Category: Malayalam

  • മനസ്സിൻ്റെ ചലനം

    മനസ്സിൻ്റെ ചലനം

    മനസ്സിൻ്റെ നിരന്തരമായ ചലനം നിരന്തരമായ ഓളങ്ങളെ, ചിന്തകളെ സൃഷ്ടിക്കുന്നു. ഈ ചിന്താതരംഗങ്ങള്‍ കാരണം എല്ലാറ്റിനെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടു് അവ്യക്തവും അപൂര്‍ണ്ണവുമാകുന്നു.

    ചഞ്ചലപ്പെടുകയെന്നതു മനുഷ്യ മനസ്സിൻ്റെ സ്വഭാവമാണു്. ഒരു ക്ലോക്കിൻ്റെ പെന്‍ഡുലം കണക്കെ അതു് ഒരു കാര്യത്തില്‍നിന്നു മറ്റൊന്നിലേക്കു സദാ ചലിച്ചുകൊണ്ടിരിക്കും.

    ഈ ചലനം അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ഒരു നിമിഷം മനസ്സു് (എന്തിനെയെങ്കിലും) ഇഷ്ടപ്പെടുന്നു; അടുത്ത നിമിഷം വെറുക്കുന്നു. ഒരു വസ്തുവിനെ മനസ്സിപ്പോള്‍ കൊതിക്കുന്നു. അടുത്ത നിമിഷം അതേ വസ്തുവില്‍ അതിനു മടുപ്പു വരുന്നു.

    മനസ്സു് എന്ന പെന്‍ഡുലം ചിലപ്പോള്‍ ക്രോധത്തിലേക്കു നീങ്ങും. ചിലപ്പോള്‍ ആഗ്രഹത്തിലേക്കു നീങ്ങും. നിശ്ചലമായിരിക്കുക എന്നതു് അതിനു സാദ്ധ്യമല്ല. നിശ്ചലാവസ്ഥ എന്നൊന്നു മനസ്സിനില്ല.

    മനസ്സിൻ്റെ ഒരിക്കലും നിലയ്ക്കാത്ത ഈ ചലനം കാരണം പ്രപഞ്ചത്തിൻ്റെ ചലിക്കാത്ത, സ്ഥിരമായ അടിസ്ഥാന സത്തയെ ദര്‍ശിക്കുവാന്‍ കഴിയാതെ പോകുന്നു. ആ മാറ്റമില്ലാത്ത സത്തയാണു് എല്ലാത്തിൻ്റെയും യഥാര്‍ത്ഥ സ്വരൂപം.

  • കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി

    കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി

    മുന്നമൊരായിരം ജന്മമെടുത്തു നീ മന്നിതിൽ ധർമ്മരഥം തെളിച്ചു…; നിൻശ്വേതവസ്ത്രാഞ്ചലത്തിൽ പിടിച്ചു ഞാൻ അന്നൊക്കെ നിന്നെ അനുഗമിച്ചു. കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിക്കരഞ്ഞും പിണങ്ങിപ്പിരിഞ്ഞും കരം പിടിച്ചും ഇന്നും നിൻ കാല്ക്കൽ വലംവച്ചിഴയും ഇളംകുരുന്നാണിവനമ്മേ.

     

    സ്നേഹമൃദൂഷ്മള സാരസല്ലാപങ്ങൾ ചേതസ്സിലാനന്ദനിർവൃതിധാരകൾ ജ്ഞാനാർക്കഭാസ്വൽപ്രഭാതം തെളിപ്പു നിൻ തൂമന്ദഹാസാനനം മാനസത്തിൽ. മാതൃവാത്സല്യത്തിൻ മാർദ്ദവലാളനം ഈറൻനിലാവുപോലുള്ളം തഴുകവേ ആയിരം നെയ്ത്തിരി നാളങ്ങളാൽ നിന്നെ ആരാധനം ചെയ്‌വൂ സാദരം ഞാൻ സദാ. തേനൂറുമുമ്മയും സ്നേഹവാത്സല്യവും ഓമൽക്കിടാങ്ങൾക്കുണർവ്വു വർഷിക്കെ—നിൻ കാരുണ്യപീയൂഷലോലനേത്രങ്ങളിൽ ലോകം കുളിർത്തുനില്ക്കുന്നു നിരന്തരം.

  • വിശ്വപ്രേമത്തിന്റെ അമൃതശാന്തി

    വിശ്വപ്രേമത്തിന്റെ അമൃതശാന്തി

    ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിന്റെ നിഴലിൽ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങൾകൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആൽബർട്ടു് ഐൻസ്റ്റീനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കൾ ശ്രമിച്ചതു്. “The contemporary situation is pregnant with great possibilities, enormous dangers, and immeasurable rewards.” It may be the end by destroying itself, or its spiritual energy may resurrect, ushering in a new era in which this world will become a true home for humanity.” – (Belief restoration)
    ഭാരതീയദർശനത്തിന്റെ ലോകാചാര്യനായ ഡോ. എസ്. രാധാകൃഷ്ണന്റെ ഈ വാക്കുകൾക്കുമുണ്ടു പ്രവചനസ്വഭാവം. യാന്ത്രികസംസ്‌കാരത്തിന്റെ വ്യാപ്തിയോടുകൂടിയാണു ലോകജീവിതം ഏകത്വത്തിൽനിന്നു നാനാത്വത്തിലേക്കുള്ള പ്രയാണമാരംഭിച്ചതു്. അതോടെ ‘ഇദം ന മമ’ എന്ന ത്യാഗമന്ത്രം ‘ഇദം മമ’ എന്ന ഭോഗതന്ത്രമായി മാറിക്കഴിഞ്ഞു. ലോകത്തിനു നിരുപാധികസ്നേഹത്തിന്റെ തിരിച്ചറിവുണ്ടാക്കുക എന്നതു് ഒരു വെല്ലുവിളിയാണെന്നു മനസ്സിലാക്കുകയും തളരാതെ മാനവികതയുടെ ഏകീകരണത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുന്ന ഒരു മഹാത്മാവു് ഇവിടെ അനിവാര്യമാണു്. ഭാരതത്തിന്റെ ചിരന്തനമായ ഭൂതകാലപാരമ്പര്യബോധത്തിൽനിന്നു തപസ്സുചെയ്തു ഉദാരതയുടെ പൂർണ്ണതയിലെത്തിയ ഒരു മഹാത്മാവുണ്ടായി ഈ ലോകത്തു് ആധുനികകാലത്തു്, ഈ മലയാളനാട്ടിലെ ഒരു കുഗ്രാമത്തിൽനിന്നു്! ആ സംരക്ഷകചൈതന്യമാണു മാതാ അമൃതാനന്ദമയീദേവി.

     

    വിനാശത്തിന്റെ വക്കത്തുകിടക്കുന്ന പുതിയ ലോകത്തെ വിവേകത്തിന്റെ മഹാസ്വപ്നങ്ങളിലേക്കു കൺമിഴിപ്പിക്കാനാണു് അമ്മ നിരന്തരമായി ലോകപര്യടനങ്ങൾ നടത്തുന്നതു്. 1987-ൽ ആരംഭിച്ച ഈ പര്യടനങ്ങൾ എത്രത്തോളം സഫലമാണെന്നതിന്റെ പ്രത്യക്ഷനിദർശനമാണു് 2003-ൽ നാം കണ്ടതു്. അന്നു് ‘അമൃതവർഷം50’ ആഘോഷിച്ചതു 191 രാജ്യങ്ങളുടെ പ്രാതിനിധ്യത്തോടെയായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമുള്ള ആത്മീയമതനായകന്മാർ കൊച്ചിയിലൊത്തുകൂടി. ലോകസമാധാനത്തിന്റെയും സമന്വയചിന്തയുടെയും യജ്ഞമാണു് അവിടെ നടന്നതു്.
    വിശ്വശാന്തിയുടെ ലയമാധുര്യത്തിനായി മതങ്ങൾ സമാശ്ലേഷിച്ചു. ഈ ദൗത്യത്തിന്റെ തുടർച്ചയാണു് ഇന്നും അമ്മ വിശ്വഗതമായി നടത്തിക്കൊണ്ടിരിക്കുന്ന പര്യടനങ്ങൾ.
    അമ്മയുടെ പര്യടനങ്ങളെ മൂന്നു വിഭാഗത്തിൽ പെടുത്താവുന്നതാണു്. ഒന്നു കേരളീയം. രണ്ടു ഭാരതീയം.
    മൂന്നു് അന്തർദ്ദേശീയം. മലയാളത്തിന്റെ മണ്ണിൽ വേരൂന്നി ഭാരതഭൂഖണ്ഡമാകെ തടിയും ശാഖിയും നിവർത്തി ലോകസാകല്യത്തിലേക്കു പടർന്നു വിതതവിശാലമാകുന്ന ഒരു മഹാവൃക്ഷത്തിന്റെ പ്രതീതിയാണു് അമ്മയുടെ ലോകപര്യടനങ്ങൾ സൃഷ്ടിക്കുന്നതു്.
    വിശ്വമാനവരാശിക്കൊട്ടാകെ പൂവും കായും സമൃദ്ധമായി കൊടുക്കുന്ന ഒരു മഹാവൃക്ഷം! അമ്മയുടെ ലോകപര്യടനത്തിനു മതമോ ജാതിയോ വർഗ്ഗമോ ഭാഷയോ ഒന്നും തടസ്സമാകുന്നില്ല. അതിന്നു് ഇപ്പറഞ്ഞവയെല്ലാം ഒന്നിലൊതുങ്ങുകയാണു് വിശ്വപ്രേമത്തിൽ! ജപ്പാനിലും ജർമ്മനിയിലും അമേരിക്കയിലും മറ്റേതന്യരാജ്യങ്ങളിലും അമ്മയ്ക്കു് ഒന്നേ വിതയ്ക്കാനുള്ളൂ. ഭാരതത്തിന്റെ അക്ഷയമായ ഈ അമൃതശാന്തി.

     

    അമ്മ എന്തിനാണു പര്യടനങ്ങൾക്കിറങ്ങുന്നതു്?
    ഒരിടത്തു സ്വസ്ഥമായിരുന്നാൽപ്പോരേ? ഇങ്ങനെ ചോദിക്കുന്നവരുണ്ടാകാം. എന്നാൽ ആശയപ്രചരണത്തിനു വ്യക്തിഗതവും സമൂഹഗതവുമായ രണ്ടു വഴികളുണ്ടു്.
    മക്കൾ അമ്മയെത്തേടി എത്തുന്നതും അമ്മ മക്കളെ തേടി എത്തുന്നതും. പാരസ്പര്യത്തിന്റെ രണ്ടു മുഖങ്ങളാണു്.
    സ്ഥലകാലരാശികളെ അതിലംഘിക്കുന്ന തേജസ്സിന്റെ പരിക്രമണമാണതു്. സനാതനധർമ്മത്തിലധിഷ്ഠിതമായ മാനവികതയെ ഏകലക്ഷ്യമാക്കുമ്പോൾ സമാധാനപ്രചരണത്തിനുള്ള ഏകമാർഗ്ഗവും ഇത്തരം ലോകപര്യടനങ്ങൾതന്നെയാകുന്നു. ഇതെഴുതുമ്പോൾ അമ്മയുടെ വിശ്വഗതങ്ങളായ പല പ്രഭാഷണങ്ങളുടെയും അലയൊലി എന്റെ മനസ്സിലുണ്ടു്. 1993 സെപ്തംബർ മൂന്നാം തീയതി ചിക്കാഗോവിൽ നടന്ന വിശ്വമതമഹാസമ്മേളനത്തിൽവച്ചു് അമ്മ പറഞ്ഞു, “മനുഷ്യനെ ഈശ്വരനാക്കുക ഇതാണു മതത്തിന്റെ, സനാതനധർമ്മത്തിന്റെ ലക്ഷ്യം. ഹൃദയവും ഹൃദയത്തിന്റെ ഭാവങ്ങളും നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു.
    നാം മറന്നുപോയ മതത്തിന്റെ ഭാഷ കാരുണ്യത്തിന്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഭാഷ നമ്മൾ മറന്നുപോയിരിക്കുന്നു.” 1893-ൽ ഒരു ശതവർഷം മുൻപു്, ഇതേ ചിക്കാഗോവിൽ വച്ചാണു സ്വാമി വിവേകാനന്ദനും വിശ്വമതസമന്വയത്തിനുവേണ്ടി ലോകജനതയെ ആഹ്വാനം ചെയ്തതു്. ആ പാരമ്പര്യത്തിന്റെ തുടർച്ചയെന്നോണം അമ്മ തുടർന്നു, “മക്കളേ, നിങ്ങൾ നിങ്ങളിലെ അനന്തശക്തിയെക്കുറിച്ചു ബോധവാന്മാരാകൂ. നിങ്ങൾ ഭയംകൊണ്ടു വിറയ്ക്കേണ്ട ആട്ടിൻക്കുട്ടികളല്ല. തേജസ്സും ഗാംഭീര്യവുമുള്ള സിംഹക്കുട്ടികളാണു്. വിശ്വം നിയന്ത്രിക്കുന്ന മഹാശക്തിയാണു്.”

     

    പിന്നീടു് 1995-ൽ ഐക്യരാഷ്ട്രസഭയുടെ 50-ാം വാർഷികത്തോടനുബന്ധിച്ചുനടന്ന അന്തർമ്മതസമ്മേളനത്തിലും രണ്ടായിരത്തിൽ ലോകസമാധാന ഉച്ചകോടിയിലും 2005-ൽ ന്യൂയോർക്കിൽവച്ചു നടന്ന സമ്മേളനത്തിലും മറ്റും അമ്മയുടെ അരുൾമൊഴികളിൽ മുഴങ്ങിയതു മാനവമഹാമൈത്രിയുടെ സന്ദേശമായിരുന്നു. “ഒരു തുള്ളി വെള്ളം നദിയാകില്ല. അതു് ഒഴുകുകയുമില്ല. പലതുള്ളികൾ ഒരുമിച്ചു ചേരുമ്പോഴാണു് അതു നദിയായി ഒഴുകുന്നതു്.
    അതുപോലെ, മനുഷ്യമനസ്സുകളുടെ ഉള്ളിലുണരുന്ന സ്നേഹത്തിലൂടെ മാത്രമേ ഹൃദയങ്ങൾ ഒന്നിച്ചൊഴുകൂ.
    അതിലൂടെ മാത്രമേ ഐക്യവും ശാന്തിയുമുണ്ടാകൂ.”
    ലോകസാമൂഹ്യദുർനിയമങ്ങളെ സ്നേഹസുന്ദരപാതയിലൂടെ നികത്താനുള്ള അമ്മയുടെ ദൗത്യത്തിനു വേഗം കൂട്ടുന്നതാവട്ടെ മക്കളുടെയും സമർപ്പണബോധം.

     

    പൊഫ. മേലേത്തു് ചന്ദ്രശേഖരൻ

  • അമ്മയുടെ സന്ദേശം

    അമ്മയുടെ സന്ദേശം

    മക്കളേ, വാക്കു് അഗ്നിപോലെയാണു്. ചൂടും പ്രകാശവുമാണു് അഗ്നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അതു കേൾക്കുന്നവർക്കു് അറിവും സന്തോഷവും ലഭിക്കണം, അതു് അവരെ ശ്രേയസ്സിലേക്കു നയിക്കണം. എന്നാൽ, ഈ രീതിയിൽ നല്ല വാക്കുകൾ പറയുകയും ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്നവർ ഇന്നു ചുരുക്കമാണു്. നമ്മളിൽ പലരുടെയും വാക്കുകൾ നനഞ്ഞ വിറകുപോലെയോ വാഴപ്പിണ്ടിപോലെയോ ആണു്. അതിൽനിന്നു പുക മാത്രമേ കിട്ടുകയുള്ളൂ. കേൾക്കുന്നവരിൽ വെറുപ്പും വിദ്വേഷവും മാത്രമാണു് അതുണ്ടാക്കുന്നതു്. ചിലർക്കു സ്വന്തം മഹിമകൾ മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കാൻ പ്രത്യേക താത്പര്യമാണു്. അതു കേൾക്കുമ്പോൾ അവരോടു കൂടുതൽ ബഹുമാനം തോന്നുമെന്നാണു് അവർ കരുതുന്നതു്. എന്നാൽ അങ്ങനെ ചെയ്യുന്നതുവഴി സത്യത്തിൽ ഉള്ള ബഹുമാനംകൂടി നഷ്ടപ്പെടുകയാണു ചെയ്യുന്നതു്. മറ്റുള്ളവരുടെ കണ്ണിൽ അവർ സ്വയം പരിഹാസപാത്രമായി തീരുകയാണു്.

     

    മിഥ്യാഭിമാനത്തിൽനിന്നാണു് ആത്മപ്രശംസ ഉണ്ടാകുന്നതു്. പരനിന്ദയാകട്ടെ പ്രത്യക്ഷത്തിൽത്തന്നെ ഹിംസയുമാണു്. കേൾക്കുന്നവരിൽ അതുണ്ടാക്കുന്ന വേദന ചെറുതല്ല. പ്രത്യേകിച്ചും നിന്ദിക്കപ്പെടുന്നവർ പ്രായംകൊണ്ടോ സ്ഥാനംകൊണ്ടോ നമ്മുടെ ആദരവു് അർഹിക്കുന്നവരാണെങ്കിൽ അതിന്റെ ദോഷം കൂടുതലാണു്. അവരുടെ വേദന നമുക്കു പ്രാരബ്ധദുഃഖമായി അനുഭവിക്കേണ്ടിവരും. പരനിന്ദയും ആത്മപ്രശംസയും നമ്മളെ എത്രമാത്രം അധഃപതിപ്പിക്കുന്നു എന്നു വ്യക്തമാക്കുന്ന ഒരു സന്ദർഭം മഹാഭാരതത്തിൽ നമുക്കു കാണാം. മഹാഭാരത യുദ്ധസമയത്തു്, കർണ്ണനുമായുള്ള യുദ്ധത്തിന്റെ ആദ്യദിവസം കർണ്ണനെ വധിക്കാൻ അർജ്ജുനനു സാധിച്ചില്ല. വൈകുന്നേരം ശിബിരത്തിലെത്തിയ അർജ്ജുനനോടു യുധിഷ്ഠിരൻ പറഞ്ഞു, “കർണ്ണനെ കൊല്ലുമെന്നു നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോൾ എന്തുപറ്റി? കർണ്ണനെ കൊല്ലാൻ സാധിക്കാത്ത സ്ഥിതിക്കു് ഇനി നിനക്കു് എന്തിനാണീ ഗാണ്ഡീവം? അതങ്ങു വലിച്ചെറിഞ്ഞേക്കൂ.” ഇതു കേട്ടു് അർജ്ജുനൻ ദേഷ്യംകൊണ്ടു തിളച്ചു. അർജ്ജുനനു് ഒരു പ്രതിജ്ഞയുണ്ടു്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാൽ അയാളെ കൊല്ലുമെന്നു്. ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ട അർജ്ജുനൻ പെട്ടെന്നു വാളൂരി യുധിഷ്ഠിരനെ കൊല്ലാനായി ഭാവിച്ചു.

     

    അപ്പോൾ ശ്രീകൃഷ്ണഭഗവാൻ പറഞ്ഞു, “അർജ്ജുനാ, നില്ക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞയെടുത്തു എന്നതു സത്യംതന്നെ. എന്നാൽ, അതിനു യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയിൽ ആ പ്രതിജ്ഞ നിനക്കു നിറവേറ്റാം. യുധിഷ്ഠിരൻ നിന്റെ ജ്യേഷ്ഠനാണു്. ജ്യേഷ്ഠനെ നിന്ദിക്കുന്നതു വധിക്കുന്നതിനു സമമാണു്. അതുകൊണ്ടു യുധിഷ്ഠിരനെ നിന്ദിക്കുക. അപ്പോൾ നിന്റെ പ്രതിജ്ഞ സഫലമാകുകയും ചെയ്യും.” അതുകേട്ടു് അർജ്ജുനൻ യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചുകഴിഞ്ഞാണു് അർജ്ജുനനു സ്ഥലകാലബോധം വന്നതു്. കുറ്റബോധംകൊണ്ടു് അർജ്ജുനൻ ഉരുകി. “പിതൃതുല്യനായ ജ്യേഷ്ഠനെ ഞാൻ ദേഷ്യപ്പെട്ടു ചീത്ത വിളിച്ചല്ലോ, നീചമായി നിന്ദിച്ചല്ലോ. ഈ കൊടുംപാപത്തിനു് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളതു്?” ഇങ്ങനെ ചിന്തിച്ചു് അർജ്ജുനൻ ആത്മഹത്യചെയ്യാൻ തീരുമാനിച്ചു. തീയിൽ ചാടി മരിക്കാൻ തയ്യാറെടുത്തു. വീണ്ടും അർജ്ജുനനെ തടഞ്ഞുകൊണ്ടു ഭഗവാൻ പറഞ്ഞു, “അർജ്ജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; ഒരുപായമുണ്ടു്. സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യയ്ക്കു തുല്യമാണു്.” ഇതുകേട്ടു് അർജ്ജുനൻ സ്വന്തം ഗുണഗണങ്ങൾ എണ്ണിയെണ്ണി പറഞ്ഞു് ആത്മഹത്യ ചെയ്യുന്നതിൽനിന്നും പിന്തിരിഞ്ഞു.

     

    അന്യരെ നിന്ദിക്കുകയും സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോൾ നമ്മൾ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണു് ഈ കഥയിൽനിന്നു നമ്മൾ മനസ്സിലാക്കേണ്ടതു്. പരനിന്ദ പരഹത്യയ്ക്കും ആത്മപ്രശംസ ആത്മഹത്യയ്ക്കും തുല്യമാണെന്നു പറയുമ്പോൾ വാക്കുകളുടെ ശക്തി അത്രയ്ക്കു വലുതാണെന്നാണു ഭഗവാൻ നമ്മെ മനസ്സിലാക്കിത്തരുന്നതു്. സൃഷ്ടിക്കും സംഹാരത്തിനും ഒരുപോലെ കാരണമാകുന്നതാണു വാക്കു്. സ്വന്തം ശക്തി മറന്നുപോയ ഹനുമാനു് ആത്മവീര്യം പകർന്നതു ജാംബവാന്റെ വാക്കുകളാണു്. കുരുക്ഷേത്രത്തിൽ മനസ്സു തളർന്നുപോയ അർജ്ജുനനെ ഭഗവാൻ തന്റെ വാക്കുകൾകൊണ്ടു് ഉദ്ധരിച്ചതു നമുക്കറിയുന്നതാണല്ലോ. അതുപോലെതന്നെ കർണ്ണനെ ശല്യരുടെ വാക്കുകൾ തളർത്തുന്നതും മന്ഥരയുടെ വാക്കുകൾ കൈകേയിയെ വഴിതെറ്റിക്കുന്നതും നമ്മൾകണ്ടു. അതിനാൽ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു വേദനയുണ്ടാക്കാത്തതും എന്നാൽ, അവർക്കു പ്രോത്സാഹനവും സന്തോഷവും നല്കുന്നതുമായിരിക്കാൻ ശ്രദ്ധിക്കുക. എവിടെ, എപ്പോൾ, എന്തു്, എങ്ങനെ സംസാരിക്കണം എന്നറിയുന്നവനു് എല്ലാ വിജയങ്ങളുമുണ്ടാകും.

     

    മിതമായും പ്രിയമായും സംസാരിക്കാൻ കഴിയാത്തവനു് എത്രതന്നെ കഴിവുകളുണ്ടെങ്കിലും മറ്റുള്ളവരുടെ കൃപയ്ക്കു പാത്രമാകാൻ കഴിയില്ല. അങ്ങനെയുള്ളവർ വിജയിക്കുക പ്രയാസമാണു്. മറിച്ചു്, വിനയപൂർവ്വം മധുരമായി സംസാരിക്കാൻ കഴിവുള്ളവനു് എത്രതന്നെ കുറവുകളുണ്ടെങ്കിലും അയാൾ വിജയിക്കുന്നതു കാണാം. അതിനാൽ വാക്കുകളിൽ വിനയവും വിവേകവുമുണ്ടായിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. അതുപോലെതന്നെ മൗനം പാലിക്കേണ്ടിടത്തു മൗനം പാലിക്കാനും നമ്മൾ ശ്രദ്ധിക്കണം.

  • സ്നേഹം

    സ്നേഹം

    “സ്വയം സ്നേഹിച്ചിടുന്നോനെ സ്നേഹിക്കും സർവ്വരും ദൃഢം” എന്തുകൊണ്ടെന്നാൽ സ്വയം സ്നേഹിക്കുന്നവൻ സ്വയം സേവിക്കും. സ്വയം സേവിക്കുകയെന്നാൽ സ്വന്തം നന്മയ്ക്കുവേണ്ടതെല്ലാം സ്വയം ചെയ്തുകൊണ്ടിരിക്കുക. എന്താണു സ്വന്തം നന്മ? സ്വന്തം പഠിപ്പു്, സ്വന്തം ആരോഗ്യം, ഉപജീവനമാർഗ്ഗം, ശാന്തി, പരസഹകരണവും സഹായവും ആവശ്യമായ സന്ദർഭങ്ങളിലെല്ലാം അവ വേണ്ടത്ര കിട്ടൽ തുടങ്ങിയവ. ഇവയെല്ലാം വേണ്ട സമയത്തു വേണ്ടത്ര കിട്ടണമെങ്കിൽ വീട്ടിലുള്ളവരോടും നാട്ടിലുള്ളവരോടുമെല്ലാം വേണ്ടപോലെ പെരുമാറണം.

     

    അവർക്കെല്ലാം തന്നിൽനിന്നു കിട്ടേണ്ട സ്നേഹസഹായസഹകരണങ്ങൾ വേണ്ട സമയത്തു വേണ്ടത്ര കൊടുത്തുകൊണ്ടിരിക്കണം. അങ്ങനെ കൊടുത്തുകൊണ്ടിരുന്നാൽ അവർ അയാളെ തീർച്ചയായും സ്നേഹിക്കും, സേവിക്കും. ശങ്കവിട്ടു ശങ്കരന്റെ നാമമുച്ചരിക്കുകിൽ ശങ്കവേണ്ട ‘ശം’ഭവിക്കുമേതൊരാൾക്കുമേ ദൃഢം. നിർത്താതെ നാമം ജപിക്കുന്നവർക്കുണ്ടാം നിശ്ചയമായ് മനശ്ശാന്തി.

    കുഞ്ഞുണ്ണി മാഷ്

  • കുട്ടിയും കാറ്റപൽട്ടും മാംഗോട്രീയും

    കുട്ടിയും കാറ്റപൽട്ടും മാംഗോട്രീയും

    കുട്ടിയുടെ പുരയിടത്തിന്റെ ഒരു വശത്തായി നാട്ടുവഴിയോടു ചേർന്നു വലിയ ഒരു വയസ്സൻ മാവുണ്ടു്. അതു് ആരു് എന്നു നട്ടു എന്നു് ആർക്കുമറിയില്ല. മാനം മുട്ടി നില്ക്കുന്ന ചില്ലകളിൽ അങ്ങിങ്ങായി മാത്രം ചെറിയ മാങ്ങകൾ കാണാം. വടികൊണ്ടെറിഞ്ഞാൽ കുറെ ഇലകൾമാത്രം വീഴും. ആ മാവിന്റെ ചുവട്ടിൽ എത്തുമ്പോഴൊക്കെ കുട്ടി കൊതിയോടെ മാങ്ങകളെ നോക്കും. അതു മാങ്ങ തിന്നാനുള്ള കൊതികൊണ്ടു മാത്രമല്ല, മാങ്ങകൾ എറിഞ്ഞു വീഴ്ത്താനുള്ള, മാവിനെ ജയിക്കാനുള്ള അവന്റെ ഒരു ചോദന കൂടിയാണതു്. മാവിന്റെ ചില്ലകൾ തന്നെ നോക്കി വെല്ലുവിളിക്കുന്നതായിട്ടു് അവനു തേന്നി. ഒരു ചെറിയ മാങ്ങയുടെ ഞെട്ടിനെപ്പോലും എറിഞ്ഞു പൊട്ടിക്കാനാവാത്തതിൽ കുട്ടിക്കു സ്വയം നിന്ദ തോന്നി. ‘എന്നെ എന്തിനു കൊള്ളാം’, അവൻ അറിയാതെ പിറുപിറുത്തു. റോഡരികിൽ കിടന്ന ഒരു നീണ്ട കമ്പു കൈയിലൊതുക്കി സർവ്വശക്തിയുമെടുത്തു മാങ്ങയെ ലക്ഷ്യമാക്കി അവൻ ആഞ്ഞെറിഞ്ഞു. ആ കമ്പു മരചില്ലകളിലെവിടെയോ അപ്രത്യക്ഷമായി! താൻ പഠിച്ച ന്യൂട്ടൻസ് ലോ തെറ്റിയോ എന്നവൻ സംശയിച്ചു. ആറാം ക്ലാസ്സുകാരനായ അവൻ ന്യൂട്ടന്റെ നിയമം പഠിച്ചു തുടങ്ങിയിട്ടേയുള്ളൂ. മാവിൻ ചില്ലകൾ ഒളിപ്പിച്ചു വച്ച ആ കമ്പിനെക്കുറിച്ചു് ആലോചിച്ചു നേരം കളയാതെ അവൻ വീണ്ടും മറ്റൊരു കമ്പെടുത്തു മാങ്ങയെ ലക്ഷ്യമാക്കി എറിഞ്ഞു. അതു മാവിന്റെ ഏതോ ചില്ലയിൽ തട്ടിത്തെറിച്ചു് അവന്റെ തലയിൽതന്നെ വന്നു വീണു! മാവിനോടും മാങ്ങയോടും അവനു വല്ലാത്ത ദേഷ്യം തോന്നി.

     

    “ഈ മാംഗോട്രീയുടെ ഒരു അഹങ്കാരം! ചെറിയ കുട്ടിയായതുകൊണ്ടു് എന്നെ കളിപ്പിക്കുകയാണല്ലേ. ഞാൻ ഒരു കാറ്റപൽട്ടു വാങ്ങട്ടെ. കാണിച്ചു തരാം.” കുട്ടി ആരോടെന്നില്ലാതെ പറഞ്ഞു. ഒരു കാറ്റപൽട്ടു വാങ്ങുക എന്നതായിരുന്നു അവന്റെ അടുത്ത ലക്ഷ്യം. നാട്ടിൻപുറത്തിന്റെയും പട്ടണത്തിന്റെയും മുഖച്ഛായയും സവിശേഷതകളുമുണ്ടെങ്കിലും ആവശ്യക്കാർ അന്വേഷിക്കുന്ന ഏതു സാധനവും ലഭിക്കാത്ത ഒരു ഗ്രാമമാണതു്. അവന്റെ സ്വന്തം നാടാണതു്. മുംബൈ നഗരത്തിലെ ഇടുങ്ങിയ ഫ്ലാറ്റിൽ അച്ഛനമ്മമാരോടൊപ്പം വളരുന്ന അവൻ ഒഴിവുകാലം മുഴുവനും ഈ ഗ്രാമത്തിലുണ്ടാകും, അപ്പൂപ്പനും അമ്മൂമ്മയോടും ഒപ്പം. ഒഴിവുകാലം തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പോഴേ കാറ്റപൽറ്റു് അന്വേഷിച്ചു തുടങ്ങണം. എന്നാലേ വൈകിയെങ്കിലും ഒരെണ്ണം കിട്ടൂ. അതു കിട്ടിയിട്ടു വേണം എല്ലാ മാങ്ങകളെയും എറിഞ്ഞു വീഴ്ത്താൻ. ആ മാവിനെ ജയിക്കാനുള്ള ആവേശം അവന്റെയുള്ളിൽ തിരയിളക്കം സൃഷ്ടിച്ചു. അവന്റെ ഗ്രാമത്തിനെ നെടുകെ പിളർന്നുകൊണ്ടു് ഒരു റോഡുണ്ടു്. അതിന്റെ ഇരുവശങ്ങളിൽ അങ്ങിങ്ങായി ചില കടകൾ കാണാം. കുട്ടിക്കു് ആ കടകളിൽ പോയിട്ടുള്ള ശീലമില്ല. മെട്രോ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന അവനു കാറ്റപൽറ്റിന്റെ നാടൻപേരും അറിയില്ല. ഒരു കടയുടെ മുന്നിൽ ചെന്നുനിന്നു് ഉള്ളിലേക്കു് അവൻ പാളി നോക്കി. ‘ഇവിടെ കാറ്റപൽറ്റു് ഉണ്ടാകുമോ… കുറച്ചു ലേഡീസ് ഫിൻഗറും പൊട്ടറ്റോയും ഒണിയനും മാത്രമേ പുറത്തു കാണുന്നുള്ളൂ. വേണ്ട… ചോദിക്കണ്ട…’ അവൻ സ്വയം നിയന്ത്രിച്ചു് അടുത്ത കടയിലേക്കു നടക്കും, അതു കുറെ ദൂരെയാണെങ്കിലും. ദിവസങ്ങൾ കഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. ഇതുവരെ ഒരു കടയിലും കയറി കാറ്റപൽറ്റു് ഉണ്ടോ എന്നു ചോദിക്കാൻ അവനു കഴിഞ്ഞില്ല. അത്രയ്ക്കു സങ്കോചമായിരുന്നു അവന്റെ കുഞ്ഞുമനസ്സിനു്. എങ്കിലും ഞെട്ടിൽ തൂങ്ങിയാടുന്ന മാങ്ങകളും മാവും കാണുമ്പോൾ അവനു വീണ്ടും വീര്യം വരും.

     

    ‘ഹും!’ ഞാൻ കാണിച്ചു തരാം. ആവശ്യം ആവേശത്തിനു വഴിയൊരുക്കുംപോലെ വീണ്ടും കടകൾ തേടിയുള്ള അവന്റെ യാത്ര തുടരും. കുട്ടിയുടെ വീടിന്റെ വളരെ അകലെയായി പൈലിച്ചേട്ടന്റെ പീടികയെപ്പറ്റി അവൻ കേട്ടിട്ടുണ്ടു്. ഇത്രയും ദൂരെ ഒറ്റയ്ക്കു് എങ്ങനെ പോകും? സാരമില്ല പോവുകതന്നെ. കാറ്റപൽറ്റു കിട്ടേണ്ടതു് അവനു് അത്രയ്ക്കു് അത്യാവശ്യമായിരുന്നു. ടാറിട്ട റോഡാണെങ്കിലും പൈലിച്ചേട്ടന്റെ പീടികയിലേക്കുള്ള നടത്തം അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ആദ്യമായാണു് ഇത്രയും ദൂരം ഒറ്റയ്ക്കു നടക്കുന്നതു്. ‘പൈലിച്ചേട്ടന്റെ പീടിക’ ഏതാണെന്നു് എതിരെ നടന്നു വരുന്ന ഒരാളോടു് അവൻ തിരക്കി. മറുപടിയൊന്നും പറയാതെ അയാൾ കുട്ടിയെ ആകപ്പാടെ ഒന്നു നോക്കി. ‘നീ എവിടുത്തെയാ? മുൻപു കണ്ടിട്ടില്ലല്ലോ?’ ‘ഇയാളാരു്! ഷെർലകു് ഹോംസോ?’ എന്നു മനസ്സിൽ പറഞ്ഞുകൊണ്ടു് അയാളുടെ ചോദ്യങ്ങൾക്കു് ഉത്തരം പറയാതെ അവൻ നടത്തം തുടർന്നു. ആരോടെങ്കിലും ചോദിക്കാതെ കട ഏതാണെന്നു് എങ്ങനെ മനസ്സിലാക്കും? നടന്നുനടന്നു് ഒരു കടയുടെ മുന്നിലെത്തി. അവിടെ ചോദിച്ചാൽ പൈലിച്ചേട്ടന്റെ പീടിക കാണിച്ചുതരുമായിരിക്കും. കടയുടെ പുറത്തു രണ്ടു നേന്ത്രക്കുലകൾ തൂങ്ങിക്കിടക്കുന്നു. ഒരു ഡെസ്‌കിന്റെ മുകളിൽ കുറെ മിഠായിക്കുപ്പികളും. അതിനുള്ളിലെ മിഠായി അവനു് ഒട്ടും പരിചയം തോന്നിയില്ല. വളരെ ചെറിയ ഒരു കടയായിരുന്നു അതു്. അകത്തേക്കു തലയിട്ടു നോക്കിയിട്ടു കുട്ടിക്കു് ഒന്നും കാണാൻ പറ്റുന്നില്ല. എന്തൊരിരുട്ടു്! ഇതിനകത്തു മനുഷ്യരാരുമില്ലേ? ഉള്ളിലെവിടെയെങ്കിലും ഇരിപ്പുണ്ടാകും. കടയുടെ ഉള്ളിലേക്കു കയറാൻ പറ്റില്ല. മരത്തിന്റെ പടികൾ ഒരു ഗ്രില്ലുപോലെ വച്ചിട്ടുണ്ടു്. ഇരുട്ടിലേക്കു തലയിട്ടു കുട്ടി ചോദിച്ചു “പൈലിച്ചേട്ടന്റെ കടയേതാ?” “ആരാ? എന്തുവേണം?” ലുങ്കിയുടുത്തു്, ഷർട്ടില്ലാത്ത കുടവയർ പ്രദർശിപ്പിച്ചുകൊണ്ടു്, വയസ്സനെങ്കിലും തടിയനായ ഒരാൾ പുറത്തേക്കു വന്നു. അയാളുടെ വായ നിറയെ എന്തോ കിടപ്പുണ്ടു്. അതും ചവച്ചുകൊണ്ടാണു സംസാരിക്കുന്നതു്.

     

    ചുണ്ടു ചുവന്നിരിക്കുന്നു. കുട്ടിക്കു വല്ലാതെ അറപ്പു തോന്നിയെങ്കിലും ചോദ്യം ആവർത്തിച്ചു. “പൈലിച്ചേട്ടന്റെ…..” “ഇതുതന്നെയാ, എന്താ വേണ്ടതു്?” “കാറ്റപൽറ്റുണ്ടോ ഇവിടെ?” ലക്ഷ്യസ്ഥാനത്തെത്തിയ ആഹ്ലാദം സഹിക്കാനാവാതെ അവൻ പെട്ടെന്നു ചോദിച്ചു. ‘എന്തു സാധനം?’ അയാൾ തന്റെ മത്തക്കണ്ണുകൾകൊണ്ടു് അവനെയൊന്നുഴിഞ്ഞു. ‘ഈ അപ്പൂപ്പനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? കാറ്റപൽറ്റിനു് ഇയാൾ വിളിക്കുന്ന പേരു് എന്തായിരിക്കും?’ കാറ്റപൽറ്റിന്റെ നാട്ടുപേരു് അറിയാതെ കുട്ടി കുഴങ്ങി. “മോനു് എന്താ വേണ്ടതു്?” കുട്ടിയുടെ ദയനീയ മുഖം കണ്ടിട്ടു് അയാൾക്കു പാവം തോന്നി. “ഈ മാവിലേക്കു കല്ലെറിയുന്ന ഒരു സാധനമില്ലേ. ദേ.. ഇങ്ങനെ വച്ചു…” അവൻ കഥകളി മുദ്രകാണിച്ചുകൊടുത്തു. അവന്റെ അഭിനയസിദ്ധികൊണ്ടോ എന്തോ അയാൾക്കു കാര്യം പിടികിട്ടി. “ഓഹോ കവണയാണല്ലേ വേണ്ടതു്. അതു തീർന്നുപോയി. നാളെ വരു കേട്ടോ.” “ഞാൻ ചോദിച്ചതു് എന്താണെന്നു അപ്പൂപ്പനു മനസ്സിലായോ?” അവനു സംശയം കാറ്റപൽറ്റു് എന്താണെന്നു മനസ്സിലാകാതെ തീർന്നുപോയി എന്നു പറഞ്ഞതാകും. അങ്ങനെ തീർന്നുപോകാൻ അത്രയ്ക്കു ഡിമാന്റുണ്ടോ അതിനു്? “എനിക്കു മനസ്സിലായി. കവണയെന്നാ അതിനെ പറയുന്നെ. അതു തീർന്നുപോയി. നാളെ വരും.” തന്റെ കടയിൽ ഒരു സാധനം ഇല്ല എന്നതിനു പകരം തീർന്നുപോയി, നാളെ വരും എന്നൊക്കെ സുഖിപ്പിച്ചു പറയുന്ന കച്ചവടക്കാരന്റെ സൂത്രം കുട്ടിക്കു മനസ്സിലായില്ല. ഒന്നുവേഗം നാളെ ആയെങ്കിൽ എന്നാശിച്ചുകൊണ്ടു് അവൻ പറഞ്ഞു, “ശരി നാളെ വരാം.” തിരിച്ചു നടക്കുമ്പോൾ അവൻ ‘കവണ’ എന്ന മലയാളം പേരു് ഉരുവിട്ടുകൊണ്ടിരുന്നു. അന്നത്തെ രാത്രിക്കു നീളം കൂടുതൽ ഉണ്ടെന്നു് അവനു തോന്നി. ഒറ്റയ്ക്കു് ഒരു കട കണ്ടുപിടിക്കുക എന്ന വലിയൊരു കാര്യം ചെയ്തതിലും ഒരു പുതിയ പേരു പഠിച്ചതിലും അവനു് അഭിമാനം തോന്നി. സൂര്യനുദിക്കുന്നതിനു വളരെ മുൻപുതന്നെ അവൻ ഉണർന്നു. ജനലിൽക്കൂടി നോക്കിയപ്പോൾ പുറത്തു നല്ല ഇരുട്ടു്. ഈ സൂര്യൻ എന്തൊരു ഉറക്കമാണു്! ഇന്നലെ സ്ലീപ്പിങ് പിൽസു കഴിച്ചിട്ടാണോ സൂര്യൻ ഉറങ്ങാൻ കിടന്നതു്? കുട്ടി അക്ഷമയോടെ മേശപ്പുറത്തു വച്ചിരുന്ന ടൈംപീസിൽ നോക്കി. സമയം 3.30. എന്നും നേരം പുലരുന്നതു് എപ്പോഴാണെന്നു് അവനറിയില്ലായിരുന്നു. ആ നേരത്തു് എഴുന്നേലേ്ക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഏതായാലും അന്നു് അവൻ ഒരുവിധേന സൂര്യനെ ഉണർത്തിയെടുത്തു. കടകൾ തുറക്കാറുള്ള സമയം കണക്കാക്കി നേരെ പൈലിച്ചേട്ടന്റെ പീടികയിലേക്കു നടന്നു. കവണ എന്ന പേരു് അവൻ തലേന്നുതന്നെ മനഃപാഠമാക്കിയിരുന്നു. പൈലിച്ചേട്ടൻ കട തുറന്നതേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ കണ്ടയുടൻ അയാൾ പറഞ്ഞു. “മോൻ നേരത്തെ എത്തിയല്ലോ. കവണ അടുത്ത വെള്ളിയാഴ്ച കൊണ്ടുവരും കേട്ടോ. ഇന്നു സാധനങ്ങൾ എടുക്കാൻ പോണ ആളു വന്നില്ല.” കുട്ടിക്കുണ്ടായ നിരാശ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തിരിച്ചു നടക്കുമ്പോൾ അവൻ പിറുപിറുത്തു. “കവണ ഇല്ലാതെ ഇയാൾ എന്തിനാ കടയും തുറന്നിരിക്കുന്നതു്?” മാവിൻ ചുവട്ടിലെത്തിയ അവൻ മാങ്ങകളെ നോക്കി. കാറ്റിൽ മാവിലകൾ കൂട്ടിയിടയുന്ന ശബ്ദം. ഇലകൾ തന്നെ നോക്കി കൈകൊട്ടി കളിയാക്കി ചിരിക്കുന്നു! മാങ്ങകൾ അങ്ങോട്ടും ഇങ്ങോട്ടും തൊട്ടിലാടികൊണ്ടിരുന്നു. ആ വെള്ളിയാഴ്ച കുട്ടി വളരെ പ്രതീക്ഷയോടെതന്നെ പൈലിച്ചേട്ടന്റെ കടയിലെത്തി. “അടുത്ത വെള്ളിയാഴ്ച്ച കൊണ്ടു വരാം.” അയാൾ അവനെ വീണ്ടും നിരാശനാക്കി വിട്ടു. വെള്ളിയാഴ്ചകൾ പലതും കടന്നുപോയി. ഇടയ്ക്കു് ഒരു വെള്ളിയാഴ്ച കടയിൽ പോകാൻ കുട്ടിക്കു കഴിഞ്ഞില്ല. അടുത്ത തവണ ചെന്നപ്പോൾ പൈലിച്ചേട്ടൻ കിട്ടിയ അവസരം തന്റെ കച്ചവടതന്ത്രത്തിനായി മുതലെടുത്തു. “കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ടുവന്നതാണു്. അന്നുതന്നെ കുറെപ്പേർ വന്നു വാങ്ങികൊണ്ടുപോയി. മോനെ കാണാഞ്ഞപ്പേൾ ഞാൻ കരുതി ഇനി വേണ്ടായിരിക്കുമെന്നു്.” കുട്ടിക്കു പൈലിച്ചേട്ടനെന്ന അപ്പൂപ്പനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി.

     

    മാവിൻചുവട്ടിലെത്തിയിട്ടും മാവിലേക്കു നോക്കാൻ അവനു വല്ലാത്ത വിഷമം. താനും മാവും തമ്മിലുള്ള മത്സരത്തിൽ മാവു ജയിച്ചുകൊണ്ടിരിക്കുന്നു. മാവിനെ നോക്കാൻ അവനു ജാള്യത. ജേതാവിന്റെ അഹങ്കാരം തത്കാലം കാണണ്ട എന്നുതന്നെ അവൻ തീരുമാനിച്ചു. കവണ കിട്ടട്ടെ. ഞാൻ ജയിച്ചുകാണിച്ചു തരാം. അവൻ മനസ്സിൽ തീരുമാനമെടുത്തു. ഒഴിവുകാലം അവസാനിക്കാൻ ഇനി അധിക ദിവസങ്ങൾ ഇല്ല. ഏതായാലും ഈ വെള്ളിയാഴ്ചകൂടി പൈലിച്ചേട്ടന്റെ പീടികയിൽ പോകാം. ഇത്തവണയും കിട്ടിയില്ലെങ്കിൽ മാവിനോടു തോല്‌വി സമ്മതിച്ചേക്കാം. ദൃഢനിശ്ചയത്തോടെ എന്തും നേരിടാനുള്ള കരുത്തോടെ അന്നു് അവൻ കടയിൽ ചെന്നു. കടയിൽ എത്തും മുൻപുതന്നെ പൈലിച്ചേട്ടൻ കവണയെടുത്തു് അവന്റെ നേരെ നീട്ടി. “ഇതാ, മോനു വേണ്ടി എടുത്തുവച്ചിരുന്നു ഒരെണ്ണം.” പോക്കറ്റുമണിയായി ഉണ്ടായിരുന്ന നൂറുരൂപയുടെ നോട്ടും കൊണ്ടാണു് അവൻ കടയിൽ വന്നിരുന്നതു്. ആ നോട്ടെടുത്തു് അവൻ നീട്ടി. അതു മതിയാകുമോ എന്നു് അപ്പോഴാണു് അവൻ ഓർക്കുന്നതു്. കവണയും വാങ്ങി തിടുക്കത്തിൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പൈലിച്ചേട്ടൻ വിളിച്ചു. “ദേ… ബാക്കി കൊണ്ട്വോക്കോളൂ. എൺപതു രൂപയുണ്ടു്. സൂക്ഷിച്ചു് എണ്ണിനോക്കി പോക്കറ്റിലിട്ടോ.” എൺപതു് എന്നാൽ എത്രയാണെന്നു കുട്ടിക്കറിയില്ല. കിട്ടിയ ബാക്കി തുക എട്ടു പത്തു രൂപ നോട്ടുകൾ. ‘എയിറ്റി റുപ്പീസ്. അപ്പോ റ്റ്വന്റി റുപ്പീസേ ഉള്ളോ ഇതിനു്’ അവനു കവണയുടെ വിലക്കുറവിനെക്കുറിച്ചു് അതിശയം തോന്നി. നേരെ മാവിൻ ചുവട്ടിലെത്താൻ അവൻ റോഡിലൂടെ ഓടുകയായിരുന്നു. പുരാണത്തിൽ അർജ്ജുനൻ ഗാണ്ഡീവവുമായി പോകുന്നപോലെ ജയിക്കാൻ അവന്റെ ഹൃദയം കൊതിച്ചു. റോഡരികിൽനിന്നു മൂന്നുനാലു കല്ലുകളും പെറുക്കിയെടുത്താണു് അവൻ മാവിൻ ചുവട്ടിലെത്തിയതു്. “ഞാനിതാ നിന്നെ തോല്പിക്കാൻ കവണയുമായി എത്തിയിരിക്കുന്നു.” കവണയുടെ ഉൾവശത്തു കല്ലെടുത്തുവച്ചു സൈഡിലുള്ള റബർബാന്റു വലിച്ചു വച്ചു അവൻ മാങ്ങകളെ ലക്ഷ്യമിട്ടു. മാവിലേക്കു നോക്കിയ കുട്ടി ഞെട്ടിപ്പോയി. മാവിൽ മാങ്ങകൾ എല്ലാം തീർന്നിരിക്കുന്നു! ആ വലിയ മാവിന്റെ എല്ലാ വശങ്ങളിലും അവന്റെ കണ്ണുകൾ മാങ്ങകൾക്കുവേണ്ടി പരതി. ഇല്ല. ഒരെണ്ണം പോലുമില്ല! കാറ്റിൽ വീണ്ടും ഇലകളും ചില്ലകളും കൂട്ടിയടിച്ചു. താൻ തികച്ചും പരാജയപ്പെട്ടതായി അവൻ അറിഞ്ഞു.

     

    അവൻ അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു, ‘ക്രൂവൽ മാംഗോട്രീ…’ അവന്റെ മനസ്സു ശപിച്ചു. ആ ‘യൂസ്‌ലെസു് കാറ്റപൽറ്റു്’ അവനൊരു ഭാരമായി തോന്നി. യുദ്ധം തുടങ്ങും മുൻപേ പരാജയപ്പെട്ട പോരാളിയെപ്പോലെ ആയിരുന്നു അവൻ. പരീക്ഷ എഴുതാതെതന്നെ തോറ്റുപോയതുപോലെ. തല കുനിച്ചു് എന്തൊക്കെയൊ പിറുപിറുത്തുകൊണ്ടു് അവൻ മാവിൻച്ചുവട്ടിലൂടെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ‘ടപ്പ്’ ശബ്ദത്തോടെ അവന്റെ മുന്നിൽ ഭാരമുള്ള എന്തോ വന്നുവീണു. നടത്തം നിർത്തി അവൻ നോക്കി. ഒരു മുഴുത്ത മാമ്പഴം! “കാക്ക കൊത്തിയിട്ടതാകും.” അവൻ അടുത്തു ചെന്നു. യാതൊരു കുഴപ്പവുമില്ല… നല്ല പഴുത്ത മാമ്പഴം! അവൻ മുകളിലേക്കു നോക്കി. ‘ഇതു് എനിക്കുവേണ്ടി എവിടെ ഒളിപ്പിച്ചു വച്ചു?…’ ഇളംകാറ്റിൽ ഇലകളും ചില്ലകളും കൂട്ടിയടിച്ചു ചിരിച്ചു. “മുത്തശ്ശി തനിക്കുവേണ്ടി പലഹാരം ഉണ്ടാക്കി കാത്തിരിക്കുന്നപോലെ ഈ മാംഗോട്രീ എനിക്കു തരാൻ ഒരു മാമ്പഴം എവിടെയോ കാത്തുവച്ചിരിക്കുകയായിരുന്നു. എന്റെ മുത്തശ്ശിയെപ്പോലെ ഈ മാംഗോട്രീ എന്റെ വളരെ അടുത്ത ബന്ധുവാണോ?…” ആദ്യമായി അവനു മാവിനോടു് അഗാധമായ സ്നേഹം തോന്നി. ആ മാമ്പഴം കൈയിൽ വച്ചുകൊണ്ടു് അവൻ മാവിനു ചുറ്റും നൃത്തം ചെയ്തു. അടുത്ത ദിവസം കുട്ടിക്കു വെറുതെയൊന്നു മാവിൻ ചുവട്ടിൽ പോകാൻ തോന്നി. അവിടെ കുറച്ചാളുകൾ നില്ക്കുന്നു. അവരുടെ കൈയിൽ കോടാലിയും വലിയ കയറുമൊക്കെയുണ്ടു്.

     

    ഇവർ എന്തുചെയ്യാനാ ഭാവം? റോഡു വീതികൂട്ടാൻ പോകുന്നു എന്നു് ഇന്നലെ കേട്ടിരുന്നു. അതിനു മാംഗോട്രീ വെട്ടാനുള്ള ഒരുക്കങ്ങളാണോ? എതിരാളിക്കു് ആപത്തു വന്നിരിക്കുന്നു. ഏറെ സന്തോഷിക്കേണ്ട സമയം. പക്ഷേ, കുട്ടിക്കു മറിച്ചാണു തോന്നിയതു്. ‘ഇല്ല. ഈ മാംഗോട്രീ വെട്ടാൻ ഞാൻ സമ്മതിക്കില്ല.’ അവൻ കവണ കൈയിലെടുത്തു. തലേന്നു മാങ്ങ എറിയാൻ പെറുക്കിയെടുത്തു പോക്കറ്റിലിട്ടിരുന്ന കല്ലുകളിൽ ഒരെണ്ണം കവണയുടെ മദ്ധ്യത്തിൽ വച്ചു. റബർബാന്റു വലിച്ചുപിടിച്ചു. മരം വെട്ടാൻ കോടാലിയുമായി നിന്ന ഒരാളുടെ തലയെ ഉന്നം വച്ചു റബർബാന്റു് വലിച്ചു വിട്ടു. കൃത്യം അയാളുടെ തലയ്ക്കുതന്നെ അതു ചെന്നുകൊണ്ടു. കല്ലുകൾ ഓരോന്നായി കവണയിൽ വച്ചു ഓരോ തലകളെയും ലക്ഷ്യമിട്ടുകൊണ്ടു് അവൻ എറിഞ്ഞു. കാറ്റിൽ മാവിൻചില്ലകളും ഇലകളും കൂട്ടിയടിച്ചു ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. തന്റെ പ്രവൃത്തിയിൽ മാവു് ആനന്ദിക്കുകയാണെന്നും കൈയടിച്ചു തന്നെ അഭിനന്ദിക്കുകയാണെന്നും കുട്ടിക്കു തോന്നി. അവൻ കൂടുതൽ കൂടുതൽ ആവേശത്തോടെ കല്ലുകൾ എറിഞ്ഞുകൊണ്ടേയിരുന്നു.

     

    രാജശ്രീ കുമ്പളം