“ജീവിതത്തിൽ ആനന്ദം നുകരാൻ ഇന്നു നമുക്കു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതു നമ്മെക്കുറിച്ചുതന്നെയുള്ള ചിന്ത കളാണു്. തന്നെ മറന്നു് അന്യരെ സ്നേഹിക്കാൻ ഇന്നു നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ അഹങ്കാരം മാറാതെ ജീവിതാനന്ദം അനുഭവിക്കാൻ കഴിയുകയില്ല.” -അമ്മ “അമാനിത്വമദംഭിത്വമഹിംസാക്ഷാന്തിരാർജ്ജ വം ആചാര്യോപാസനം…” (ഗീത 13.8) ഹാസ്യസാഹിത്യസാമ്രാട്ടു സഞ്ജയൻ ഒരു കല്ച്ചട്ടിക്കച്ചവടക്കാരന്റെ കഥ പറയുന്നുണ്ടു്. ഒരിക്കൽ വല്ലത്തിൽ നിറയെ കല്ച്ചട്ടിയുമായി പോകെ അയാൾ ഒരു കലുങ്കിൽ കാലിടറി വീണു. എല്ലാ കല്ച്ചട്ടികളും ഉടഞ്ഞു. ഭാഗ്യത്തിനു് അയാൾക്കു കാര്യമായ പരിക്കൊന്നും പറ്റിയില്ല. സ്വാഭാവികമായും, ആ വീഴ്ച കണ്ടുനിന്നവരൊക്കെ ചിരിച്ചു. ‘വീണാൽ ചിരിക്കാത്തവൻ ബന്ധുവല്ല’ എന്നാണല്ലോ പ്രമാണം.
പക്ഷേ, ആ ചിരി അയാൾക്കു് ഒട്ടും പിടിച്ചില്ല. മൂക്കത്തു ശുണ്ഠിയുള്ള അയാൾ എല്ലാവരെയും ശകാരിക്കുകയും കൈയിൽ കിട്ടിയവരെ തല്ലാനും കുത്താനും പുറപ്പെടുകയും ചെയ്തു. ആളുകൾ നാലുപാടും ഓടി രക്ഷപ്പെട്ടു. എന്നിട്ടോ, പിന്നെ അയാളെ കാണുമ്പോൾ, കൈയകലത്തിൽ നിന്നുകൊണ്ടു്, ‘കച്ചട്ടി ഢ്ഢിം’ എന്നു പറയുക പതിവായി. അതു കേൾക്കേണ്ട താമസം, അയാൾക്കു കലി കയറും. അടിക്കാൻ ഓടും. ഈ ഇടയിളക്കം നാട്ടുകാർക്കു ചിരിക്കാൻ വകയായി. കാലം പോകെ, ആളുകൾ വെറുതെ ‘ഢ്ഢിം’ എന്നു പറഞ്ഞാൽ മതി എന്നായി. അങ്ങനെയിരിക്കെ അയാൾ പോലീസിൽ ചേർന്നു. പ്രമോഷൻ കിട്ടി ഏയ്ഡായി. ഒരു സഹപ്രവർത്തകന്റെ കൂടെ ഒരിക്കൽ ബീറ്റു പോകെ മൂപ്പർ നാലാൾ ഒത്തുകൂടിയ എവിടെയോ വച്ചു സഹപ്രവർത്തകനു് ഒരു ഓർഡർ നല്കി. റാങ്കിൽ താഴെ ആയതിനാൽ അയാൾ അനുസരണാഭാവത്തോടെ ഒരു സല്യൂട്ടടിച്ചു.
കൈപ്പത്തി തുടയിൽ ആഞ്ഞുവീണപ്പോൾ ‘ഢ്ഢിം’ എന്നൊരു ശബ്ദമുണ്ടായി. പോരെ പൂരം! ഇരുവരും തമ്മിൽ പൊരിഞ്ഞ തല്ലായി. മേലുദ്ദ്യോഗസ്ഥരുടെ വക അന്വേഷണം കഴിഞ്ഞപ്പോൾ ഏമാന്റെ ജോലിപോയി. കല്ച്ചട്ടിക്കച്ചവടത്തിലേക്കു മടങ്ങിയ അയാൾ അതിനുശേഷം ആരെത്ര ഉറക്കെ ‘ഢ്ഢിം’ പറഞ്ഞാലെന്നല്ല പിന്നിലൊരു ഏറുപടക്കം പൊട്ടിച്ചാൽപോലും വഴക്കിനു നില്ക്കാതെയായി. മനുഷ്യൻ സമൂഹജീവിയായതുകൊണ്ടു പരസ്പരം തമാശയാക്കുകയും വിമർശിക്കയും തിരുത്താൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നു. ഇതൊന്നും രസിക്കാനെന്നല്ല പൊറുക്കാൻപോലും കഴിയാതായാൽ സമൂഹമെന്ന കൂട്ടായ്മ നിരർത്ഥകമല്ലേ? നമ്മുടെ ഇടയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതു് ഇത്തരം ശിഥിലീകരണമാണു്. ‘എനിക്കു് ആരെയും വിമർശിക്കാം, എന്നെ ആരും വിമർശിച്ചുകൂടാ’ എന്നാണു പൊതുവെ നില. വിമർശിക്കുന്ന ആളുടെ ഉദ്ദേശ്യശുദ്ധി നോക്കാതെയാണു പ്രതികരണം. എനിക്കായി ഞാൻതന്നെ ഒരു പ്രതിച്ഛായ ഉണ്ടാക്കി എന്റെ സങ്കല്പത്തിൽ വച്ചിരിക്കുന്നു.
അതിനു നിരക്കുന്നതാവണം എല്ലാവരുടെയും പ്രതികരണം എന്നു ഞാൻ ശഠിക്കുന്നു. നീർപോളപോലെയാണു് ഈ പ്രതിച്ഛായാസങ്കല്പം. തുമ്മിയാലെന്നല്ല കൊതുകു കടിച്ചാൽ മതി അതുപൊട്ടാൻ. പൊട്ടിയാൽ ആത്മഹത്യയിലേ നില്ക്കൂ. അല്ലെങ്കിൽ ചോരപ്പുഴയിൽ! മനുഷ്യബന്ധങ്ങൾ സുദൃഢമാകണം എന്നാണു പണ്ടേയുള്ള വേകം. അതിനാൽ പഴമക്കാർ പറഞ്ഞു, ‘തുമ്മുമ്പോൾ പോകുന്ന മൂക്കാണെങ്കിൽ അതുണ്ടായിട്ടു കാര്യമില്ല’ എന്നു്. സ്നേഹമുണ്ടെങ്കിൽ അതിന്റെ കൂടെ, അന്യോന്യം പിച്ചാനും മാന്താനും കോക്രി കാണിക്കാനും ഒക്കെ സ്വാതന്ത്ര്യവും ഉണ്ടാകണം. അല്ല, രണ്ടിലൊരാളുടെ നെറ്റിയൊന്നു ചുളിഞ്ഞാൽ തകരുന്നതാണു് ഒരു സ്നേഹഹബന്ധമെങ്കിൽ അതൊരു ബന്ധമേയല്ല. ഈ അളവുകോൽ വച്ചു് അളന്നാൽ നമുക്കിടയിൽ ഇന്നു സ്നേഹബന്ധങ്ങളേ ഇല്ല! മകനു് അച്ഛനെയോ അച്ഛനു മകനെയോ വിമർശിക്കാൻ പാടില്ല എന്നായില്ലേ.
ഭാര്യയ്ക്കു ഭർത്താവിനെയും മറിച്ചും വിമർശിച്ചുകൂടാ. നേതാക്കളെയോ ഭരണാധികാരികളെയോ ആർക്കും വിമർശിക്കാവുന്നതല്ല. നിയമങ്ങളും നീതിന്യായക്കോടതികളും വിമർശനത്തിനതീതമാണു്. മതരാഷ്ട്രീയവിശ്വാസങ്ങളുടെ കാര്യം പറയുകയും വേണ്ട. പക്ഷേ, ‘ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ!’ എന്ന പുറപ്പാടു് ആരിൽനിന്നും ഇല്ലാതിരിക്കുന്നുമില്ല. ഫലം സംഘർഷം. സംഘർഷത്തിൽ ഇരുവശത്തും പലരും കക്ഷി ചേരുന്നതോടെ അശാന്തി പെരുകുന്നു. അത്രയുമെത്തിയാൽ അശാന്തിയിൽ മാത്രം വളരാനാവുന്ന വിഷകൃമികൾക്കു മതിയായ വാസസ്ഥാനമായി. തുടർന്നു്, ഈ തീ അണയാതെ അവർ കാത്തോളും. നിരവധി ഘോരസംഘർഷങ്ങൾ മനുഷ്യവംശം അനുഭവിച്ചു കഴിഞ്ഞു. സ്വന്തം വർഗ്ഗത്തെ കൂട്ടക്കൊല ചെയ്യുന്ന ഏകജീവി ഭൂമുഖത്തു മനുഷ്യനാണു്. എല്ലാ കൂട്ടക്കൊലകളും അസഹിഷ്ണുതയുടെ ഫലമായിരുന്നു.
എന്നിട്ടിപ്പോഴും നാം പഠിച്ചില്ല. അനുഭവത്തിൽനിന്നു് അറിവു നേടുന്ന ജീവിയാണു മനുഷ്യൻ എന്നാണു വച്ചിരിക്കുന്നതു്. പക്ഷേ, ഈ കാര്യത്തിൽ അതു നടന്നില്ല. പോകെപ്പോകെ കാര്യങ്ങൾ കൂടുതൽ വഷളായും വരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിട്ടുവീഴ്ചയില്ലായ്മയാണു പൊറുതിയില്ലായ്മയ്ക്കു കാരണം. ഏതു കടുംപിടുത്തവും, അതു പൊതുനന്മയ്ക്കല്ല, തന്റെ സ്വകല്പിതമായ പ്രതിച്ഛായ കൂടുതൽ വീർക്കാനാണു് ഉതകുന്നതെങ്കിൽ, അതു തനിക്കും മറ്റുള്ളവർക്കും നരകം തീർക്കുന്നു. നേരെമറിച്ചു്, തന്റെ ഊതി വീർപ്പിച്ച പ്രതിച്ഛായയെപ്പറ്റി ഓർത്തു് ഒന്നു ചിരിക്കാൻ കഴിഞ്ഞെങ്കിലോ? ആ ചിരി അമൃതായി ഭവിക്കും. എങ്ങനെയെന്നു മോഡേൺ സൈക്കോളജിയും കാണിച്ചു തരുന്നുണ്ടു്. അവബോധത്തിൽനിന്നു് അപബോധം പൊട്ടിപ്പൊളിഞ്ഞു് അകന്നുപോകുന്നതോടെ ശുദ്ധബോധം തെളിയുന്നു. നിഷ്കളങ്കമായ കുസൃതിയാണു് അതിന്റെ ഭാവം. പ്രസാദമാണു മുഖം. ഇതോടെ ഒരാൾ മിക്ക സങ്കടങ്ങൾക്കും അതീതനാകുന്നു. വിമർശിച്ചാൽ ദേഷ്യമോ പ്രശംസിച്ചാൽ സന്തോഷമോ ജനിക്കില്ല. അടിസ്ഥാനവിശ്വാസങ്ങൾ, അവയെ ആർ, എങ്ങനെ പരാമർശിച്ചാലും, അവയ്ക്കു സ്വന്തം അനുഭവത്തിൽ പ്രസക്തി നഷ്ടപ്പെടുവോളം, പോറലേല്ക്കാതെ നില്ക്കും. കാരണം, സത്യത്തെ പരിഹസിക്കുന്നവരാണു പരിഹാസ്യരാകുന്നതു് എന്നു് അയാൾ തിരിച്ചറിയും. ഭാഷയാണു് ഈ സന്തോഷത്തിന്റെ പിറവിക്കുള്ള ഒരു തടസ്സം.
പട്ടിക്കും പൂച്ചയ്ക്കും പക്ഷിക്കും തിമിംഗലത്തിനുമൊക്കെ ഭാഷകളുണ്ടു്. ഈ ഭാഷകളിൽ ഓരോന്നും ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഓരോ വർഗ്ഗത്തിലെയും എല്ലാ അംഗങ്ങൾക്കും മനസ്സിലാകും. അറ്റ്ലാന്റിക്കിലെ തിമിംഗലത്തിനും അലാസ്കയിലെ തിമിംഗലത്തിനും ശാന്തസമുദ്രത്തിലെ തിമിംഗലത്തിനും വെവ്വേറെ ഭാഷകളില്ല. മനുഷ്യനു മാത്രമാണു മറ്റൊരു നാട്ടിലോ പ്രദേശത്തോ ഉള്ള സ്വജാതിയുടെ ഭാഷ മനസ്സിലാകാത്തതു്. എന്നാലോ, നിഷ്കളങ്കമായ മനസ്സും സ്നേഹവുമുള്ളവർ കണ്ടുമുട്ടിയാൽ ഭാഷാപ്രശ്നമില്ല താനും! പല നാട്ടുകാരും ഭാഷക്കാരുമായ ഒരു കൂട്ടം ചെറിയ കുട്ടികളെ ഒരുമിച്ചു കളിക്കാൻ വിട്ടുനോക്കുക. അവർക്കു് അന്യോന്യം മനസ്സിലാവാൻ ഒരു ഭാഷയും വേണ്ട, അഥവാ ഒരു ഭാഷയും വിലങ്ങല്ല. പല ഭാഷകളിലും ദൈവത്തിനുള്ള പേരുകളുടെ അർത്ഥം ഒന്നാണെന്നറിയാനെങ്കിലും മുതിർന്നവർക്കു കഴിഞ്ഞെങ്കിൽ! ഈയിടെ തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ ഒരു പെൺകുട്ടി ട്രാക്കിൽ വീണു കാലു മുറിഞ്ഞ വാർത്ത പത്രത്തിൽ കണ്ടില്ലേ? ഒരു മണിക്കൂറോളം ആ പാവം അവിടെ കിടന്നു് അലമുറയിട്ടു. സഹായമാവശ്യപ്പെട്ടു നിലവിളിച്ചതു മലയാളഭാഷയിൽത്തന്നെയാണു്. അതു കേൾക്കാൻ ഇടയായവരെല്ലാരും മലയാളഭാഷ സംസാരിക്കുന്നവരും ആയിരുന്നു. എന്നിട്ടും ആ കരച്ചിലിന്റെ സാരം ആർക്കും ‘മനസ്സിലായില്ല,’ ‘ആരും തുണച്ചില്ല!’ ‘സുഖം’ എന്ന വാക്കിനു് ഇന്നുള്ള അർത്ഥത്തിനും ഒരു ചെറിയ മാറ്റം വേണ്ടേ? എന്റെ സുഖത്തിനായി എല്ലാവരും പണിയെടുക്കണം, ഞാൻ ആരുടെയും ഒരു സുഖത്തിനും വേണ്ടി ഒന്നും ചെയ്യില്ല എന്നായാൽ പോരാ. ഈ അവനവനിസം പൂർണ്ണമായ ഒറ്റപ്പെടലിൽ കലാശിക്കും.
കൂട്ടുകുടുംബങ്ങൾ തകർന്നതു് ഇതിനാലല്ലേ? വന്നുവന്നു് അണുകുടുംബങ്ങളും തകരാൻ തുടങ്ങിയില്ലേ? നാലു കാശു മുടക്കിയാൽ വാങ്ങാൻ കിട്ടുന്ന ഇത്തിരി സുഖത്തിനു ഞാനെന്തിനു മറ്റൊരാളെ അഹോരാത്രം സഹിക്കണം? കുട്ടികളെ ജനിപ്പിച്ചു നൂറുകൂട്ടം പ്രയാസങ്ങളും ചുമതലകളും ഉണ്ടാക്കി വയ്ക്കുന്നതെന്തിനു്? ആരും ആരെയും നാളെ ശ്രദ്ധിക്കാൻ പോകുന്നില്ല എന്നു തീർച്ചയാണെന്നിരിക്കെ വെറുതെ എന്തിനീ പൊല്ലാപ്പു്? എന്റെ ഇന്ദ്രിയങ്ങളുടെ സുഖം മതി എനിക്കു്. തുമ്മലുണ്ടാക്കുന്ന അലർജ്ജികളൊന്നും വേണ്ടാ. തുമ്മിയാൽ മൂക്കുപോകും! ഇതാണോ സുഖം? കൂടുതൽ വലിയ സുഖങ്ങളുണ്ടെന്നു് അനുഭവിച്ചറിയാൻ ഇടകിട്ടാത്തവർക്കു് ഇത്രയേ ഉള്ളൂ ആകെയെന്നു തോന്നുന്നതിൽ അദ്ഭുതമില്ല. ഒരിക്കലും കണ്ണു തുറക്കാത്തവർക്കു് അറിയാനാവില്ലല്ലോ വെളിച്ചമെന്ന ഒന്നുണ്ടെന്നു്. സന്തോഷമെന്നാൽ എന്താണു്? സുഖമെന്നതു് എത്തരമൊക്കെ ഉണ്ടു്? പുരോഗതി എന്നാൽ ഏതു ദിശയിലാണു്? വികസനമെന്നതു് എങ്ങനെയിരിക്കണം? മനുഷ്യനായി പിറന്നതു് എന്തിനാണു്? എന്നൊന്നും നമ്മുടെ ഒരു സ്കൂളിലും കോളേജിലും പഠിപ്പിക്കുന്നില്ലല്ലോ. പകരം, പരസ്പരം മത്സരിക്കാൻ പഠിപ്പിക്കുന്നു. ഫൗൾ കളിക്കാനും, കളിച്ചാലും പിടിക്കപ്പെടാതിരിക്കാനും പരിശീലിപ്പിക്കുകയും ചെയ്യുന്നു.
രണ്ടുമൂന്നു നൂറ്റാണ്ടുകളായി ഇതു തുടർന്നുപോരുന്നു എന്നോർക്കുമ്പോൾ നാട്ടിൽ ഇത്രയും കുഴപ്പങ്ങളേ ഉള്ളൂ എന്നതു് ഒരു മഹാദ്ഭുതമല്ലേ? ഭൂരിപക്ഷത്തിനും ഇന്നും ഇവിടെ തുമ്മിയാൽ പോകാത്ത മൂക്കുള്ളതു് ഏതോ മഹാപൈതൃകത്തിന്റെ ഗുണഫലമല്ലേ? അഥവാ, ആ മഹാപൈതൃകത്തിന്റെ നവോത്ഥാനമല്ലേ കഷ്ടാവസ്ഥയ്ക്കു മറുമരുന്നു്? ഒരു ക്ലാസ്സിലും ഒരു ക്ലാസിക്കലും പഠിക്കാത്ത അമൃതാനന്ദമയീ അമ്മ എല്ലാം ശരിയായി മനസ്സിലാക്കി വാത്സല്യപൂർവ്വം നമ്മോടു ചോദിക്കുന്നു, ‘ഇനിയെങ്കിലും ദുരഭിമാനമെന്ന പീറാമാറാപ്പു കൈയൊഴിഞ്ഞു കൂടെ, മക്കളേ?’
സി. രാധാകൃഷ്ണൻ