ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിന്റെ നിഴലിൽ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങൾകൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആൽബർട്ടു് ഐൻസ്റ്റീനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കൾ ശ്രമിച്ചതു്. “The contemporary situation is pregnant with great possibilities, enormous dangers, and immeasurable rewards.” It may be the end by destroying itself, or its spiritual energy may resurrect, ushering in a new era in which this world will become a true home for humanity.” – (Belief restoration)
ഭാരതീയദർശനത്തിന്റെ ലോകാചാര്യനായ ഡോ. എസ്. രാധാകൃഷ്ണന്റെ ഈ വാക്കുകൾക്കുമുണ്ടു പ്രവചനസ്വഭാവം. യാന്ത്രികസംസ്‌കാരത്തിന്റെ വ്യാപ്തിയോടുകൂടിയാണു ലോകജീവിതം ഏകത്വത്തിൽനിന്നു നാനാത്വത്തിലേക്കുള്ള പ്രയാണമാരംഭിച്ചതു്. അതോടെ ‘ഇദം ന മമ’ എന്ന ത്യാഗമന്ത്രം ‘ഇദം മമ’ എന്ന ഭോഗതന്ത്രമായി മാറിക്കഴിഞ്ഞു. ലോകത്തിനു നിരുപാധികസ്നേഹത്തിന്റെ തിരിച്ചറിവുണ്ടാക്കുക എന്നതു് ഒരു വെല്ലുവിളിയാണെന്നു മനസ്സിലാക്കുകയും തളരാതെ മാനവികതയുടെ ഏകീകരണത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുന്ന ഒരു മഹാത്മാവു് ഇവിടെ അനിവാര്യമാണു്. ഭാരതത്തിന്റെ ചിരന്തനമായ ഭൂതകാലപാരമ്പര്യബോധത്തിൽനിന്നു തപസ്സുചെയ്തു ഉദാരതയുടെ പൂർണ്ണതയിലെത്തിയ ഒരു മഹാത്മാവുണ്ടായി ഈ ലോകത്തു് ആധുനികകാലത്തു്, ഈ മലയാളനാട്ടിലെ ഒരു കുഗ്രാമത്തിൽനിന്നു്! ആ സംരക്ഷകചൈതന്യമാണു മാതാ അമൃതാനന്ദമയീദേവി.
വിനാശത്തിന്റെ വക്കത്തുകിടക്കുന്ന പുതിയ ലോകത്തെ വിവേകത്തിന്റെ മഹാസ്വപ്നങ്ങളിലേക്കു കൺമിഴിപ്പിക്കാനാണു് അമ്മ നിരന്തരമായി ലോകപര്യടനങ്ങൾ നടത്തുന്നതു്. 1987-ൽ ആരംഭിച്ച ഈ പര്യടനങ്ങൾ എത്രത്തോളം സഫലമാണെന്നതിന്റെ പ്രത്യക്ഷനിദർശനമാണു് 2003-ൽ നാം കണ്ടതു്. അന്നു് ‘അമൃതവർഷം50’ ആഘോഷിച്ചതു 191 രാജ്യങ്ങളുടെ പ്രാതിനിധ്യത്തോടെയായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമുള്ള ആത്മീയമതനായകന്മാർ കൊച്ചിയിലൊത്തുകൂടി. ലോകസമാധാനത്തിന്റെയും സമന്വയചിന്തയുടെയും യജ്ഞമാണു് അവിടെ നടന്നതു്.
വിശ്വശാന്തിയുടെ ലയമാധുര്യത്തിനായി മതങ്ങൾ സമാശ്ലേഷിച്ചു. ഈ ദൗത്യത്തിന്റെ തുടർച്ചയാണു് ഇന്നും അമ്മ വിശ്വഗതമായി നടത്തിക്കൊണ്ടിരിക്കുന്ന പര്യടനങ്ങൾ.
അമ്മയുടെ പര്യടനങ്ങളെ മൂന്നു വിഭാഗത്തിൽ പെടുത്താവുന്നതാണു്. ഒന്നു കേരളീയം. രണ്ടു ഭാരതീയം.
മൂന്നു് അന്തർദ്ദേശീയം. മലയാളത്തിന്റെ മണ്ണിൽ വേരൂന്നി ഭാരതഭൂഖണ്ഡമാകെ തടിയും ശാഖിയും നിവർത്തി ലോകസാകല്യത്തിലേക്കു പടർന്നു വിതതവിശാലമാകുന്ന ഒരു മഹാവൃക്ഷത്തിന്റെ പ്രതീതിയാണു് അമ്മയുടെ ലോകപര്യടനങ്ങൾ സൃഷ്ടിക്കുന്നതു്.
വിശ്വമാനവരാശിക്കൊട്ടാകെ പൂവും കായും സമൃദ്ധമായി കൊടുക്കുന്ന ഒരു മഹാവൃക്ഷം! അമ്മയുടെ ലോകപര്യടനത്തിനു മതമോ ജാതിയോ വർഗ്ഗമോ ഭാഷയോ ഒന്നും തടസ്സമാകുന്നില്ല. അതിന്നു് ഇപ്പറഞ്ഞവയെല്ലാം ഒന്നിലൊതുങ്ങുകയാണു് വിശ്വപ്രേമത്തിൽ! ജപ്പാനിലും ജർമ്മനിയിലും അമേരിക്കയിലും മറ്റേതന്യരാജ്യങ്ങളിലും അമ്മയ്ക്കു് ഒന്നേ വിതയ്ക്കാനുള്ളൂ. ഭാരതത്തിന്റെ അക്ഷയമായ ഈ അമൃതശാന്തി.
അമ്മ എന്തിനാണു പര്യടനങ്ങൾക്കിറങ്ങുന്നതു്?
ഒരിടത്തു സ്വസ്ഥമായിരുന്നാൽപ്പോരേ? ഇങ്ങനെ ചോദിക്കുന്നവരുണ്ടാകാം. എന്നാൽ ആശയപ്രചരണത്തിനു വ്യക്തിഗതവും സമൂഹഗതവുമായ രണ്ടു വഴികളുണ്ടു്.
മക്കൾ അമ്മയെത്തേടി എത്തുന്നതും അമ്മ മക്കളെ തേടി എത്തുന്നതും. പാരസ്പര്യത്തിന്റെ രണ്ടു മുഖങ്ങളാണു്.
സ്ഥലകാലരാശികളെ അതിലംഘിക്കുന്ന തേജസ്സിന്റെ പരിക്രമണമാണതു്. സനാതനധർമ്മത്തിലധിഷ്ഠിതമായ മാനവികതയെ ഏകലക്ഷ്യമാക്കുമ്പോൾ സമാധാനപ്രചരണത്തിനുള്ള ഏകമാർഗ്ഗവും ഇത്തരം ലോകപര്യടനങ്ങൾതന്നെയാകുന്നു. ഇതെഴുതുമ്പോൾ അമ്മയുടെ വിശ്വഗതങ്ങളായ പല പ്രഭാഷണങ്ങളുടെയും അലയൊലി എന്റെ മനസ്സിലുണ്ടു്. 1993 സെപ്തംബർ മൂന്നാം തീയതി ചിക്കാഗോവിൽ നടന്ന വിശ്വമതമഹാസമ്മേളനത്തിൽവച്ചു് അമ്മ പറഞ്ഞു, “മനുഷ്യനെ ഈശ്വരനാക്കുക ഇതാണു മതത്തിന്റെ, സനാതനധർമ്മത്തിന്റെ ലക്ഷ്യം. ഹൃദയവും ഹൃദയത്തിന്റെ ഭാവങ്ങളും നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു.
നാം മറന്നുപോയ മതത്തിന്റെ ഭാഷ കാരുണ്യത്തിന്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഭാഷ നമ്മൾ മറന്നുപോയിരിക്കുന്നു.” 1893-ൽ ഒരു ശതവർഷം മുൻപു്, ഇതേ ചിക്കാഗോവിൽ വച്ചാണു സ്വാമി വിവേകാനന്ദനും വിശ്വമതസമന്വയത്തിനുവേണ്ടി ലോകജനതയെ ആഹ്വാനം ചെയ്തതു്. ആ പാരമ്പര്യത്തിന്റെ തുടർച്ചയെന്നോണം അമ്മ തുടർന്നു, “മക്കളേ, നിങ്ങൾ നിങ്ങളിലെ അനന്തശക്തിയെക്കുറിച്ചു ബോധവാന്മാരാകൂ. നിങ്ങൾ ഭയംകൊണ്ടു വിറയ്ക്കേണ്ട ആട്ടിൻക്കുട്ടികളല്ല. തേജസ്സും ഗാംഭീര്യവുമുള്ള സിംഹക്കുട്ടികളാണു്. വിശ്വം നിയന്ത്രിക്കുന്ന മഹാശക്തിയാണു്.”
പിന്നീടു് 1995-ൽ ഐക്യരാഷ്ട്രസഭയുടെ 50-ാം വാർഷികത്തോടനുബന്ധിച്ചുനടന്ന അന്തർമ്മതസമ്മേളനത്തിലും രണ്ടായിരത്തിൽ ലോകസമാധാന ഉച്ചകോടിയിലും 2005-ൽ ന്യൂയോർക്കിൽവച്ചു നടന്ന സമ്മേളനത്തിലും മറ്റും അമ്മയുടെ അരുൾമൊഴികളിൽ മുഴങ്ങിയതു മാനവമഹാമൈത്രിയുടെ സന്ദേശമായിരുന്നു. “ഒരു തുള്ളി വെള്ളം നദിയാകില്ല. അതു് ഒഴുകുകയുമില്ല. പലതുള്ളികൾ ഒരുമിച്ചു ചേരുമ്പോഴാണു് അതു നദിയായി ഒഴുകുന്നതു്.
അതുപോലെ, മനുഷ്യമനസ്സുകളുടെ ഉള്ളിലുണരുന്ന സ്നേഹത്തിലൂടെ മാത്രമേ ഹൃദയങ്ങൾ ഒന്നിച്ചൊഴുകൂ.
അതിലൂടെ മാത്രമേ ഐക്യവും ശാന്തിയുമുണ്ടാകൂ.”
ലോകസാമൂഹ്യദുർനിയമങ്ങളെ സ്നേഹസുന്ദരപാതയിലൂടെ നികത്താനുള്ള അമ്മയുടെ ദൗത്യത്തിനു വേഗം കൂട്ടുന്നതാവട്ടെ മക്കളുടെയും സമർപ്പണബോധം.
പൊഫ. മേലേത്തു് ചന്ദ്രശേഖരൻ