മുന്നമൊരായിരം ജന്മമെടുത്തു നീ മന്നിതിൽ ധർമ്മരഥം തെളിച്ചു…; നിൻശ്വേതവസ്ത്രാഞ്ചലത്തിൽ പിടിച്ചു ഞാൻ അന്നൊക്കെ നിന്നെ അനുഗമിച്ചു. കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിക്കരഞ്ഞും പിണങ്ങിപ്പിരിഞ്ഞും കരം പിടിച്ചും ഇന്നും നിൻ കാല്ക്കൽ വലംവച്ചിഴയും ഇളംകുരുന്നാണിവനമ്മേ. സ്നേഹമൃദൂഷ്മള സാരസല്ലാപങ്ങൾ ചേതസ്സിലാനന്ദനിർവൃതിധാരകൾ ജ്ഞാനാർക്കഭാസ്വൽപ്രഭാതം തെളിപ്പു നിൻ തൂമന്ദഹാസാനനം മാനസത്തിൽ. മാതൃവാത്സല്യത്തിൻ മാർദ്ദവലാളനം ഈറൻനിലാവുപോലുള്ളം തഴുകവേ ആയിരം നെയ്ത്തിരി നാളങ്ങളാൽ നിന്നെ ആരാധനം ചെയ്‌വൂ സാദരം ഞാൻ സദാ. തേനൂറുമുമ്മയും സ്നേഹവാത്സല്യവും ഓമൽക്കിടാങ്ങൾക്കുണർവ്വു വർഷിക്കെ—നിൻ കാരുണ്യപീയൂഷലോലനേത്രങ്ങളിൽ ലോകം കുളിർത്തുനില്ക്കുന്നു നിരന്തരം.
കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി
