കുട്ടിയുടെ പുരയിടത്തിന്റെ ഒരു വശത്തായി നാട്ടുവഴിയോടു ചേർന്നു വലിയ ഒരു വയസ്സൻ മാവുണ്ടു്. അതു് ആരു് എന്നു നട്ടു എന്നു് ആർക്കുമറിയില്ല. മാനം മുട്ടി നില്ക്കുന്ന ചില്ലകളിൽ അങ്ങിങ്ങായി മാത്രം ചെറിയ മാങ്ങകൾ കാണാം. വടികൊണ്ടെറിഞ്ഞാൽ കുറെ ഇലകൾമാത്രം വീഴും. ആ മാവിന്റെ ചുവട്ടിൽ എത്തുമ്പോഴൊക്കെ കുട്ടി കൊതിയോടെ മാങ്ങകളെ നോക്കും. അതു മാങ്ങ തിന്നാനുള്ള കൊതികൊണ്ടു മാത്രമല്ല, മാങ്ങകൾ എറിഞ്ഞു വീഴ്ത്താനുള്ള, മാവിനെ ജയിക്കാനുള്ള അവന്റെ ഒരു ചോദന കൂടിയാണതു്. മാവിന്റെ ചില്ലകൾ തന്നെ നോക്കി വെല്ലുവിളിക്കുന്നതായിട്ടു് അവനു തേന്നി. ഒരു ചെറിയ മാങ്ങയുടെ ഞെട്ടിനെപ്പോലും എറിഞ്ഞു പൊട്ടിക്കാനാവാത്തതിൽ കുട്ടിക്കു സ്വയം നിന്ദ തോന്നി. ‘എന്നെ എന്തിനു കൊള്ളാം’, അവൻ അറിയാതെ പിറുപിറുത്തു. റോഡരികിൽ കിടന്ന ഒരു നീണ്ട കമ്പു കൈയിലൊതുക്കി സർവ്വശക്തിയുമെടുത്തു മാങ്ങയെ ലക്ഷ്യമാക്കി അവൻ ആഞ്ഞെറിഞ്ഞു. ആ കമ്പു മരചില്ലകളിലെവിടെയോ അപ്രത്യക്ഷമായി! താൻ പഠിച്ച ന്യൂട്ടൻസ് ലോ തെറ്റിയോ എന്നവൻ സംശയിച്ചു. ആറാം ക്ലാസ്സുകാരനായ അവൻ ന്യൂട്ടന്റെ നിയമം പഠിച്ചു തുടങ്ങിയിട്ടേയുള്ളൂ. മാവിൻ ചില്ലകൾ ഒളിപ്പിച്ചു വച്ച ആ കമ്പിനെക്കുറിച്ചു് ആലോചിച്ചു നേരം കളയാതെ അവൻ വീണ്ടും മറ്റൊരു കമ്പെടുത്തു മാങ്ങയെ ലക്ഷ്യമാക്കി എറിഞ്ഞു. അതു മാവിന്റെ ഏതോ ചില്ലയിൽ തട്ടിത്തെറിച്ചു് അവന്റെ തലയിൽതന്നെ വന്നു വീണു! മാവിനോടും മാങ്ങയോടും അവനു വല്ലാത്ത ദേഷ്യം തോന്നി.
“ഈ മാംഗോട്രീയുടെ ഒരു അഹങ്കാരം! ചെറിയ കുട്ടിയായതുകൊണ്ടു് എന്നെ കളിപ്പിക്കുകയാണല്ലേ. ഞാൻ ഒരു കാറ്റപൽട്ടു വാങ്ങട്ടെ. കാണിച്ചു തരാം.” കുട്ടി ആരോടെന്നില്ലാതെ പറഞ്ഞു. ഒരു കാറ്റപൽട്ടു വാങ്ങുക എന്നതായിരുന്നു അവന്റെ അടുത്ത ലക്ഷ്യം. നാട്ടിൻപുറത്തിന്റെയും പട്ടണത്തിന്റെയും മുഖച്ഛായയും സവിശേഷതകളുമുണ്ടെങ്കിലും ആവശ്യക്കാർ അന്വേഷിക്കുന്ന ഏതു സാധനവും ലഭിക്കാത്ത ഒരു ഗ്രാമമാണതു്. അവന്റെ സ്വന്തം നാടാണതു്. മുംബൈ നഗരത്തിലെ ഇടുങ്ങിയ ഫ്ലാറ്റിൽ അച്ഛനമ്മമാരോടൊപ്പം വളരുന്ന അവൻ ഒഴിവുകാലം മുഴുവനും ഈ ഗ്രാമത്തിലുണ്ടാകും, അപ്പൂപ്പനും അമ്മൂമ്മയോടും ഒപ്പം. ഒഴിവുകാലം തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പോഴേ കാറ്റപൽറ്റു് അന്വേഷിച്ചു തുടങ്ങണം. എന്നാലേ വൈകിയെങ്കിലും ഒരെണ്ണം കിട്ടൂ. അതു കിട്ടിയിട്ടു വേണം എല്ലാ മാങ്ങകളെയും എറിഞ്ഞു വീഴ്ത്താൻ. ആ മാവിനെ ജയിക്കാനുള്ള ആവേശം അവന്റെയുള്ളിൽ തിരയിളക്കം സൃഷ്ടിച്ചു. അവന്റെ ഗ്രാമത്തിനെ നെടുകെ പിളർന്നുകൊണ്ടു് ഒരു റോഡുണ്ടു്. അതിന്റെ ഇരുവശങ്ങളിൽ അങ്ങിങ്ങായി ചില കടകൾ കാണാം. കുട്ടിക്കു് ആ കടകളിൽ പോയിട്ടുള്ള ശീലമില്ല. മെട്രോ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന അവനു കാറ്റപൽറ്റിന്റെ നാടൻപേരും അറിയില്ല. ഒരു കടയുടെ മുന്നിൽ ചെന്നുനിന്നു് ഉള്ളിലേക്കു് അവൻ പാളി നോക്കി. ‘ഇവിടെ കാറ്റപൽറ്റു് ഉണ്ടാകുമോ… കുറച്ചു ലേഡീസ് ഫിൻഗറും പൊട്ടറ്റോയും ഒണിയനും മാത്രമേ പുറത്തു കാണുന്നുള്ളൂ. വേണ്ട… ചോദിക്കണ്ട…’ അവൻ സ്വയം നിയന്ത്രിച്ചു് അടുത്ത കടയിലേക്കു നടക്കും, അതു കുറെ ദൂരെയാണെങ്കിലും. ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഇതുവരെ ഒരു കടയിലും കയറി കാറ്റപൽറ്റു് ഉണ്ടോ എന്നു ചോദിക്കാൻ അവനു കഴിഞ്ഞില്ല. അത്രയ്ക്കു സങ്കോചമായിരുന്നു അവന്റെ കുഞ്ഞുമനസ്സിനു്. എങ്കിലും ഞെട്ടിൽ തൂങ്ങിയാടുന്ന മാങ്ങകളും മാവും കാണുമ്പോൾ അവനു വീണ്ടും വീര്യം വരും.
‘ഹും!’ ഞാൻ കാണിച്ചു തരാം. ആവശ്യം ആവേശത്തിനു വഴിയൊരുക്കുംപോലെ വീണ്ടും കടകൾ തേടിയുള്ള അവന്റെ യാത്ര തുടരും. കുട്ടിയുടെ വീടിന്റെ വളരെ അകലെയായി പൈലിച്ചേട്ടന്റെ പീടികയെപ്പറ്റി അവൻ കേട്ടിട്ടുണ്ടു്. ഇത്രയും ദൂരെ ഒറ്റയ്ക്കു് എങ്ങനെ പോകും? സാരമില്ല പോവുകതന്നെ. കാറ്റപൽറ്റു കിട്ടേണ്ടതു് അവനു് അത്രയ്ക്കു് അത്യാവശ്യമായിരുന്നു. ടാറിട്ട റോഡാണെങ്കിലും പൈലിച്ചേട്ടന്റെ പീടികയിലേക്കുള്ള നടത്തം അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ആദ്യമായാണു് ഇത്രയും ദൂരം ഒറ്റയ്ക്കു നടക്കുന്നതു്. ‘പൈലിച്ചേട്ടന്റെ പീടിക’ ഏതാണെന്നു് എതിരെ നടന്നു വരുന്ന ഒരാളോടു് അവൻ തിരക്കി. മറുപടിയൊന്നും പറയാതെ അയാൾ കുട്ടിയെ ആകപ്പാടെ ഒന്നു നോക്കി. ‘നീ എവിടുത്തെയാ? മുൻപു കണ്ടിട്ടില്ലല്ലോ?’ ‘ഇയാളാരു്! ഷെർലകു് ഹോംസോ?’ എന്നു മനസ്സിൽ പറഞ്ഞുകൊണ്ടു് അയാളുടെ ചോദ്യങ്ങൾക്കു് ഉത്തരം പറയാതെ അവൻ നടത്തം തുടർന്നു. ആരോടെങ്കിലും ചോദിക്കാതെ കട ഏതാണെന്നു് എങ്ങനെ മനസ്സിലാക്കും? നടന്നുനടന്നു് ഒരു കടയുടെ മുന്നിലെത്തി. അവിടെ ചോദിച്ചാൽ പൈലിച്ചേട്ടന്റെ പീടിക കാണിച്ചുതരുമായിരിക്കും. കടയുടെ പുറത്തു രണ്ടു നേന്ത്രക്കുലകൾ തൂങ്ങിക്കിടക്കുന്നു. ഒരു ഡെസ്കിന്റെ മുകളിൽ കുറെ മിഠായിക്കുപ്പികളും. അതിനുള്ളിലെ മിഠായി അവനു് ഒട്ടും പരിചയം തോന്നിയില്ല. വളരെ ചെറിയ ഒരു കടയായിരുന്നു അതു്. അകത്തേക്കു തലയിട്ടു നോക്കിയിട്ടു കുട്ടിക്കു് ഒന്നും കാണാൻ പറ്റുന്നില്ല. എന്തൊരിരുട്ടു്! ഇതിനകത്തു മനുഷ്യരാരുമില്ലേ? ഉള്ളിലെവിടെയെങ്കിലും ഇരിപ്പുണ്ടാകും. കടയുടെ ഉള്ളിലേക്കു കയറാൻ പറ്റില്ല. മരത്തിന്റെ പടികൾ ഒരു ഗ്രില്ലുപോലെ വച്ചിട്ടുണ്ടു്. ഇരുട്ടിലേക്കു തലയിട്ടു കുട്ടി ചോദിച്ചു “പൈലിച്ചേട്ടന്റെ കടയേതാ?” “ആരാ? എന്തുവേണം?” ലുങ്കിയുടുത്തു്, ഷർട്ടില്ലാത്ത കുടവയർ പ്രദർശിപ്പിച്ചുകൊണ്ടു്, വയസ്സനെങ്കിലും തടിയനായ ഒരാൾ പുറത്തേക്കു വന്നു. അയാളുടെ വായ നിറയെ എന്തോ കിടപ്പുണ്ടു്. അതും ചവച്ചുകൊണ്ടാണു സംസാരിക്കുന്നതു്.
ചുണ്ടു ചുവന്നിരിക്കുന്നു. കുട്ടിക്കു വല്ലാതെ അറപ്പു തോന്നിയെങ്കിലും ചോദ്യം ആവർത്തിച്ചു. “പൈലിച്ചേട്ടന്റെ…..” “ഇതുതന്നെയാ, എന്താ വേണ്ടതു്?” “കാറ്റപൽറ്റുണ്ടോ ഇവിടെ?” ലക്ഷ്യസ്ഥാനത്തെത്തിയ ആഹ്ലാദം സഹിക്കാനാവാതെ അവൻ പെട്ടെന്നു ചോദിച്ചു. ‘എന്തു സാധനം?’ അയാൾ തന്റെ മത്തക്കണ്ണുകൾകൊണ്ടു് അവനെയൊന്നുഴിഞ്ഞു. ‘ഈ അപ്പൂപ്പനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? കാറ്റപൽറ്റിനു് ഇയാൾ വിളിക്കുന്ന പേരു് എന്തായിരിക്കും?’ കാറ്റപൽറ്റിന്റെ നാട്ടുപേരു് അറിയാതെ കുട്ടി കുഴങ്ങി. “മോനു് എന്താ വേണ്ടതു്?” കുട്ടിയുടെ ദയനീയ മുഖം കണ്ടിട്ടു് അയാൾക്കു പാവം തോന്നി. “ഈ മാവിലേക്കു കല്ലെറിയുന്ന ഒരു സാധനമില്ലേ. ദേ.. ഇങ്ങനെ വച്ചു…” അവൻ കഥകളി മുദ്രകാണിച്ചുകൊടുത്തു. അവന്റെ അഭിനയസിദ്ധികൊണ്ടോ എന്തോ അയാൾക്കു കാര്യം പിടികിട്ടി. “ഓഹോ കവണയാണല്ലേ വേണ്ടതു്. അതു തീർന്നുപോയി. നാളെ വരു കേട്ടോ.” “ഞാൻ ചോദിച്ചതു് എന്താണെന്നു അപ്പൂപ്പനു മനസ്സിലായോ?” അവനു സംശയം കാറ്റപൽറ്റു് എന്താണെന്നു മനസ്സിലാകാതെ തീർന്നുപോയി എന്നു പറഞ്ഞതാകും. അങ്ങനെ തീർന്നുപോകാൻ അത്രയ്ക്കു ഡിമാന്റുണ്ടോ അതിനു്? “എനിക്കു മനസ്സിലായി. കവണയെന്നാ അതിനെ പറയുന്നെ. അതു തീർന്നുപോയി. നാളെ വരും.” തന്റെ കടയിൽ ഒരു സാധനം ഇല്ല എന്നതിനു പകരം തീർന്നുപോയി, നാളെ വരും എന്നൊക്കെ സുഖിപ്പിച്ചു പറയുന്ന കച്ചവടക്കാരന്റെ സൂത്രം കുട്ടിക്കു മനസ്സിലായില്ല. ഒന്നുവേഗം നാളെ ആയെങ്കിൽ എന്നാശിച്ചുകൊണ്ടു് അവൻ പറഞ്ഞു, “ശരി നാളെ വരാം.” തിരിച്ചു നടക്കുമ്പോൾ അവൻ ‘കവണ’ എന്ന മലയാളം പേരു് ഉരുവിട്ടുകൊണ്ടിരുന്നു. അന്നത്തെ രാത്രിക്കു നീളം കൂടുതൽ ഉണ്ടെന്നു് അവനു തോന്നി. ഒറ്റയ്ക്കു് ഒരു കട കണ്ടുപിടിക്കുക എന്ന വലിയൊരു കാര്യം ചെയ്തതിലും ഒരു പുതിയ പേരു പഠിച്ചതിലും അവനു് അഭിമാനം തോന്നി. സൂര്യനുദിക്കുന്നതിനു വളരെ മുൻപുതന്നെ അവൻ ഉണർന്നു. ജനലിൽക്കൂടി നോക്കിയപ്പോൾ പുറത്തു നല്ല ഇരുട്ടു്. ഈ സൂര്യൻ എന്തൊരു ഉറക്കമാണു്! ഇന്നലെ സ്ലീപ്പിങ് പിൽസു കഴിച്ചിട്ടാണോ സൂര്യൻ ഉറങ്ങാൻ കിടന്നതു്? കുട്ടി അക്ഷമയോടെ മേശപ്പുറത്തു വച്ചിരുന്ന ടൈംപീസിൽ നോക്കി. സമയം 3.30. എന്നും നേരം പുലരുന്നതു് എപ്പോഴാണെന്നു് അവനറിയില്ലായിരുന്നു. ആ നേരത്തു് എഴുന്നേലേ്ക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഏതായാലും അന്നു് അവൻ ഒരുവിധേന സൂര്യനെ ഉണർത്തിയെടുത്തു. കടകൾ തുറക്കാറുള്ള സമയം കണക്കാക്കി നേരെ പൈലിച്ചേട്ടന്റെ പീടികയിലേക്കു നടന്നു. കവണ എന്ന പേരു് അവൻ തലേന്നുതന്നെ മനഃപാഠമാക്കിയിരുന്നു. പൈലിച്ചേട്ടൻ കട തുറന്നതേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ കണ്ടയുടൻ അയാൾ പറഞ്ഞു. “മോൻ നേരത്തെ എത്തിയല്ലോ. കവണ അടുത്ത വെള്ളിയാഴ്ച കൊണ്ടുവരും കേട്ടോ. ഇന്നു സാധനങ്ങൾ എടുക്കാൻ പോണ ആളു വന്നില്ല.” കുട്ടിക്കുണ്ടായ നിരാശ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തിരിച്ചു നടക്കുമ്പോൾ അവൻ പിറുപിറുത്തു. “കവണ ഇല്ലാതെ ഇയാൾ എന്തിനാ കടയും തുറന്നിരിക്കുന്നതു്?” മാവിൻ ചുവട്ടിലെത്തിയ അവൻ മാങ്ങകളെ നോക്കി. കാറ്റിൽ മാവിലകൾ കൂട്ടിയിടയുന്ന ശബ്ദം. ഇലകൾ തന്നെ നോക്കി കൈകൊട്ടി കളിയാക്കി ചിരിക്കുന്നു! മാങ്ങകൾ അങ്ങോട്ടും ഇങ്ങോട്ടും തൊട്ടിലാടികൊണ്ടിരുന്നു. ആ വെള്ളിയാഴ്ച കുട്ടി വളരെ പ്രതീക്ഷയോടെതന്നെ പൈലിച്ചേട്ടന്റെ കടയിലെത്തി. “അടുത്ത വെള്ളിയാഴ്ച്ച കൊണ്ടു വരാം.” അയാൾ അവനെ വീണ്ടും നിരാശനാക്കി വിട്ടു. വെള്ളിയാഴ്ചകൾ പലതും കടന്നുപോയി. ഇടയ്ക്കു് ഒരു വെള്ളിയാഴ്ച കടയിൽ പോകാൻ കുട്ടിക്കു കഴിഞ്ഞില്ല. അടുത്ത തവണ ചെന്നപ്പോൾ പൈലിച്ചേട്ടൻ കിട്ടിയ അവസരം തന്റെ കച്ചവടതന്ത്രത്തിനായി മുതലെടുത്തു. “കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ടുവന്നതാണു്. അന്നുതന്നെ കുറെപ്പേർ വന്നു വാങ്ങികൊണ്ടുപോയി. മോനെ കാണാഞ്ഞപ്പേൾ ഞാൻ കരുതി ഇനി വേണ്ടായിരിക്കുമെന്നു്.” കുട്ടിക്കു പൈലിച്ചേട്ടനെന്ന അപ്പൂപ്പനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി.
മാവിൻചുവട്ടിലെത്തിയിട്ടും മാവിലേക്കു നോക്കാൻ അവനു വല്ലാത്ത വിഷമം. താനും മാവും തമ്മിലുള്ള മത്സരത്തിൽ മാവു ജയിച്ചുകൊണ്ടിരിക്കുന്നു. മാവിനെ നോക്കാൻ അവനു ജാള്യത. ജേതാവിന്റെ അഹങ്കാരം തത്കാലം കാണണ്ട എന്നുതന്നെ അവൻ തീരുമാനിച്ചു. കവണ കിട്ടട്ടെ. ഞാൻ ജയിച്ചുകാണിച്ചു തരാം. അവൻ മനസ്സിൽ തീരുമാനമെടുത്തു. ഒഴിവുകാലം അവസാനിക്കാൻ ഇനി അധിക ദിവസങ്ങൾ ഇല്ല. ഏതായാലും ഈ വെള്ളിയാഴ്ചകൂടി പൈലിച്ചേട്ടന്റെ പീടികയിൽ പോകാം. ഇത്തവണയും കിട്ടിയില്ലെങ്കിൽ മാവിനോടു തോല്വി സമ്മതിച്ചേക്കാം. ദൃഢനിശ്ചയത്തോടെ എന്തും നേരിടാനുള്ള കരുത്തോടെ അന്നു് അവൻ കടയിൽ ചെന്നു. കടയിൽ എത്തും മുൻപുതന്നെ പൈലിച്ചേട്ടൻ കവണയെടുത്തു് അവന്റെ നേരെ നീട്ടി. “ഇതാ, മോനു വേണ്ടി എടുത്തുവച്ചിരുന്നു ഒരെണ്ണം.” പോക്കറ്റുമണിയായി ഉണ്ടായിരുന്ന നൂറുരൂപയുടെ നോട്ടും കൊണ്ടാണു് അവൻ കടയിൽ വന്നിരുന്നതു്. ആ നോട്ടെടുത്തു് അവൻ നീട്ടി. അതു മതിയാകുമോ എന്നു് അപ്പോഴാണു് അവൻ ഓർക്കുന്നതു്. കവണയും വാങ്ങി തിടുക്കത്തിൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പൈലിച്ചേട്ടൻ വിളിച്ചു. “ദേ… ബാക്കി കൊണ്ട്വോക്കോളൂ. എൺപതു രൂപയുണ്ടു്. സൂക്ഷിച്ചു് എണ്ണിനോക്കി പോക്കറ്റിലിട്ടോ.” എൺപതു് എന്നാൽ എത്രയാണെന്നു കുട്ടിക്കറിയില്ല. കിട്ടിയ ബാക്കി തുക എട്ടു പത്തു രൂപ നോട്ടുകൾ. ‘എയിറ്റി റുപ്പീസ്. അപ്പോ റ്റ്വന്റി റുപ്പീസേ ഉള്ളോ ഇതിനു്’ അവനു കവണയുടെ വിലക്കുറവിനെക്കുറിച്ചു് അതിശയം തോന്നി. നേരെ മാവിൻ ചുവട്ടിലെത്താൻ അവൻ റോഡിലൂടെ ഓടുകയായിരുന്നു. പുരാണത്തിൽ അർജ്ജുനൻ ഗാണ്ഡീവവുമായി പോകുന്നപോലെ ജയിക്കാൻ അവന്റെ ഹൃദയം കൊതിച്ചു. റോഡരികിൽനിന്നു മൂന്നുനാലു കല്ലുകളും പെറുക്കിയെടുത്താണു് അവൻ മാവിൻ ചുവട്ടിലെത്തിയതു്. “ഞാനിതാ നിന്നെ തോല്പിക്കാൻ കവണയുമായി എത്തിയിരിക്കുന്നു.” കവണയുടെ ഉൾവശത്തു കല്ലെടുത്തുവച്ചു സൈഡിലുള്ള റബർബാന്റു വലിച്ചു വച്ചു അവൻ മാങ്ങകളെ ലക്ഷ്യമിട്ടു. മാവിലേക്കു നോക്കിയ കുട്ടി ഞെട്ടിപ്പോയി. മാവിൽ മാങ്ങകൾ എല്ലാം തീർന്നിരിക്കുന്നു! ആ വലിയ മാവിന്റെ എല്ലാ വശങ്ങളിലും അവന്റെ കണ്ണുകൾ മാങ്ങകൾക്കുവേണ്ടി പരതി. ഇല്ല. ഒരെണ്ണം പോലുമില്ല! കാറ്റിൽ വീണ്ടും ഇലകളും ചില്ലകളും കൂട്ടിയടിച്ചു. താൻ തികച്ചും പരാജയപ്പെട്ടതായി അവൻ അറിഞ്ഞു.
അവൻ അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു, ‘ക്രൂവൽ മാംഗോട്രീ…’ അവന്റെ മനസ്സു ശപിച്ചു. ആ ‘യൂസ്ലെസു് കാറ്റപൽറ്റു്’ അവനൊരു ഭാരമായി തോന്നി. യുദ്ധം തുടങ്ങും മുൻപേ പരാജയപ്പെട്ട പോരാളിയെപ്പോലെ ആയിരുന്നു അവൻ. പരീക്ഷ എഴുതാതെതന്നെ തോറ്റുപോയതുപോലെ. തല കുനിച്ചു് എന്തൊക്കെയൊ പിറുപിറുത്തുകൊണ്ടു് അവൻ മാവിൻച്ചുവട്ടിലൂടെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ‘ടപ്പ്’ ശബ്ദത്തോടെ അവന്റെ മുന്നിൽ ഭാരമുള്ള എന്തോ വന്നുവീണു. നടത്തം നിർത്തി അവൻ നോക്കി. ഒരു മുഴുത്ത മാമ്പഴം! “കാക്ക കൊത്തിയിട്ടതാകും.” അവൻ അടുത്തു ചെന്നു. യാതൊരു കുഴപ്പവുമില്ല… നല്ല പഴുത്ത മാമ്പഴം! അവൻ മുകളിലേക്കു നോക്കി. ‘ഇതു് എനിക്കുവേണ്ടി എവിടെ ഒളിപ്പിച്ചു വച്ചു?…’ ഇളംകാറ്റിൽ ഇലകളും ചില്ലകളും കൂട്ടിയടിച്ചു ചിരിച്ചു. “മുത്തശ്ശി തനിക്കുവേണ്ടി പലഹാരം ഉണ്ടാക്കി കാത്തിരിക്കുന്നപോലെ ഈ മാംഗോട്രീ എനിക്കു തരാൻ ഒരു മാമ്പഴം എവിടെയോ കാത്തുവച്ചിരിക്കുകയായിരുന്നു. എന്റെ മുത്തശ്ശിയെപ്പോലെ ഈ മാംഗോട്രീ എന്റെ വളരെ അടുത്ത ബന്ധുവാണോ?…” ആദ്യമായി അവനു മാവിനോടു് അഗാധമായ സ്നേഹം തോന്നി. ആ മാമ്പഴം കൈയിൽ വച്ചുകൊണ്ടു് അവൻ മാവിനു ചുറ്റും നൃത്തം ചെയ്തു. അടുത്ത ദിവസം കുട്ടിക്കു വെറുതെയൊന്നു മാവിൻ ചുവട്ടിൽ പോകാൻ തോന്നി. അവിടെ കുറച്ചാളുകൾ നില്ക്കുന്നു. അവരുടെ കൈയിൽ കോടാലിയും വലിയ കയറുമൊക്കെയുണ്ടു്.
ഇവർ എന്തുചെയ്യാനാ ഭാവം? റോഡു വീതികൂട്ടാൻ പോകുന്നു എന്നു് ഇന്നലെ കേട്ടിരുന്നു. അതിനു മാംഗോട്രീ വെട്ടാനുള്ള ഒരുക്കങ്ങളാണോ? എതിരാളിക്കു് ആപത്തു വന്നിരിക്കുന്നു. ഏറെ സന്തോഷിക്കേണ്ട സമയം. പക്ഷേ, കുട്ടിക്കു മറിച്ചാണു തോന്നിയതു്. ‘ഇല്ല. ഈ മാംഗോട്രീ വെട്ടാൻ ഞാൻ സമ്മതിക്കില്ല.’ അവൻ കവണ കൈയിലെടുത്തു. തലേന്നു മാങ്ങ എറിയാൻ പെറുക്കിയെടുത്തു പോക്കറ്റിലിട്ടിരുന്ന കല്ലുകളിൽ ഒരെണ്ണം കവണയുടെ മദ്ധ്യത്തിൽ വച്ചു. റബർബാന്റു വലിച്ചുപിടിച്ചു. മരം വെട്ടാൻ കോടാലിയുമായി നിന്ന ഒരാളുടെ തലയെ ഉന്നം വച്ചു റബർബാന്റു് വലിച്ചു വിട്ടു. കൃത്യം അയാളുടെ തലയ്ക്കുതന്നെ അതു ചെന്നുകൊണ്ടു. കല്ലുകൾ ഓരോന്നായി കവണയിൽ വച്ചു ഓരോ തലകളെയും ലക്ഷ്യമിട്ടുകൊണ്ടു് അവൻ എറിഞ്ഞു. കാറ്റിൽ മാവിൻചില്ലകളും ഇലകളും കൂട്ടിയടിച്ചു ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. തന്റെ പ്രവൃത്തിയിൽ മാവു് ആനന്ദിക്കുകയാണെന്നും കൈയടിച്ചു തന്നെ അഭിനന്ദിക്കുകയാണെന്നും കുട്ടിക്കു തോന്നി. അവൻ കൂടുതൽ കൂടുതൽ ആവേശത്തോടെ കല്ലുകൾ എറിഞ്ഞുകൊണ്ടേയിരുന്നു.
രാജശ്രീ കുമ്പളം