മക്കളേ, വാക്കു് അഗ്നിപോലെയാണു്. ചൂടും പ്രകാശവുമാണു് അഗ്നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അതു കേൾക്കുന്നവർക്കു് അറിവും സന്തോഷവും ലഭിക്കണം, അതു് അവരെ ശ്രേയസ്സിലേക്കു നയിക്കണം. എന്നാൽ, ഈ രീതിയിൽ നല്ല വാക്കുകൾ പറയുകയും ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്നവർ ഇന്നു ചുരുക്കമാണു്. നമ്മളിൽ പലരുടെയും വാക്കുകൾ നനഞ്ഞ വിറകുപോലെയോ വാഴപ്പിണ്ടിപോലെയോ ആണു്. അതിൽനിന്നു പുക മാത്രമേ കിട്ടുകയുള്ളൂ. കേൾക്കുന്നവരിൽ വെറുപ്പും വിദ്വേഷവും മാത്രമാണു് അതുണ്ടാക്കുന്നതു്. ചിലർക്കു സ്വന്തം മഹിമകൾ മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കാൻ പ്രത്യേക താത്പര്യമാണു്. അതു കേൾക്കുമ്പോൾ അവരോടു കൂടുതൽ ബഹുമാനം തോന്നുമെന്നാണു് അവർ കരുതുന്നതു്. എന്നാൽ അങ്ങനെ ചെയ്യുന്നതുവഴി സത്യത്തിൽ ഉള്ള ബഹുമാനംകൂടി നഷ്ടപ്പെടുകയാണു ചെയ്യുന്നതു്. മറ്റുള്ളവരുടെ കണ്ണിൽ അവർ സ്വയം പരിഹാസപാത്രമായി തീരുകയാണു്.
മിഥ്യാഭിമാനത്തിൽനിന്നാണു് ആത്മപ്രശംസ ഉണ്ടാകുന്നതു്. പരനിന്ദയാകട്ടെ പ്രത്യക്ഷത്തിൽത്തന്നെ ഹിംസയുമാണു്. കേൾക്കുന്നവരിൽ അതുണ്ടാക്കുന്ന വേദന ചെറുതല്ല. പ്രത്യേകിച്ചും നിന്ദിക്കപ്പെടുന്നവർ പ്രായംകൊണ്ടോ സ്ഥാനംകൊണ്ടോ നമ്മുടെ ആദരവു് അർഹിക്കുന്നവരാണെങ്കിൽ അതിന്റെ ദോഷം കൂടുതലാണു്. അവരുടെ വേദന നമുക്കു പ്രാരബ്ധദുഃഖമായി അനുഭവിക്കേണ്ടിവരും. പരനിന്ദയും ആത്മപ്രശംസയും നമ്മളെ എത്രമാത്രം അധഃപതിപ്പിക്കുന്നു എന്നു വ്യക്തമാക്കുന്ന ഒരു സന്ദർഭം മഹാഭാരതത്തിൽ നമുക്കു കാണാം. മഹാഭാരത യുദ്ധസമയത്തു്, കർണ്ണനുമായുള്ള യുദ്ധത്തിന്റെ ആദ്യദിവസം കർണ്ണനെ വധിക്കാൻ അർജ്ജുനനു സാധിച്ചില്ല. വൈകുന്നേരം ശിബിരത്തിലെത്തിയ അർജ്ജുനനോടു യുധിഷ്ഠിരൻ പറഞ്ഞു, “കർണ്ണനെ കൊല്ലുമെന്നു നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോൾ എന്തുപറ്റി? കർണ്ണനെ കൊല്ലാൻ സാധിക്കാത്ത സ്ഥിതിക്കു് ഇനി നിനക്കു് എന്തിനാണീ ഗാണ്ഡീവം? അതങ്ങു വലിച്ചെറിഞ്ഞേക്കൂ.” ഇതു കേട്ടു് അർജ്ജുനൻ ദേഷ്യംകൊണ്ടു തിളച്ചു. അർജ്ജുനനു് ഒരു പ്രതിജ്ഞയുണ്ടു്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാൽ അയാളെ കൊല്ലുമെന്നു്. ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ട അർജ്ജുനൻ പെട്ടെന്നു വാളൂരി യുധിഷ്ഠിരനെ കൊല്ലാനായി ഭാവിച്ചു.
അപ്പോൾ ശ്രീകൃഷ്ണഭഗവാൻ പറഞ്ഞു, “അർജ്ജുനാ, നില്ക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞയെടുത്തു എന്നതു സത്യംതന്നെ. എന്നാൽ, അതിനു യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയിൽ ആ പ്രതിജ്ഞ നിനക്കു നിറവേറ്റാം. യുധിഷ്ഠിരൻ നിന്റെ ജ്യേഷ്ഠനാണു്. ജ്യേഷ്ഠനെ നിന്ദിക്കുന്നതു വധിക്കുന്നതിനു സമമാണു്. അതുകൊണ്ടു യുധിഷ്ഠിരനെ നിന്ദിക്കുക. അപ്പോൾ നിന്റെ പ്രതിജ്ഞ സഫലമാകുകയും ചെയ്യും.” അതുകേട്ടു് അർജ്ജുനൻ യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചുകഴിഞ്ഞാണു് അർജ്ജുനനു സ്ഥലകാലബോധം വന്നതു്. കുറ്റബോധംകൊണ്ടു് അർജ്ജുനൻ ഉരുകി. “പിതൃതുല്യനായ ജ്യേഷ്ഠനെ ഞാൻ ദേഷ്യപ്പെട്ടു ചീത്ത വിളിച്ചല്ലോ, നീചമായി നിന്ദിച്ചല്ലോ. ഈ കൊടുംപാപത്തിനു് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളതു്?” ഇങ്ങനെ ചിന്തിച്ചു് അർജ്ജുനൻ ആത്മഹത്യചെയ്യാൻ തീരുമാനിച്ചു. തീയിൽ ചാടി മരിക്കാൻ തയ്യാറെടുത്തു. വീണ്ടും അർജ്ജുനനെ തടഞ്ഞുകൊണ്ടു ഭഗവാൻ പറഞ്ഞു, “അർജ്ജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; ഒരുപായമുണ്ടു്. സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യയ്ക്കു തുല്യമാണു്.” ഇതുകേട്ടു് അർജ്ജുനൻ സ്വന്തം ഗുണഗണങ്ങൾ എണ്ണിയെണ്ണി പറഞ്ഞു് ആത്മഹത്യ ചെയ്യുന്നതിൽനിന്നും പിന്തിരിഞ്ഞു.
അന്യരെ നിന്ദിക്കുകയും സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോൾ നമ്മൾ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണു് ഈ കഥയിൽനിന്നു നമ്മൾ മനസ്സിലാക്കേണ്ടതു്. പരനിന്ദ പരഹത്യയ്ക്കും ആത്മപ്രശംസ ആത്മഹത്യയ്ക്കും തുല്യമാണെന്നു പറയുമ്പോൾ വാക്കുകളുടെ ശക്തി അത്രയ്ക്കു വലുതാണെന്നാണു ഭഗവാൻ നമ്മെ മനസ്സിലാക്കിത്തരുന്നതു്. സൃഷ്ടിക്കും സംഹാരത്തിനും ഒരുപോലെ കാരണമാകുന്നതാണു വാക്കു്. സ്വന്തം ശക്തി മറന്നുപോയ ഹനുമാനു് ആത്മവീര്യം പകർന്നതു ജാംബവാന്റെ വാക്കുകളാണു്. കുരുക്ഷേത്രത്തിൽ മനസ്സു തളർന്നുപോയ അർജ്ജുനനെ ഭഗവാൻ തന്റെ വാക്കുകൾകൊണ്ടു് ഉദ്ധരിച്ചതു നമുക്കറിയുന്നതാണല്ലോ. അതുപോലെതന്നെ കർണ്ണനെ ശല്യരുടെ വാക്കുകൾ തളർത്തുന്നതും മന്ഥരയുടെ വാക്കുകൾ കൈകേയിയെ വഴിതെറ്റിക്കുന്നതും നമ്മൾകണ്ടു. അതിനാൽ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു വേദനയുണ്ടാക്കാത്തതും എന്നാൽ, അവർക്കു പ്രോത്സാഹനവും സന്തോഷവും നല്കുന്നതുമായിരിക്കാൻ ശ്രദ്ധിക്കുക. എവിടെ, എപ്പോൾ, എന്തു്, എങ്ങനെ സംസാരിക്കണം എന്നറിയുന്നവനു് എല്ലാ വിജയങ്ങളുമുണ്ടാകും.
മിതമായും പ്രിയമായും സംസാരിക്കാൻ കഴിയാത്തവനു് എത്രതന്നെ കഴിവുകളുണ്ടെങ്കിലും മറ്റുള്ളവരുടെ കൃപയ്ക്കു പാത്രമാകാൻ കഴിയില്ല. അങ്ങനെയുള്ളവർ വിജയിക്കുക പ്രയാസമാണു്. മറിച്ചു്, വിനയപൂർവ്വം മധുരമായി സംസാരിക്കാൻ കഴിവുള്ളവനു് എത്രതന്നെ കുറവുകളുണ്ടെങ്കിലും അയാൾ വിജയിക്കുന്നതു കാണാം. അതിനാൽ വാക്കുകളിൽ വിനയവും വിവേകവുമുണ്ടായിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. അതുപോലെതന്നെ മൗനം പാലിക്കേണ്ടിടത്തു മൗനം പാലിക്കാനും നമ്മൾ ശ്രദ്ധിക്കണം.