ്ക്കു വിറ്റു. പണം കിട്ടിയപ്പോൾ എന്തു വാങ്ങണമെന്നായി, അതാകാം അല്ലെങ്കിൽ ഇതാകാം എന്നിങ്ങനെ ഒരു നൂറുകൂട്ടം സാധനങ്ങൾ മനസ്സിലേക്കു കടന്നുവന്നു. വിശ്വം മുഴുവൻ തന്റെ അധീനതയിലുള്ള, ജനനമരണങ്ങളില്ലാത്ത അമ്മയ്ക്ക് എന്തെങ്കിലും ജന്മദിനസമ്മാനമായി വാങ്ങിക്കൊടുത്തുകളയാം എന്നു ധരിക്കുവാൻ തക്കമുള്ള അറിവും വിവേകവുമേ അന്നെനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ… അതൊരു ആത്മാർത്ഥമായ ആഗ്രഹമായിരുന്നു. ഒരു കുഞ്ഞിന്റെ ഭാവനയും സങ്കല്പവും അതിനുണ്ടായിരുന്നു.

 

എന്നാണെന്റെ വിശ്വാസം. അതുകൊണ്ടുതന്നെ, എന്നെ സംബന്ധിച്ചിടത്തോളം അതിന് അതിന്റേതായ ഒരു യഥാർത്ഥ്യമുണ്ടായിരുന്നു. വളരെനേരത്തെ ആലോചനയ്ക്കുശേഷം ഒരു നീലപ്പാവാട വാങ്ങി. കൃത്യം അൻപതു് രൂപ. എനിക്കു സന്തോഷമായി. അമ്മയ്ക്കു് നന്നായി ചേരുമെന്നു് തോന്നി. അതും ധരിച്ചുനില്ക്കുന്ന അമ്മയുടെ രൂപം മനസ്സിൽ കണ്ട് ആനന്ദിച്ചു് കടയിൽനിന്നു പുറത്തുവരുമ്പോൾ റാവുവിനെയും കണ്ടു. നീലപ്പാവാട വാങ്ങിയ വിവരം അറിയിച്ചപ്പോൾ റാവു പറഞ്ഞു, “എന്റെ കൈയിൽ ഒരു നീല ഷർട്ടുണ്ടു്. പുതിയതയാണു്. അമ്മ ധരിക്കുമോ എന്നറിയില്ല. ഏതായാലും അതുകൂടി കൊണ്ടുപോകൂ.” അതും വാങ്ങി ഞാൻ അന്നുതന്നെ വള്ളിക്കാവിലേക്കു പുറപ്പെട്ടു. റാവു, രാമകൃഷ്ണൻ, ശ്രീകുമാർ എന്നിവർ പിറ്റേദിവസം ഉച്ചയോടുകൂടി എത്താമെന്നു് പറഞ്ഞു. അമ്മ കുളികഴിഞ്ഞെത്തി. നീലപ്പാവാടയും നീല ഷർട്ടുമണിഞ്ഞ് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഓടിവന്ന് അമ്മ എന്നോടു ചോദിച്ചു, “ഈ ഷർട്ടു് ഫാഷനാണോ? ഈ പാവാടയും ആഡംബരമാണെനേ തോന്നൂ. എനിക്കു വയ്യിതു ധരിക്കാൻ.” ആ ശുദ്ധനൈർമല്യത്തിനു മുൻപിൽ ഞാൻ നിശ്ശബ്ദനായി നിന്നതേയുള്ളൂ. എന്തു പറയാൻ, എങ്ങനെ പറയാൻ? ആ പരിശുദ്ധിയുടെ മുന്നിൽ ഞാൻ കുനിഞ്ഞുനിന്നു കണ്ണീർ വാർത്തു. ഞാൻ വാങ്ങിക്കൊണ്ടുവന്ന പാവാട അമ്മ അണിഞ്ഞുകണ്ടതിലുള്ള ആനന്ദക്കണ്ണുനീർ കൂടിയായിരുന്നു അതു്. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

 

പക്ഷേ, എന്തെങ്കിലും പറഞ്ഞേ പറ്റൂ. അല്ലെങ്കിൽ ആ പാവാടയും ഷർട്ടും ഊരി ദൂരത്തെറിയും. വളരെ പാടുപെട്ടു് ഉള്ളിലെ വികാരമടക്കി ഞാൻ അമ്മയോടു കൊഞ്ചി പറഞ്ഞു, “അമ്മേ, അമ്മയിതു സ്വയം എടുത്തു ധരിച്ചതല്ലല്ലോ. മക്കൾ ധരിപ്പിച്ചതല്ലേ. ഇതു മക്കളുടെ ആഗ്രഹമാണു്, അമ്മയുടെതല്ല. ഇതിൽ ആഡംബരം തീരെയില്ല. കുറച്ചു കഴിഞ്ഞു വേണമെങ്കിൽ അമ്മ മാറ്റിക്കൊള്ളൂ…” കുനിഞ്ഞു വീണ്ടും പാവാടയിലും ഷർട്ടിലും നോക്കിയിട്ടു മുറ്റത്തു കൂടിനിന്നിരുന്ന കുട്ടികളുടെ സമീപത്തേക്കു് അമ്മയോടി. പിന്നീടു കൊച്ചു കുട്ടികളോടൊപ്പം ആർത്തുല്ലസിച്ചു്, അവരിലൊരാളായി കബഡികളിയും ചക്കകളിയും കല്ലുകളിയുമായി കുറച്ചു സമയം കഴിച്ചു. പെട്ടന്നു കളി നിർത്തി. “അമ്മേ… എന്റെ മക്കൾക്കു് എന്തുകൊടുക്കും.” എന്നുറക്കെ പറഞ്ഞുകൊണ്ടു് അമ്മ അടുക്കളയുടെ ഭാഗത്തേക്കോടി. പുതിയ ഷർട്ടും പാവാടയും അപ്പടി ചെളിയും മണ്ണുമായിരിക്കുന്നു. കല്ലും മണ്ണും ചെളിയും വാരിക്കളിച്ച ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ആ പുതുവസ്ത്രമത്രയും അമ്മ വൃത്തികേടാക്കിയിരിക്കുന്നു. പിന്നീട്, അടുക്കളയിൽ ധൃതിപിടിച്ചു മക്കളെ ഊട്ടാൻ സ്വയം ആഹാരം പാചകം ചെയ്യുന്ന സ്‌നേഹനിധിയായ വീട്ടമ്മയെയാണു കണ്ടതു്. അമ്മയെ സഹായിക്കാം എന്നുകരുതി ഞാനും അടുക്കളയിൽ കടന്നുകൂടി. പക്ഷേ അമ്മ സമ്മതിച്ചില്ല. “മക്കളൊന്നും ചെയ്യണ്ട. നിങ്ങൾക്കിതൊന്നും വശമില്ല. അമ്മയാണെങ്കിൽ ചെറുപ്പം മുതൽ ഇതൊക്കെ ശീലിച്ചതാണു്. വയ്ക്കലും വിളമ്പലും അമ്മയ്ക്കുള്ളതാണു്” എന്നുപറഞ്ഞു് അമ്മ എന്നെത്തടഞ്ഞു. എങ്കിലും ഞാൻ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.

 

അമ്മ പാചകം ചെയ്യുന്നതുകാണാൻ ബഹുരസം. എന്തു വേഗതയിലാണ് അമ്മ ഓരോന്നും ചെയ്യുന്നതു്. കറിക്കരിയലും, അരയ്ക്കലും, ഇടിക്കലും, പൊടിക്കലും, തീ കത്തിക്കലും, അടുപ്പിൽ ഊതലും, എല്ലാം ഒരേ സമയത്തു ചെയ്യുന്നതുപോലെ തോന്നി. നാലഞ്ചമ്മമാർ ഒന്നിച്ചു ജോലിചെയ്യുന്ന പ്രതീതി. വളരെവേഗം ഉച്ചഭക്ഷണം തയ്യാറായി. മക്കളുടെ സന്തോഷത്തിനുവേണ്ടി അമ്മ എത്രമാത്രം അവരുടെ തലത്തിലേക്കിറങ്ങി വരുന്നു. “മക്കളുടെ സന്തോഷമാണു് അമ്മയുടെ ആനന്ദവും ആരോഗ്യവും” എന്നമ്മ പറയാറുണ്ടല്ലോ. ഒരുമണിയായപ്പോൾ ഹരിപ്പാട്ടുനിന്നും രാമകൃഷ്ണൻ, ശ്രീകുമാർ എന്നിവർ എത്തി. റാവു വന്നിട്ടില്ല. ഒന്നരവരെ കാത്തു. കണ്ടില്ല. ഒന്നര കഴിഞ്ഞപ്പോൾ അമ്മ സ്വന്തം കൈകൾകൊണ്ടു മക്കൾക്കെല്ലാം ആഹാരം വിളമ്പി, ഉരുളയുരുട്ടി എല്ലാവരെയും വാത്സല്യപൂർവ്വം ഊട്ടി. മാതൃവാത്സല്യത്തിന്റെ ശീതളിമ ആവോളം നുകർന്നു്, കണ്ണും കരളും ഒരുപോലെ നിറഞ്ഞു കവിഞ്ഞൊഴുകിയപ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു, “പ്രപഞ്ചത്തിലെ അമ്മമാരുടെ മാതൃത്വം മുഴുവൻ ഒരിടത്തു് ഒന്നായി കൂട്ടിയാലും എന്റെ അമ്മയുടെ വാത്സല്യത്തിനും കാരുണ്യത്തിനും തുല്യമാവുകയില്ല.” വിളമ്പുന്നതിനടയിലും ഊട്ടുന്നതിനടയിലും അമ്മ വെളിയിലേക്കു നോക്കുന്നുണ്ടായിരുന്നു. റാവു വന്നിട്ടില്ല. അമ്മമാർ എപ്പോഴും അങ്ങനെയാണല്ലോ. സ്ഥലത്തില്ലാത്തയാളെ കൂടുതൽ സ്മരിക്കും; പ്രത്യേകം ഇത്തരം സന്ദർഭങ്ങളിൽ. അമ്മ വിളമ്പൽകഴിഞ്ഞു് വാതിലിൽവന്നുനിന്നു് വേലിയുടെ മുകളിലൂടെ എത്തിവലിഞ്ഞുനോക്കി. വഴിവക്കിൽ ഇറങ്ങിനിന്നുനോക്കി. വള്ളക്കടവിൽ ചെന്നുനിന്നുനോക്കി. എല്ലാവരും ഊണുകഴിഞ്ഞു കളരിയുടെ വരാന്തയിൽ ഇരിക്കുമ്പോഴും അമ്മ ഊണു കഴിക്കാതെ മോനെയും കാത്തുനില്ക്കുകയായിരുന്നു. ഏകദേശം മൂന്നു മണിയായപ്പോൾ റാവു എത്തി. ചേറുവിളമ്പി, സ്നേഹപൂർവ്വം വാത്സല്യങ്ങളോടെ അമ്മ റാവുവിനെയും ഊട്ടി. ഊണിനു മുൻപു് മക്കളെല്ലാവരും അമ്മയ്ക്കായി സങ്കല്പിച്ചു് ഓരോ ഉരുള ചോറുരുട്ടിവച്ചിരുന്നതു് അമ്മ സസന്തോഷം എടുത്തുകഴിച്ചു. ഞങ്ങൾ പത്തുപേരായിരുന്നു അന്നു് അമ്മയുടെ ജന്മദിനദിവസം ഉണ്ടായിരുന്നതു്.

 

ഊണിനുശേഷം അമ്മ കളരിയുടെ മുൻപിലുള്ള വരാന്തയിൽ വന്നിരുന്നു. മക്കൾ പത്തുപേരും അമ്മയുടെ ചുറ്റിനുമിരുന്നു സാനന്ദം കീർത്തനങ്ങൾ പാടി. അനുഭൂതിദായകങ്ങളായ നിമിഷങ്ങൾ… അനർഘനിമിഷങ്ങൾ… എല്ലാവരും ലോകം മറന്നു പാടി… ജന്മദിനത്തിനു് അമ്മയുടെ മുൻപിൽ പാടാനായി, തലേന്നു രാത്രി ഞാനൊരു കീർത്തനമെഴുതി. എഴുതിയതല്ല, എഴുതിപ്പോയി… “ഇന്നല്ലോ കാർത്തികനാളു് എന്നമ്മ പിറന്ന നാളു് സൗന്ദര്യം വിളങ്ങും നാളു് സന്തോഷം പൂകം നാളു് ഞങ്ങളെ ധന്യരാക്കി ഞങ്ങളെ ശാന്തരാക്കി ഞങ്ങളെ ഭക്തരാക്കി ഞങ്ങളെ മുക്തരാക്കി സ്‌നേഹം പകർന്നു നീ ആവോളം തന്നു. എല്ലാം മറന്നു ഞാനതു നുകർന്നു. നിൻ ദിവ്യസ്‌നേഹത്തിനു പകരം നല്കാൻ ഇല്ലമ്മേ എൻ കൈയിൽ ഒന്നുമില്ല ജന്മദിനസമ്മാനം എന്തു നല്കും അമ്മേ… എന്റെ ഈ ജന്മം ഞാൻ നിന്നിലർപ്പിക്കാം എന്റെ എല്ലാം നീ; ഞാൻ നിന്റെ ദാസൻ ശതകോടി വന്ദനം കരുണാമയി…” കൂട്ടത്തിൽ പാടാൻ അമ്മയും ഉണ്ടായിരുന്നു. അമ്മയുടെ ജന്മദിനത്തെ വാഴ്ത്തിയെഴുതി ആ ഗാനം യാതൊരു കൂസലുമില്ലാതെ അമ്മയും ഏറ്റുപാടി. “ഇന്നല്ലോ കാർത്തികനാളു്; എന്നമ്മ പിറന്നനാളു്…” അദ്ഭുതത്തോടെ ആ നിഷ്‌കളങ്കമൂർത്തിയെ നോക്കിയിരുന്നപ്പോൾ “ജന്മദിനമോ… അമ്മയേ്ക്കാ… നല്ല തമാശതന്നെ? കുഞ്ഞേ, നീ എന്താണീപ്പറയുന്നതു്! അമ്മയ്ക്കു ജന്മദിനമില്ല മോനേ… ഈ ഭ്രാന്തിക്കു ജന്മദിനമോ…” എന്നു രാവിലെ അമ്മ ചോദിച്ചതിന്റെ പൊരുൾ അല്പം മനസ്സിലായപോലെ തോന്നി. താൻ ജനിച്ചിട്ടില്ലല്ലോ? ജന്മദിനവുമില്ലല്ലോ… ആത്മസ്വരൂപിയായ തനിക്കു ജനനമരണങ്ങളെവിടെ? അപ്പോൾപിന്നെ ഈ സ്തുതി പാടിയാലെന്താണു കുഴപ്പം? അതായിരുന്നു അമ്മയുടെ ഭാവം. ആ നിഷ്‌കളങ്കതയുടെ പിറകിലെ രഹസ്യം അതായിരുന്നു. വീണ്ടും ഞാൻ നിശ്ശബ്ദനായി. (ഉത്തരം കിട്ടാതെ വരുമ്പോൾ നിശ്ശബ്ദതയിലേക്കാണല്ലോ നാം വഴുതിവീഴുക.) അപ്പോഴും ആ മുഖത്തേക്കു നോക്കിയിരുന്നു് അശ്രുപൂജ നടത്താനല്ലാതെ ഇവനു മറ്റൊന്നും കഴിഞ്ഞില്ല… ഇതേക്കുറിച്ചു മക്കളിലൊരാൾ അമ്മയോടു ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, “ഞാൻ എന്റെ അമ്മയെ, ദേവിയെ ഓർത്താണു പാടുന്നതു്. ജനനമരണങ്ങളുള്ള അമ്മയെയല്ല. അതില്ലാത്ത ആദിശക്തിയെ.” ഹൃദയവികാരം ബാഷ്പകണങ്ങളായി നിറഞ്ഞൊഴുകിയപ്പോൾ എന്റെ മനസ്സു് മന്ത്രിച്ചു, “അമ്മേ യഥാർത്ഥത്തിൽ എന്റെ കാണിക്കയും പാവാടയും ഷർട്ടുമല്ല… അവ വെറും പ്രതീകങ്ങൾ മാത്രം.

 

ആ ഗാനത്തിന്റെ വരികളിൽ തുടിക്കുന്ന അർത്ഥമാണു്; അതിന്റെ അന്തഃസത്തയാണു് ഇവന്റെ എളിയ കാണിക്ക. അത് എന്റെ ഈ ജന്മംതന്നെയാണു്. അവിടത്തേക്കു് മറ്റെന്തു ജന്മദിനസമ്മാനമാണ്. ഇവന് അവിടുത്തോടുള്ള ഇവന്റെ കടം, എന്നെന്നും കടമായിത്തന്നെ അവശേഷിക്കും… ഒരിക്കലും വീട്ടാനാകാത്ത കടം…” 1979 ഒക്ടോബർ 9-ാം തീയതിയായിരുന്നു ഈ സംഭവം പത്തു പേർ ചേർത്തു നടത്തിയ അമ്മയുടെ തിരുനാളാഘോഷം! വലിയ ചിറകുകൾ വിടർത്തി അതിവേഗം പറന്നുപോകുന്ന പക്ഷിയെപ്പോലെ പന്ത്രണ്ടുവർഷങ്ങൾ കടന്നുപോയി. ഓർക്കാനും ഓമനിക്കാനും ആയിരമായിരം സംഭവങ്ങൾ. പഴമയെ തച്ചുടച്ച് നിത്യനൂതനസൃഷ്ടി നടത്തുന്ന, അന്തരാത്മാവിൽ ആനന്ദസൃഷ്ടി നടത്തുന്ന അമ്മ! സ്ഥലകാലങ്ങൾക്കതീതനാണു ബ്രഹ്മജ്ഞാനി. ആ ദിവ്യസാന്നിദ്ധ്യത്തിൽ സ്ഥലകാലവിസ്മൃതി അനുഭവപ്പെടുന്ന എത്രയെത്ര നിമിഷങ്ങൾ! എന്നാൽ, ഇപ്പോഴും എന്റെ സ്മൃതിപഥത്തിൽ ഇന്നലെയെന്നപോൽ തെളിഞ്ഞുനില്ക്കുകയാണ് അവിസ്മരണീയമായ ആ ദിനം. ഓരോ തിരുനാളാഘോഷവേളയിലും ഏകാന്തതയിലിരുന്നു്, ആരും കാണാതെ, ആരോരുമറിയാതെ, ഹൃദയച്ചെപ്പിന്റെ അടപ്പു തുറന്ന ഞാനോമനിക്കുന്ന ഒരു മധുരസ്മരണ! പതിനായിരങ്ങൾ അമ്മയുടെ തൃപ്പാദപൂജ കണ്ടു്, ഭക്തിലഹരിയിൽ മതിമറന്നു്, അമ്മയുടെ ആനന്ദക്കണ്ണീർ പൊഴിക്കുമ്പോൾ; അനുവാദമില്ലാതെ എന്റെ മനസ്സിലേക്കോടി കയറുന്ന പുതുമമാറാത്ത ഒരു പഴയ സംഭവം! ആ പഴയ പുതുമ ഇന്നും എന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ടു്.

 

അമ്മേ… ആ പാദത്തിൽ കാണിക്കയർപ്പിച്ച ഈ ജീവിതം എത്ര ധന്യം! ഈ ജന്മവും ഇനിയുള്ള ജന്മങ്ങളും… ഈ ജീവിതം അവിടുത്തേതു മാത്രമയിരിക്കണമേ…!

 

സ്വാമി അമൃതസ്വരൂപാനന്ദ പുരി

More to explorer

കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി

മുന്നമൊരായിരം ജന്മമെടുത്തു നീ മന്നിതിൽ ധർമ്മരഥം തെളിച്ചു…; നിൻശ്വേതവസ്ത്രാഞ്ചലത്തിൽ പിടിച്ചു ഞാൻ അന്നൊക്കെ നിന്നെ അനുഗമിച്ചു. കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിക്കരഞ്ഞും പിണങ്ങിപ്പിരിഞ്ഞും കരം പിടിച്ചും ഇന്നും നിൻ കാല്ക്കൽ വലംവച്ചിഴയും ഇളംകുരുന്നാണിവനമ്മേ.

വിശ്വപ്രേമത്തിന്റെ അമൃതശാന്തി

ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിന്റെ നിഴലിൽ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങൾകൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആൽബർട്ടു് ഐൻസ്റ്റീനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കൾ

അമ്മയുടെ സന്ദേശം

മക്കളേ, വാക്കു് അഗ്നിപോലെയാണു്. ചൂടും പ്രകാശവുമാണു് അഗ്നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അതു കേൾക്കുന്നവർക്കു് അറിവും സന്തോഷവും ലഭിക്കണം, അതു് അവരെ ശ്രേയസ്സിലേക്കു നയിക്കണം. എന്നാൽ, ഈ രീതിയിൽ