Category: Blog

  • കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി

    കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി

    മുന്നമൊരായിരം ജന്മമെടുത്തു നീ മന്നിതിൽ ധർമ്മരഥം തെളിച്ചു…; നിൻശ്വേതവസ്ത്രാഞ്ചലത്തിൽ പിടിച്ചു ഞാൻ അന്നൊക്കെ നിന്നെ അനുഗമിച്ചു. കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിക്കരഞ്ഞും പിണങ്ങിപ്പിരിഞ്ഞും കരം പിടിച്ചും ഇന്നും നിൻ കാല്ക്കൽ വലംവച്ചിഴയും ഇളംകുരുന്നാണിവനമ്മേ.

     

    സ്നേഹമൃദൂഷ്മള സാരസല്ലാപങ്ങൾ ചേതസ്സിലാനന്ദനിർവൃതിധാരകൾ ജ്ഞാനാർക്കഭാസ്വൽപ്രഭാതം തെളിപ്പു നിൻ തൂമന്ദഹാസാനനം മാനസത്തിൽ. മാതൃവാത്സല്യത്തിൻ മാർദ്ദവലാളനം ഈറൻനിലാവുപോലുള്ളം തഴുകവേ ആയിരം നെയ്ത്തിരി നാളങ്ങളാൽ നിന്നെ ആരാധനം ചെയ്‌വൂ സാദരം ഞാൻ സദാ. തേനൂറുമുമ്മയും സ്നേഹവാത്സല്യവും ഓമൽക്കിടാങ്ങൾക്കുണർവ്വു വർഷിക്കെ—നിൻ കാരുണ്യപീയൂഷലോലനേത്രങ്ങളിൽ ലോകം കുളിർത്തുനില്ക്കുന്നു നിരന്തരം.

  • വിശ്വപ്രേമത്തിന്റെ അമൃതശാന്തി

    വിശ്വപ്രേമത്തിന്റെ അമൃതശാന്തി

    ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിന്റെ നിഴലിൽ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങൾകൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആൽബർട്ടു് ഐൻസ്റ്റീനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കൾ ശ്രമിച്ചതു്. “The contemporary situation is pregnant with great possibilities, enormous dangers, and immeasurable rewards.” It may be the end by destroying itself, or its spiritual energy may resurrect, ushering in a new era in which this world will become a true home for humanity.” – (Belief restoration)
    ഭാരതീയദർശനത്തിന്റെ ലോകാചാര്യനായ ഡോ. എസ്. രാധാകൃഷ്ണന്റെ ഈ വാക്കുകൾക്കുമുണ്ടു പ്രവചനസ്വഭാവം. യാന്ത്രികസംസ്‌കാരത്തിന്റെ വ്യാപ്തിയോടുകൂടിയാണു ലോകജീവിതം ഏകത്വത്തിൽനിന്നു നാനാത്വത്തിലേക്കുള്ള പ്രയാണമാരംഭിച്ചതു്. അതോടെ ‘ഇദം ന മമ’ എന്ന ത്യാഗമന്ത്രം ‘ഇദം മമ’ എന്ന ഭോഗതന്ത്രമായി മാറിക്കഴിഞ്ഞു. ലോകത്തിനു നിരുപാധികസ്നേഹത്തിന്റെ തിരിച്ചറിവുണ്ടാക്കുക എന്നതു് ഒരു വെല്ലുവിളിയാണെന്നു മനസ്സിലാക്കുകയും തളരാതെ മാനവികതയുടെ ഏകീകരണത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുന്ന ഒരു മഹാത്മാവു് ഇവിടെ അനിവാര്യമാണു്. ഭാരതത്തിന്റെ ചിരന്തനമായ ഭൂതകാലപാരമ്പര്യബോധത്തിൽനിന്നു തപസ്സുചെയ്തു ഉദാരതയുടെ പൂർണ്ണതയിലെത്തിയ ഒരു മഹാത്മാവുണ്ടായി ഈ ലോകത്തു് ആധുനികകാലത്തു്, ഈ മലയാളനാട്ടിലെ ഒരു കുഗ്രാമത്തിൽനിന്നു്! ആ സംരക്ഷകചൈതന്യമാണു മാതാ അമൃതാനന്ദമയീദേവി.

     

    വിനാശത്തിന്റെ വക്കത്തുകിടക്കുന്ന പുതിയ ലോകത്തെ വിവേകത്തിന്റെ മഹാസ്വപ്നങ്ങളിലേക്കു കൺമിഴിപ്പിക്കാനാണു് അമ്മ നിരന്തരമായി ലോകപര്യടനങ്ങൾ നടത്തുന്നതു്. 1987-ൽ ആരംഭിച്ച ഈ പര്യടനങ്ങൾ എത്രത്തോളം സഫലമാണെന്നതിന്റെ പ്രത്യക്ഷനിദർശനമാണു് 2003-ൽ നാം കണ്ടതു്. അന്നു് ‘അമൃതവർഷം50’ ആഘോഷിച്ചതു 191 രാജ്യങ്ങളുടെ പ്രാതിനിധ്യത്തോടെയായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമുള്ള ആത്മീയമതനായകന്മാർ കൊച്ചിയിലൊത്തുകൂടി. ലോകസമാധാനത്തിന്റെയും സമന്വയചിന്തയുടെയും യജ്ഞമാണു് അവിടെ നടന്നതു്.
    വിശ്വശാന്തിയുടെ ലയമാധുര്യത്തിനായി മതങ്ങൾ സമാശ്ലേഷിച്ചു. ഈ ദൗത്യത്തിന്റെ തുടർച്ചയാണു് ഇന്നും അമ്മ വിശ്വഗതമായി നടത്തിക്കൊണ്ടിരിക്കുന്ന പര്യടനങ്ങൾ.
    അമ്മയുടെ പര്യടനങ്ങളെ മൂന്നു വിഭാഗത്തിൽ പെടുത്താവുന്നതാണു്. ഒന്നു കേരളീയം. രണ്ടു ഭാരതീയം.
    മൂന്നു് അന്തർദ്ദേശീയം. മലയാളത്തിന്റെ മണ്ണിൽ വേരൂന്നി ഭാരതഭൂഖണ്ഡമാകെ തടിയും ശാഖിയും നിവർത്തി ലോകസാകല്യത്തിലേക്കു പടർന്നു വിതതവിശാലമാകുന്ന ഒരു മഹാവൃക്ഷത്തിന്റെ പ്രതീതിയാണു് അമ്മയുടെ ലോകപര്യടനങ്ങൾ സൃഷ്ടിക്കുന്നതു്.
    വിശ്വമാനവരാശിക്കൊട്ടാകെ പൂവും കായും സമൃദ്ധമായി കൊടുക്കുന്ന ഒരു മഹാവൃക്ഷം! അമ്മയുടെ ലോകപര്യടനത്തിനു മതമോ ജാതിയോ വർഗ്ഗമോ ഭാഷയോ ഒന്നും തടസ്സമാകുന്നില്ല. അതിന്നു് ഇപ്പറഞ്ഞവയെല്ലാം ഒന്നിലൊതുങ്ങുകയാണു് വിശ്വപ്രേമത്തിൽ! ജപ്പാനിലും ജർമ്മനിയിലും അമേരിക്കയിലും മറ്റേതന്യരാജ്യങ്ങളിലും അമ്മയ്ക്കു് ഒന്നേ വിതയ്ക്കാനുള്ളൂ. ഭാരതത്തിന്റെ അക്ഷയമായ ഈ അമൃതശാന്തി.

     

    അമ്മ എന്തിനാണു പര്യടനങ്ങൾക്കിറങ്ങുന്നതു്?
    ഒരിടത്തു സ്വസ്ഥമായിരുന്നാൽപ്പോരേ? ഇങ്ങനെ ചോദിക്കുന്നവരുണ്ടാകാം. എന്നാൽ ആശയപ്രചരണത്തിനു വ്യക്തിഗതവും സമൂഹഗതവുമായ രണ്ടു വഴികളുണ്ടു്.
    മക്കൾ അമ്മയെത്തേടി എത്തുന്നതും അമ്മ മക്കളെ തേടി എത്തുന്നതും. പാരസ്പര്യത്തിന്റെ രണ്ടു മുഖങ്ങളാണു്.
    സ്ഥലകാലരാശികളെ അതിലംഘിക്കുന്ന തേജസ്സിന്റെ പരിക്രമണമാണതു്. സനാതനധർമ്മത്തിലധിഷ്ഠിതമായ മാനവികതയെ ഏകലക്ഷ്യമാക്കുമ്പോൾ സമാധാനപ്രചരണത്തിനുള്ള ഏകമാർഗ്ഗവും ഇത്തരം ലോകപര്യടനങ്ങൾതന്നെയാകുന്നു. ഇതെഴുതുമ്പോൾ അമ്മയുടെ വിശ്വഗതങ്ങളായ പല പ്രഭാഷണങ്ങളുടെയും അലയൊലി എന്റെ മനസ്സിലുണ്ടു്. 1993 സെപ്തംബർ മൂന്നാം തീയതി ചിക്കാഗോവിൽ നടന്ന വിശ്വമതമഹാസമ്മേളനത്തിൽവച്ചു് അമ്മ പറഞ്ഞു, “മനുഷ്യനെ ഈശ്വരനാക്കുക ഇതാണു മതത്തിന്റെ, സനാതനധർമ്മത്തിന്റെ ലക്ഷ്യം. ഹൃദയവും ഹൃദയത്തിന്റെ ഭാവങ്ങളും നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു.
    നാം മറന്നുപോയ മതത്തിന്റെ ഭാഷ കാരുണ്യത്തിന്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഭാഷ നമ്മൾ മറന്നുപോയിരിക്കുന്നു.” 1893-ൽ ഒരു ശതവർഷം മുൻപു്, ഇതേ ചിക്കാഗോവിൽ വച്ചാണു സ്വാമി വിവേകാനന്ദനും വിശ്വമതസമന്വയത്തിനുവേണ്ടി ലോകജനതയെ ആഹ്വാനം ചെയ്തതു്. ആ പാരമ്പര്യത്തിന്റെ തുടർച്ചയെന്നോണം അമ്മ തുടർന്നു, “മക്കളേ, നിങ്ങൾ നിങ്ങളിലെ അനന്തശക്തിയെക്കുറിച്ചു ബോധവാന്മാരാകൂ. നിങ്ങൾ ഭയംകൊണ്ടു വിറയ്ക്കേണ്ട ആട്ടിൻക്കുട്ടികളല്ല. തേജസ്സും ഗാംഭീര്യവുമുള്ള സിംഹക്കുട്ടികളാണു്. വിശ്വം നിയന്ത്രിക്കുന്ന മഹാശക്തിയാണു്.”

     

    പിന്നീടു് 1995-ൽ ഐക്യരാഷ്ട്രസഭയുടെ 50-ാം വാർഷികത്തോടനുബന്ധിച്ചുനടന്ന അന്തർമ്മതസമ്മേളനത്തിലും രണ്ടായിരത്തിൽ ലോകസമാധാന ഉച്ചകോടിയിലും 2005-ൽ ന്യൂയോർക്കിൽവച്ചു നടന്ന സമ്മേളനത്തിലും മറ്റും അമ്മയുടെ അരുൾമൊഴികളിൽ മുഴങ്ങിയതു മാനവമഹാമൈത്രിയുടെ സന്ദേശമായിരുന്നു. “ഒരു തുള്ളി വെള്ളം നദിയാകില്ല. അതു് ഒഴുകുകയുമില്ല. പലതുള്ളികൾ ഒരുമിച്ചു ചേരുമ്പോഴാണു് അതു നദിയായി ഒഴുകുന്നതു്.
    അതുപോലെ, മനുഷ്യമനസ്സുകളുടെ ഉള്ളിലുണരുന്ന സ്നേഹത്തിലൂടെ മാത്രമേ ഹൃദയങ്ങൾ ഒന്നിച്ചൊഴുകൂ.
    അതിലൂടെ മാത്രമേ ഐക്യവും ശാന്തിയുമുണ്ടാകൂ.”
    ലോകസാമൂഹ്യദുർനിയമങ്ങളെ സ്നേഹസുന്ദരപാതയിലൂടെ നികത്താനുള്ള അമ്മയുടെ ദൗത്യത്തിനു വേഗം കൂട്ടുന്നതാവട്ടെ മക്കളുടെയും സമർപ്പണബോധം.

     

    പൊഫ. മേലേത്തു് ചന്ദ്രശേഖരൻ

  • അമ്മയുടെ സന്ദേശം

    അമ്മയുടെ സന്ദേശം

    മക്കളേ, വാക്കു് അഗ്നിപോലെയാണു്. ചൂടും പ്രകാശവുമാണു് അഗ്നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അതു കേൾക്കുന്നവർക്കു് അറിവും സന്തോഷവും ലഭിക്കണം, അതു് അവരെ ശ്രേയസ്സിലേക്കു നയിക്കണം. എന്നാൽ, ഈ രീതിയിൽ നല്ല വാക്കുകൾ പറയുകയും ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്നവർ ഇന്നു ചുരുക്കമാണു്. നമ്മളിൽ പലരുടെയും വാക്കുകൾ നനഞ്ഞ വിറകുപോലെയോ വാഴപ്പിണ്ടിപോലെയോ ആണു്. അതിൽനിന്നു പുക മാത്രമേ കിട്ടുകയുള്ളൂ. കേൾക്കുന്നവരിൽ വെറുപ്പും വിദ്വേഷവും മാത്രമാണു് അതുണ്ടാക്കുന്നതു്. ചിലർക്കു സ്വന്തം മഹിമകൾ മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കാൻ പ്രത്യേക താത്പര്യമാണു്. അതു കേൾക്കുമ്പോൾ അവരോടു കൂടുതൽ ബഹുമാനം തോന്നുമെന്നാണു് അവർ കരുതുന്നതു്. എന്നാൽ അങ്ങനെ ചെയ്യുന്നതുവഴി സത്യത്തിൽ ഉള്ള ബഹുമാനംകൂടി നഷ്ടപ്പെടുകയാണു ചെയ്യുന്നതു്. മറ്റുള്ളവരുടെ കണ്ണിൽ അവർ സ്വയം പരിഹാസപാത്രമായി തീരുകയാണു്.

     

    മിഥ്യാഭിമാനത്തിൽനിന്നാണു് ആത്മപ്രശംസ ഉണ്ടാകുന്നതു്. പരനിന്ദയാകട്ടെ പ്രത്യക്ഷത്തിൽത്തന്നെ ഹിംസയുമാണു്. കേൾക്കുന്നവരിൽ അതുണ്ടാക്കുന്ന വേദന ചെറുതല്ല. പ്രത്യേകിച്ചും നിന്ദിക്കപ്പെടുന്നവർ പ്രായംകൊണ്ടോ സ്ഥാനംകൊണ്ടോ നമ്മുടെ ആദരവു് അർഹിക്കുന്നവരാണെങ്കിൽ അതിന്റെ ദോഷം കൂടുതലാണു്. അവരുടെ വേദന നമുക്കു പ്രാരബ്ധദുഃഖമായി അനുഭവിക്കേണ്ടിവരും. പരനിന്ദയും ആത്മപ്രശംസയും നമ്മളെ എത്രമാത്രം അധഃപതിപ്പിക്കുന്നു എന്നു വ്യക്തമാക്കുന്ന ഒരു സന്ദർഭം മഹാഭാരതത്തിൽ നമുക്കു കാണാം. മഹാഭാരത യുദ്ധസമയത്തു്, കർണ്ണനുമായുള്ള യുദ്ധത്തിന്റെ ആദ്യദിവസം കർണ്ണനെ വധിക്കാൻ അർജ്ജുനനു സാധിച്ചില്ല. വൈകുന്നേരം ശിബിരത്തിലെത്തിയ അർജ്ജുനനോടു യുധിഷ്ഠിരൻ പറഞ്ഞു, “കർണ്ണനെ കൊല്ലുമെന്നു നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോൾ എന്തുപറ്റി? കർണ്ണനെ കൊല്ലാൻ സാധിക്കാത്ത സ്ഥിതിക്കു് ഇനി നിനക്കു് എന്തിനാണീ ഗാണ്ഡീവം? അതങ്ങു വലിച്ചെറിഞ്ഞേക്കൂ.” ഇതു കേട്ടു് അർജ്ജുനൻ ദേഷ്യംകൊണ്ടു തിളച്ചു. അർജ്ജുനനു് ഒരു പ്രതിജ്ഞയുണ്ടു്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാൽ അയാളെ കൊല്ലുമെന്നു്. ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ട അർജ്ജുനൻ പെട്ടെന്നു വാളൂരി യുധിഷ്ഠിരനെ കൊല്ലാനായി ഭാവിച്ചു.

     

    അപ്പോൾ ശ്രീകൃഷ്ണഭഗവാൻ പറഞ്ഞു, “അർജ്ജുനാ, നില്ക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞയെടുത്തു എന്നതു സത്യംതന്നെ. എന്നാൽ, അതിനു യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയിൽ ആ പ്രതിജ്ഞ നിനക്കു നിറവേറ്റാം. യുധിഷ്ഠിരൻ നിന്റെ ജ്യേഷ്ഠനാണു്. ജ്യേഷ്ഠനെ നിന്ദിക്കുന്നതു വധിക്കുന്നതിനു സമമാണു്. അതുകൊണ്ടു യുധിഷ്ഠിരനെ നിന്ദിക്കുക. അപ്പോൾ നിന്റെ പ്രതിജ്ഞ സഫലമാകുകയും ചെയ്യും.” അതുകേട്ടു് അർജ്ജുനൻ യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചുകഴിഞ്ഞാണു് അർജ്ജുനനു സ്ഥലകാലബോധം വന്നതു്. കുറ്റബോധംകൊണ്ടു് അർജ്ജുനൻ ഉരുകി. “പിതൃതുല്യനായ ജ്യേഷ്ഠനെ ഞാൻ ദേഷ്യപ്പെട്ടു ചീത്ത വിളിച്ചല്ലോ, നീചമായി നിന്ദിച്ചല്ലോ. ഈ കൊടുംപാപത്തിനു് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളതു്?” ഇങ്ങനെ ചിന്തിച്ചു് അർജ്ജുനൻ ആത്മഹത്യചെയ്യാൻ തീരുമാനിച്ചു. തീയിൽ ചാടി മരിക്കാൻ തയ്യാറെടുത്തു. വീണ്ടും അർജ്ജുനനെ തടഞ്ഞുകൊണ്ടു ഭഗവാൻ പറഞ്ഞു, “അർജ്ജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; ഒരുപായമുണ്ടു്. സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യയ്ക്കു തുല്യമാണു്.” ഇതുകേട്ടു് അർജ്ജുനൻ സ്വന്തം ഗുണഗണങ്ങൾ എണ്ണിയെണ്ണി പറഞ്ഞു് ആത്മഹത്യ ചെയ്യുന്നതിൽനിന്നും പിന്തിരിഞ്ഞു.

     

    അന്യരെ നിന്ദിക്കുകയും സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോൾ നമ്മൾ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണു് ഈ കഥയിൽനിന്നു നമ്മൾ മനസ്സിലാക്കേണ്ടതു്. പരനിന്ദ പരഹത്യയ്ക്കും ആത്മപ്രശംസ ആത്മഹത്യയ്ക്കും തുല്യമാണെന്നു പറയുമ്പോൾ വാക്കുകളുടെ ശക്തി അത്രയ്ക്കു വലുതാണെന്നാണു ഭഗവാൻ നമ്മെ മനസ്സിലാക്കിത്തരുന്നതു്. സൃഷ്ടിക്കും സംഹാരത്തിനും ഒരുപോലെ കാരണമാകുന്നതാണു വാക്കു്. സ്വന്തം ശക്തി മറന്നുപോയ ഹനുമാനു് ആത്മവീര്യം പകർന്നതു ജാംബവാന്റെ വാക്കുകളാണു്. കുരുക്ഷേത്രത്തിൽ മനസ്സു തളർന്നുപോയ അർജ്ജുനനെ ഭഗവാൻ തന്റെ വാക്കുകൾകൊണ്ടു് ഉദ്ധരിച്ചതു നമുക്കറിയുന്നതാണല്ലോ. അതുപോലെതന്നെ കർണ്ണനെ ശല്യരുടെ വാക്കുകൾ തളർത്തുന്നതും മന്ഥരയുടെ വാക്കുകൾ കൈകേയിയെ വഴിതെറ്റിക്കുന്നതും നമ്മൾകണ്ടു. അതിനാൽ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു വേദനയുണ്ടാക്കാത്തതും എന്നാൽ, അവർക്കു പ്രോത്സാഹനവും സന്തോഷവും നല്കുന്നതുമായിരിക്കാൻ ശ്രദ്ധിക്കുക. എവിടെ, എപ്പോൾ, എന്തു്, എങ്ങനെ സംസാരിക്കണം എന്നറിയുന്നവനു് എല്ലാ വിജയങ്ങളുമുണ്ടാകും.

     

    മിതമായും പ്രിയമായും സംസാരിക്കാൻ കഴിയാത്തവനു് എത്രതന്നെ കഴിവുകളുണ്ടെങ്കിലും മറ്റുള്ളവരുടെ കൃപയ്ക്കു പാത്രമാകാൻ കഴിയില്ല. അങ്ങനെയുള്ളവർ വിജയിക്കുക പ്രയാസമാണു്. മറിച്ചു്, വിനയപൂർവ്വം മധുരമായി സംസാരിക്കാൻ കഴിവുള്ളവനു് എത്രതന്നെ കുറവുകളുണ്ടെങ്കിലും അയാൾ വിജയിക്കുന്നതു കാണാം. അതിനാൽ വാക്കുകളിൽ വിനയവും വിവേകവുമുണ്ടായിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. അതുപോലെതന്നെ മൗനം പാലിക്കേണ്ടിടത്തു മൗനം പാലിക്കാനും നമ്മൾ ശ്രദ്ധിക്കണം.

  • സ്നേഹം

    സ്നേഹം

    “സ്വയം സ്നേഹിച്ചിടുന്നോനെ സ്നേഹിക്കും സർവ്വരും ദൃഢം” എന്തുകൊണ്ടെന്നാൽ സ്വയം സ്നേഹിക്കുന്നവൻ സ്വയം സേവിക്കും. സ്വയം സേവിക്കുകയെന്നാൽ സ്വന്തം നന്മയ്ക്കുവേണ്ടതെല്ലാം സ്വയം ചെയ്തുകൊണ്ടിരിക്കുക. എന്താണു സ്വന്തം നന്മ? സ്വന്തം പഠിപ്പു്, സ്വന്തം ആരോഗ്യം, ഉപജീവനമാർഗ്ഗം, ശാന്തി, പരസഹകരണവും സഹായവും ആവശ്യമായ സന്ദർഭങ്ങളിലെല്ലാം അവ വേണ്ടത്ര കിട്ടൽ തുടങ്ങിയവ. ഇവയെല്ലാം വേണ്ട സമയത്തു വേണ്ടത്ര കിട്ടണമെങ്കിൽ വീട്ടിലുള്ളവരോടും നാട്ടിലുള്ളവരോടുമെല്ലാം വേണ്ടപോലെ പെരുമാറണം.

     

    അവർക്കെല്ലാം തന്നിൽനിന്നു കിട്ടേണ്ട സ്നേഹസഹായസഹകരണങ്ങൾ വേണ്ട സമയത്തു വേണ്ടത്ര കൊടുത്തുകൊണ്ടിരിക്കണം. അങ്ങനെ കൊടുത്തുകൊണ്ടിരുന്നാൽ അവർ അയാളെ തീർച്ചയായും സ്നേഹിക്കും, സേവിക്കും. ശങ്കവിട്ടു ശങ്കരന്റെ നാമമുച്ചരിക്കുകിൽ ശങ്കവേണ്ട ‘ശം’ഭവിക്കുമേതൊരാൾക്കുമേ ദൃഢം. നിർത്താതെ നാമം ജപിക്കുന്നവർക്കുണ്ടാം നിശ്ചയമായ് മനശ്ശാന്തി.

    കുഞ്ഞുണ്ണി മാഷ്

  • കുട്ടിയും കാറ്റപൽട്ടും മാംഗോട്രീയും

    കുട്ടിയും കാറ്റപൽട്ടും മാംഗോട്രീയും

    കുട്ടിയുടെ പുരയിടത്തിന്റെ ഒരു വശത്തായി നാട്ടുവഴിയോടു ചേർന്നു വലിയ ഒരു വയസ്സൻ മാവുണ്ടു്. അതു് ആരു് എന്നു നട്ടു എന്നു് ആർക്കുമറിയില്ല. മാനം മുട്ടി നില്ക്കുന്ന ചില്ലകളിൽ അങ്ങിങ്ങായി മാത്രം ചെറിയ മാങ്ങകൾ കാണാം. വടികൊണ്ടെറിഞ്ഞാൽ കുറെ ഇലകൾമാത്രം വീഴും. ആ മാവിന്റെ ചുവട്ടിൽ എത്തുമ്പോഴൊക്കെ കുട്ടി കൊതിയോടെ മാങ്ങകളെ നോക്കും. അതു മാങ്ങ തിന്നാനുള്ള കൊതികൊണ്ടു മാത്രമല്ല, മാങ്ങകൾ എറിഞ്ഞു വീഴ്ത്താനുള്ള, മാവിനെ ജയിക്കാനുള്ള അവന്റെ ഒരു ചോദന കൂടിയാണതു്. മാവിന്റെ ചില്ലകൾ തന്നെ നോക്കി വെല്ലുവിളിക്കുന്നതായിട്ടു് അവനു തേന്നി. ഒരു ചെറിയ മാങ്ങയുടെ ഞെട്ടിനെപ്പോലും എറിഞ്ഞു പൊട്ടിക്കാനാവാത്തതിൽ കുട്ടിക്കു സ്വയം നിന്ദ തോന്നി. ‘എന്നെ എന്തിനു കൊള്ളാം’, അവൻ അറിയാതെ പിറുപിറുത്തു. റോഡരികിൽ കിടന്ന ഒരു നീണ്ട കമ്പു കൈയിലൊതുക്കി സർവ്വശക്തിയുമെടുത്തു മാങ്ങയെ ലക്ഷ്യമാക്കി അവൻ ആഞ്ഞെറിഞ്ഞു. ആ കമ്പു മരചില്ലകളിലെവിടെയോ അപ്രത്യക്ഷമായി! താൻ പഠിച്ച ന്യൂട്ടൻസ് ലോ തെറ്റിയോ എന്നവൻ സംശയിച്ചു. ആറാം ക്ലാസ്സുകാരനായ അവൻ ന്യൂട്ടന്റെ നിയമം പഠിച്ചു തുടങ്ങിയിട്ടേയുള്ളൂ. മാവിൻ ചില്ലകൾ ഒളിപ്പിച്ചു വച്ച ആ കമ്പിനെക്കുറിച്ചു് ആലോചിച്ചു നേരം കളയാതെ അവൻ വീണ്ടും മറ്റൊരു കമ്പെടുത്തു മാങ്ങയെ ലക്ഷ്യമാക്കി എറിഞ്ഞു. അതു മാവിന്റെ ഏതോ ചില്ലയിൽ തട്ടിത്തെറിച്ചു് അവന്റെ തലയിൽതന്നെ വന്നു വീണു! മാവിനോടും മാങ്ങയോടും അവനു വല്ലാത്ത ദേഷ്യം തോന്നി.

     

    “ഈ മാംഗോട്രീയുടെ ഒരു അഹങ്കാരം! ചെറിയ കുട്ടിയായതുകൊണ്ടു് എന്നെ കളിപ്പിക്കുകയാണല്ലേ. ഞാൻ ഒരു കാറ്റപൽട്ടു വാങ്ങട്ടെ. കാണിച്ചു തരാം.” കുട്ടി ആരോടെന്നില്ലാതെ പറഞ്ഞു. ഒരു കാറ്റപൽട്ടു വാങ്ങുക എന്നതായിരുന്നു അവന്റെ അടുത്ത ലക്ഷ്യം. നാട്ടിൻപുറത്തിന്റെയും പട്ടണത്തിന്റെയും മുഖച്ഛായയും സവിശേഷതകളുമുണ്ടെങ്കിലും ആവശ്യക്കാർ അന്വേഷിക്കുന്ന ഏതു സാധനവും ലഭിക്കാത്ത ഒരു ഗ്രാമമാണതു്. അവന്റെ സ്വന്തം നാടാണതു്. മുംബൈ നഗരത്തിലെ ഇടുങ്ങിയ ഫ്ലാറ്റിൽ അച്ഛനമ്മമാരോടൊപ്പം വളരുന്ന അവൻ ഒഴിവുകാലം മുഴുവനും ഈ ഗ്രാമത്തിലുണ്ടാകും, അപ്പൂപ്പനും അമ്മൂമ്മയോടും ഒപ്പം. ഒഴിവുകാലം തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പോഴേ കാറ്റപൽറ്റു് അന്വേഷിച്ചു തുടങ്ങണം. എന്നാലേ വൈകിയെങ്കിലും ഒരെണ്ണം കിട്ടൂ. അതു കിട്ടിയിട്ടു വേണം എല്ലാ മാങ്ങകളെയും എറിഞ്ഞു വീഴ്ത്താൻ. ആ മാവിനെ ജയിക്കാനുള്ള ആവേശം അവന്റെയുള്ളിൽ തിരയിളക്കം സൃഷ്ടിച്ചു. അവന്റെ ഗ്രാമത്തിനെ നെടുകെ പിളർന്നുകൊണ്ടു് ഒരു റോഡുണ്ടു്. അതിന്റെ ഇരുവശങ്ങളിൽ അങ്ങിങ്ങായി ചില കടകൾ കാണാം. കുട്ടിക്കു് ആ കടകളിൽ പോയിട്ടുള്ള ശീലമില്ല. മെട്രോ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന അവനു കാറ്റപൽറ്റിന്റെ നാടൻപേരും അറിയില്ല. ഒരു കടയുടെ മുന്നിൽ ചെന്നുനിന്നു് ഉള്ളിലേക്കു് അവൻ പാളി നോക്കി. ‘ഇവിടെ കാറ്റപൽറ്റു് ഉണ്ടാകുമോ… കുറച്ചു ലേഡീസ് ഫിൻഗറും പൊട്ടറ്റോയും ഒണിയനും മാത്രമേ പുറത്തു കാണുന്നുള്ളൂ. വേണ്ട… ചോദിക്കണ്ട…’ അവൻ സ്വയം നിയന്ത്രിച്ചു് അടുത്ത കടയിലേക്കു നടക്കും, അതു കുറെ ദൂരെയാണെങ്കിലും. ദിവസങ്ങൾ കഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. ഇതുവരെ ഒരു കടയിലും കയറി കാറ്റപൽറ്റു് ഉണ്ടോ എന്നു ചോദിക്കാൻ അവനു കഴിഞ്ഞില്ല. അത്രയ്ക്കു സങ്കോചമായിരുന്നു അവന്റെ കുഞ്ഞുമനസ്സിനു്. എങ്കിലും ഞെട്ടിൽ തൂങ്ങിയാടുന്ന മാങ്ങകളും മാവും കാണുമ്പോൾ അവനു വീണ്ടും വീര്യം വരും.

     

    ‘ഹും!’ ഞാൻ കാണിച്ചു തരാം. ആവശ്യം ആവേശത്തിനു വഴിയൊരുക്കുംപോലെ വീണ്ടും കടകൾ തേടിയുള്ള അവന്റെ യാത്ര തുടരും. കുട്ടിയുടെ വീടിന്റെ വളരെ അകലെയായി പൈലിച്ചേട്ടന്റെ പീടികയെപ്പറ്റി അവൻ കേട്ടിട്ടുണ്ടു്. ഇത്രയും ദൂരെ ഒറ്റയ്ക്കു് എങ്ങനെ പോകും? സാരമില്ല പോവുകതന്നെ. കാറ്റപൽറ്റു കിട്ടേണ്ടതു് അവനു് അത്രയ്ക്കു് അത്യാവശ്യമായിരുന്നു. ടാറിട്ട റോഡാണെങ്കിലും പൈലിച്ചേട്ടന്റെ പീടികയിലേക്കുള്ള നടത്തം അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ആദ്യമായാണു് ഇത്രയും ദൂരം ഒറ്റയ്ക്കു നടക്കുന്നതു്. ‘പൈലിച്ചേട്ടന്റെ പീടിക’ ഏതാണെന്നു് എതിരെ നടന്നു വരുന്ന ഒരാളോടു് അവൻ തിരക്കി. മറുപടിയൊന്നും പറയാതെ അയാൾ കുട്ടിയെ ആകപ്പാടെ ഒന്നു നോക്കി. ‘നീ എവിടുത്തെയാ? മുൻപു കണ്ടിട്ടില്ലല്ലോ?’ ‘ഇയാളാരു്! ഷെർലകു് ഹോംസോ?’ എന്നു മനസ്സിൽ പറഞ്ഞുകൊണ്ടു് അയാളുടെ ചോദ്യങ്ങൾക്കു് ഉത്തരം പറയാതെ അവൻ നടത്തം തുടർന്നു. ആരോടെങ്കിലും ചോദിക്കാതെ കട ഏതാണെന്നു് എങ്ങനെ മനസ്സിലാക്കും? നടന്നുനടന്നു് ഒരു കടയുടെ മുന്നിലെത്തി. അവിടെ ചോദിച്ചാൽ പൈലിച്ചേട്ടന്റെ പീടിക കാണിച്ചുതരുമായിരിക്കും. കടയുടെ പുറത്തു രണ്ടു നേന്ത്രക്കുലകൾ തൂങ്ങിക്കിടക്കുന്നു. ഒരു ഡെസ്‌കിന്റെ മുകളിൽ കുറെ മിഠായിക്കുപ്പികളും. അതിനുള്ളിലെ മിഠായി അവനു് ഒട്ടും പരിചയം തോന്നിയില്ല. വളരെ ചെറിയ ഒരു കടയായിരുന്നു അതു്. അകത്തേക്കു തലയിട്ടു നോക്കിയിട്ടു കുട്ടിക്കു് ഒന്നും കാണാൻ പറ്റുന്നില്ല. എന്തൊരിരുട്ടു്! ഇതിനകത്തു മനുഷ്യരാരുമില്ലേ? ഉള്ളിലെവിടെയെങ്കിലും ഇരിപ്പുണ്ടാകും. കടയുടെ ഉള്ളിലേക്കു കയറാൻ പറ്റില്ല. മരത്തിന്റെ പടികൾ ഒരു ഗ്രില്ലുപോലെ വച്ചിട്ടുണ്ടു്. ഇരുട്ടിലേക്കു തലയിട്ടു കുട്ടി ചോദിച്ചു “പൈലിച്ചേട്ടന്റെ കടയേതാ?” “ആരാ? എന്തുവേണം?” ലുങ്കിയുടുത്തു്, ഷർട്ടില്ലാത്ത കുടവയർ പ്രദർശിപ്പിച്ചുകൊണ്ടു്, വയസ്സനെങ്കിലും തടിയനായ ഒരാൾ പുറത്തേക്കു വന്നു. അയാളുടെ വായ നിറയെ എന്തോ കിടപ്പുണ്ടു്. അതും ചവച്ചുകൊണ്ടാണു സംസാരിക്കുന്നതു്.

     

    ചുണ്ടു ചുവന്നിരിക്കുന്നു. കുട്ടിക്കു വല്ലാതെ അറപ്പു തോന്നിയെങ്കിലും ചോദ്യം ആവർത്തിച്ചു. “പൈലിച്ചേട്ടന്റെ…..” “ഇതുതന്നെയാ, എന്താ വേണ്ടതു്?” “കാറ്റപൽറ്റുണ്ടോ ഇവിടെ?” ലക്ഷ്യസ്ഥാനത്തെത്തിയ ആഹ്ലാദം സഹിക്കാനാവാതെ അവൻ പെട്ടെന്നു ചോദിച്ചു. ‘എന്തു സാധനം?’ അയാൾ തന്റെ മത്തക്കണ്ണുകൾകൊണ്ടു് അവനെയൊന്നുഴിഞ്ഞു. ‘ഈ അപ്പൂപ്പനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? കാറ്റപൽറ്റിനു് ഇയാൾ വിളിക്കുന്ന പേരു് എന്തായിരിക്കും?’ കാറ്റപൽറ്റിന്റെ നാട്ടുപേരു് അറിയാതെ കുട്ടി കുഴങ്ങി. “മോനു് എന്താ വേണ്ടതു്?” കുട്ടിയുടെ ദയനീയ മുഖം കണ്ടിട്ടു് അയാൾക്കു പാവം തോന്നി. “ഈ മാവിലേക്കു കല്ലെറിയുന്ന ഒരു സാധനമില്ലേ. ദേ.. ഇങ്ങനെ വച്ചു…” അവൻ കഥകളി മുദ്രകാണിച്ചുകൊടുത്തു. അവന്റെ അഭിനയസിദ്ധികൊണ്ടോ എന്തോ അയാൾക്കു കാര്യം പിടികിട്ടി. “ഓഹോ കവണയാണല്ലേ വേണ്ടതു്. അതു തീർന്നുപോയി. നാളെ വരു കേട്ടോ.” “ഞാൻ ചോദിച്ചതു് എന്താണെന്നു അപ്പൂപ്പനു മനസ്സിലായോ?” അവനു സംശയം കാറ്റപൽറ്റു് എന്താണെന്നു മനസ്സിലാകാതെ തീർന്നുപോയി എന്നു പറഞ്ഞതാകും. അങ്ങനെ തീർന്നുപോകാൻ അത്രയ്ക്കു ഡിമാന്റുണ്ടോ അതിനു്? “എനിക്കു മനസ്സിലായി. കവണയെന്നാ അതിനെ പറയുന്നെ. അതു തീർന്നുപോയി. നാളെ വരും.” തന്റെ കടയിൽ ഒരു സാധനം ഇല്ല എന്നതിനു പകരം തീർന്നുപോയി, നാളെ വരും എന്നൊക്കെ സുഖിപ്പിച്ചു പറയുന്ന കച്ചവടക്കാരന്റെ സൂത്രം കുട്ടിക്കു മനസ്സിലായില്ല. ഒന്നുവേഗം നാളെ ആയെങ്കിൽ എന്നാശിച്ചുകൊണ്ടു് അവൻ പറഞ്ഞു, “ശരി നാളെ വരാം.” തിരിച്ചു നടക്കുമ്പോൾ അവൻ ‘കവണ’ എന്ന മലയാളം പേരു് ഉരുവിട്ടുകൊണ്ടിരുന്നു. അന്നത്തെ രാത്രിക്കു നീളം കൂടുതൽ ഉണ്ടെന്നു് അവനു തോന്നി. ഒറ്റയ്ക്കു് ഒരു കട കണ്ടുപിടിക്കുക എന്ന വലിയൊരു കാര്യം ചെയ്തതിലും ഒരു പുതിയ പേരു പഠിച്ചതിലും അവനു് അഭിമാനം തോന്നി. സൂര്യനുദിക്കുന്നതിനു വളരെ മുൻപുതന്നെ അവൻ ഉണർന്നു. ജനലിൽക്കൂടി നോക്കിയപ്പോൾ പുറത്തു നല്ല ഇരുട്ടു്. ഈ സൂര്യൻ എന്തൊരു ഉറക്കമാണു്! ഇന്നലെ സ്ലീപ്പിങ് പിൽസു കഴിച്ചിട്ടാണോ സൂര്യൻ ഉറങ്ങാൻ കിടന്നതു്? കുട്ടി അക്ഷമയോടെ മേശപ്പുറത്തു വച്ചിരുന്ന ടൈംപീസിൽ നോക്കി. സമയം 3.30. എന്നും നേരം പുലരുന്നതു് എപ്പോഴാണെന്നു് അവനറിയില്ലായിരുന്നു. ആ നേരത്തു് എഴുന്നേലേ്ക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഏതായാലും അന്നു് അവൻ ഒരുവിധേന സൂര്യനെ ഉണർത്തിയെടുത്തു. കടകൾ തുറക്കാറുള്ള സമയം കണക്കാക്കി നേരെ പൈലിച്ചേട്ടന്റെ പീടികയിലേക്കു നടന്നു. കവണ എന്ന പേരു് അവൻ തലേന്നുതന്നെ മനഃപാഠമാക്കിയിരുന്നു. പൈലിച്ചേട്ടൻ കട തുറന്നതേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ കണ്ടയുടൻ അയാൾ പറഞ്ഞു. “മോൻ നേരത്തെ എത്തിയല്ലോ. കവണ അടുത്ത വെള്ളിയാഴ്ച കൊണ്ടുവരും കേട്ടോ. ഇന്നു സാധനങ്ങൾ എടുക്കാൻ പോണ ആളു വന്നില്ല.” കുട്ടിക്കുണ്ടായ നിരാശ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തിരിച്ചു നടക്കുമ്പോൾ അവൻ പിറുപിറുത്തു. “കവണ ഇല്ലാതെ ഇയാൾ എന്തിനാ കടയും തുറന്നിരിക്കുന്നതു്?” മാവിൻ ചുവട്ടിലെത്തിയ അവൻ മാങ്ങകളെ നോക്കി. കാറ്റിൽ മാവിലകൾ കൂട്ടിയിടയുന്ന ശബ്ദം. ഇലകൾ തന്നെ നോക്കി കൈകൊട്ടി കളിയാക്കി ചിരിക്കുന്നു! മാങ്ങകൾ അങ്ങോട്ടും ഇങ്ങോട്ടും തൊട്ടിലാടികൊണ്ടിരുന്നു. ആ വെള്ളിയാഴ്ച കുട്ടി വളരെ പ്രതീക്ഷയോടെതന്നെ പൈലിച്ചേട്ടന്റെ കടയിലെത്തി. “അടുത്ത വെള്ളിയാഴ്ച്ച കൊണ്ടു വരാം.” അയാൾ അവനെ വീണ്ടും നിരാശനാക്കി വിട്ടു. വെള്ളിയാഴ്ചകൾ പലതും കടന്നുപോയി. ഇടയ്ക്കു് ഒരു വെള്ളിയാഴ്ച കടയിൽ പോകാൻ കുട്ടിക്കു കഴിഞ്ഞില്ല. അടുത്ത തവണ ചെന്നപ്പോൾ പൈലിച്ചേട്ടൻ കിട്ടിയ അവസരം തന്റെ കച്ചവടതന്ത്രത്തിനായി മുതലെടുത്തു. “കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ടുവന്നതാണു്. അന്നുതന്നെ കുറെപ്പേർ വന്നു വാങ്ങികൊണ്ടുപോയി. മോനെ കാണാഞ്ഞപ്പേൾ ഞാൻ കരുതി ഇനി വേണ്ടായിരിക്കുമെന്നു്.” കുട്ടിക്കു പൈലിച്ചേട്ടനെന്ന അപ്പൂപ്പനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി.

     

    മാവിൻചുവട്ടിലെത്തിയിട്ടും മാവിലേക്കു നോക്കാൻ അവനു വല്ലാത്ത വിഷമം. താനും മാവും തമ്മിലുള്ള മത്സരത്തിൽ മാവു ജയിച്ചുകൊണ്ടിരിക്കുന്നു. മാവിനെ നോക്കാൻ അവനു ജാള്യത. ജേതാവിന്റെ അഹങ്കാരം തത്കാലം കാണണ്ട എന്നുതന്നെ അവൻ തീരുമാനിച്ചു. കവണ കിട്ടട്ടെ. ഞാൻ ജയിച്ചുകാണിച്ചു തരാം. അവൻ മനസ്സിൽ തീരുമാനമെടുത്തു. ഒഴിവുകാലം അവസാനിക്കാൻ ഇനി അധിക ദിവസങ്ങൾ ഇല്ല. ഏതായാലും ഈ വെള്ളിയാഴ്ചകൂടി പൈലിച്ചേട്ടന്റെ പീടികയിൽ പോകാം. ഇത്തവണയും കിട്ടിയില്ലെങ്കിൽ മാവിനോടു തോല്‌വി സമ്മതിച്ചേക്കാം. ദൃഢനിശ്ചയത്തോടെ എന്തും നേരിടാനുള്ള കരുത്തോടെ അന്നു് അവൻ കടയിൽ ചെന്നു. കടയിൽ എത്തും മുൻപുതന്നെ പൈലിച്ചേട്ടൻ കവണയെടുത്തു് അവന്റെ നേരെ നീട്ടി. “ഇതാ, മോനു വേണ്ടി എടുത്തുവച്ചിരുന്നു ഒരെണ്ണം.” പോക്കറ്റുമണിയായി ഉണ്ടായിരുന്ന നൂറുരൂപയുടെ നോട്ടും കൊണ്ടാണു് അവൻ കടയിൽ വന്നിരുന്നതു്. ആ നോട്ടെടുത്തു് അവൻ നീട്ടി. അതു മതിയാകുമോ എന്നു് അപ്പോഴാണു് അവൻ ഓർക്കുന്നതു്. കവണയും വാങ്ങി തിടുക്കത്തിൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പൈലിച്ചേട്ടൻ വിളിച്ചു. “ദേ… ബാക്കി കൊണ്ട്വോക്കോളൂ. എൺപതു രൂപയുണ്ടു്. സൂക്ഷിച്ചു് എണ്ണിനോക്കി പോക്കറ്റിലിട്ടോ.” എൺപതു് എന്നാൽ എത്രയാണെന്നു കുട്ടിക്കറിയില്ല. കിട്ടിയ ബാക്കി തുക എട്ടു പത്തു രൂപ നോട്ടുകൾ. ‘എയിറ്റി റുപ്പീസ്. അപ്പോ റ്റ്വന്റി റുപ്പീസേ ഉള്ളോ ഇതിനു്’ അവനു കവണയുടെ വിലക്കുറവിനെക്കുറിച്ചു് അതിശയം തോന്നി. നേരെ മാവിൻ ചുവട്ടിലെത്താൻ അവൻ റോഡിലൂടെ ഓടുകയായിരുന്നു. പുരാണത്തിൽ അർജ്ജുനൻ ഗാണ്ഡീവവുമായി പോകുന്നപോലെ ജയിക്കാൻ അവന്റെ ഹൃദയം കൊതിച്ചു. റോഡരികിൽനിന്നു മൂന്നുനാലു കല്ലുകളും പെറുക്കിയെടുത്താണു് അവൻ മാവിൻ ചുവട്ടിലെത്തിയതു്. “ഞാനിതാ നിന്നെ തോല്പിക്കാൻ കവണയുമായി എത്തിയിരിക്കുന്നു.” കവണയുടെ ഉൾവശത്തു കല്ലെടുത്തുവച്ചു സൈഡിലുള്ള റബർബാന്റു വലിച്ചു വച്ചു അവൻ മാങ്ങകളെ ലക്ഷ്യമിട്ടു. മാവിലേക്കു നോക്കിയ കുട്ടി ഞെട്ടിപ്പോയി. മാവിൽ മാങ്ങകൾ എല്ലാം തീർന്നിരിക്കുന്നു! ആ വലിയ മാവിന്റെ എല്ലാ വശങ്ങളിലും അവന്റെ കണ്ണുകൾ മാങ്ങകൾക്കുവേണ്ടി പരതി. ഇല്ല. ഒരെണ്ണം പോലുമില്ല! കാറ്റിൽ വീണ്ടും ഇലകളും ചില്ലകളും കൂട്ടിയടിച്ചു. താൻ തികച്ചും പരാജയപ്പെട്ടതായി അവൻ അറിഞ്ഞു.

     

    അവൻ അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു, ‘ക്രൂവൽ മാംഗോട്രീ…’ അവന്റെ മനസ്സു ശപിച്ചു. ആ ‘യൂസ്‌ലെസു് കാറ്റപൽറ്റു്’ അവനൊരു ഭാരമായി തോന്നി. യുദ്ധം തുടങ്ങും മുൻപേ പരാജയപ്പെട്ട പോരാളിയെപ്പോലെ ആയിരുന്നു അവൻ. പരീക്ഷ എഴുതാതെതന്നെ തോറ്റുപോയതുപോലെ. തല കുനിച്ചു് എന്തൊക്കെയൊ പിറുപിറുത്തുകൊണ്ടു് അവൻ മാവിൻച്ചുവട്ടിലൂടെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ‘ടപ്പ്’ ശബ്ദത്തോടെ അവന്റെ മുന്നിൽ ഭാരമുള്ള എന്തോ വന്നുവീണു. നടത്തം നിർത്തി അവൻ നോക്കി. ഒരു മുഴുത്ത മാമ്പഴം! “കാക്ക കൊത്തിയിട്ടതാകും.” അവൻ അടുത്തു ചെന്നു. യാതൊരു കുഴപ്പവുമില്ല… നല്ല പഴുത്ത മാമ്പഴം! അവൻ മുകളിലേക്കു നോക്കി. ‘ഇതു് എനിക്കുവേണ്ടി എവിടെ ഒളിപ്പിച്ചു വച്ചു?…’ ഇളംകാറ്റിൽ ഇലകളും ചില്ലകളും കൂട്ടിയടിച്ചു ചിരിച്ചു. “മുത്തശ്ശി തനിക്കുവേണ്ടി പലഹാരം ഉണ്ടാക്കി കാത്തിരിക്കുന്നപോലെ ഈ മാംഗോട്രീ എനിക്കു തരാൻ ഒരു മാമ്പഴം എവിടെയോ കാത്തുവച്ചിരിക്കുകയായിരുന്നു. എന്റെ മുത്തശ്ശിയെപ്പോലെ ഈ മാംഗോട്രീ എന്റെ വളരെ അടുത്ത ബന്ധുവാണോ?…” ആദ്യമായി അവനു മാവിനോടു് അഗാധമായ സ്നേഹം തോന്നി. ആ മാമ്പഴം കൈയിൽ വച്ചുകൊണ്ടു് അവൻ മാവിനു ചുറ്റും നൃത്തം ചെയ്തു. അടുത്ത ദിവസം കുട്ടിക്കു വെറുതെയൊന്നു മാവിൻ ചുവട്ടിൽ പോകാൻ തോന്നി. അവിടെ കുറച്ചാളുകൾ നില്ക്കുന്നു. അവരുടെ കൈയിൽ കോടാലിയും വലിയ കയറുമൊക്കെയുണ്ടു്.

     

    ഇവർ എന്തുചെയ്യാനാ ഭാവം? റോഡു വീതികൂട്ടാൻ പോകുന്നു എന്നു് ഇന്നലെ കേട്ടിരുന്നു. അതിനു മാംഗോട്രീ വെട്ടാനുള്ള ഒരുക്കങ്ങളാണോ? എതിരാളിക്കു് ആപത്തു വന്നിരിക്കുന്നു. ഏറെ സന്തോഷിക്കേണ്ട സമയം. പക്ഷേ, കുട്ടിക്കു മറിച്ചാണു തോന്നിയതു്. ‘ഇല്ല. ഈ മാംഗോട്രീ വെട്ടാൻ ഞാൻ സമ്മതിക്കില്ല.’ അവൻ കവണ കൈയിലെടുത്തു. തലേന്നു മാങ്ങ എറിയാൻ പെറുക്കിയെടുത്തു പോക്കറ്റിലിട്ടിരുന്ന കല്ലുകളിൽ ഒരെണ്ണം കവണയുടെ മദ്ധ്യത്തിൽ വച്ചു. റബർബാന്റു വലിച്ചുപിടിച്ചു. മരം വെട്ടാൻ കോടാലിയുമായി നിന്ന ഒരാളുടെ തലയെ ഉന്നം വച്ചു റബർബാന്റു് വലിച്ചു വിട്ടു. കൃത്യം അയാളുടെ തലയ്ക്കുതന്നെ അതു ചെന്നുകൊണ്ടു. കല്ലുകൾ ഓരോന്നായി കവണയിൽ വച്ചു ഓരോ തലകളെയും ലക്ഷ്യമിട്ടുകൊണ്ടു് അവൻ എറിഞ്ഞു. കാറ്റിൽ മാവിൻചില്ലകളും ഇലകളും കൂട്ടിയടിച്ചു ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. തന്റെ പ്രവൃത്തിയിൽ മാവു് ആനന്ദിക്കുകയാണെന്നും കൈയടിച്ചു തന്നെ അഭിനന്ദിക്കുകയാണെന്നും കുട്ടിക്കു തോന്നി. അവൻ കൂടുതൽ കൂടുതൽ ആവേശത്തോടെ കല്ലുകൾ എറിഞ്ഞുകൊണ്ടേയിരുന്നു.

     

    രാജശ്രീ കുമ്പളം

  • പൊരുളും പല ദൈവങ്ങളും

    പൊരുളും പല ദൈവങ്ങളും

    ബഹുദൈവാരാധകരാണ് ഹിന്ദുക്കൾ എന്നൊരു ആക്ഷേപമുണ്ട്. ആ ആക്ഷേപം അറിവിന്റെ ഫലമോ അജ്ഞതയുടെ ഫലമോ? അജ്ഞതയുടെ ഫലംതന്നെ. കാരണം, ‘ഏകമേവാദ്വിതീയം ബ്രഹ്മഃ’, ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന സനാതനസത്യം ആദ്യം കണ്ടെത്തി വിളംബരം ചെയ്തവർ ഭാരതീയ ഋഷിമാരാണ്. ആ ഋഷിപാരമ്പര്യം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന ഭാരതത്തിൽ, ഏകദൈവത്തിന്റെ പൊരുൾ ആരും ഒരു പുതിയ കണ്ടുപിടുത്തമായി പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. അടുത്ത സംശയം ‘ഏകമേവാദ്വിതീയം ബ്രഹ്മഃ’ എന്ന ഏകത്വവാദവും മുപ്പത്തിമുക്കോടിദേവതകളും എങ്ങനെ പൊരുത്തപ്പെട്ടുപോകും എന്നാണ്. ‘ഏകമേവാദ്വിതീയം ബ്രഹ്മഃ’ എന്നുമാത്രമല്ല, ‘സർവം ഖല്വിദം ബ്രഹ്മ’ എന്നുംകൂടി ഋഷിമാർ കണ്ടെത്തി.

     

    ഇക്കാണായതെല്ലാം ബ്രഹ്മമെങ്കിൽ ബ്രഹ്മമല്ലാത്തതായി മറ്റെന്താണുള്ളത്? ഒന്നുംതന്നെയില്ല. ഇത് കേട്ടുകേൾവിയല്ല നേരിട്ടുള്ള അനുഭവമാണ്. പ്രത്യക്ഷാനുഭവമാണ് എന്നുമാത്രമല്ല; അത് ബുദ്ധിക്കും മനസ്സിനും ഇന്ദ്രിയങ്ങൾക്കും അതീതമായ അനുഭൂതിയാണ്. ആ അനുഭൂതി നേടിയ മഹാത്മാക്കൾക്ക് ബ്രഹ്മമല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിലില്ല. അമ്മ പറയും അരിയും പഞ്ചസാരയും തേങ്ങയും ചേർത്ത് പലഹാരമുണ്ടായിക്കഴിഞ്ഞാൽ പിന്നെ അവയെ വേർതിരിക്കാനാവില്ല; മധുരം മാത്രം. സത്വം, രജസ്സ്, തമസ്സ് എന്ന ത്രിഗുണാത്മകമായ പ്രപഞ്ചം ബ്രഹ്മാനുഭൂതിയായി മാറിക്കഴിഞ്ഞാൽ പിന്നെ പ്രപഞ്ചമില്ല. ബ്രഹ്മമേയുള്ളൂ. ബ്രഹ്മാനന്ദമേയുള്ളൂ. ബുദ്ധന്റെ പേരിലും ക്രിസ്തുവിന്റെ പേരിലും ഗുരുഗോവിന്ദസിങിന്റെ പേരിലും മതങ്ങളുണ്ടായപ്പോൾ ആ മതങ്ങളിൽ ഇന്നോളം മറ്റൊരു ബുദ്ധൻ, മറ്റൊരു ക്രിസ്തു, മറ്റൊരു ഗുരുഗോവിന്ദ് സിങ് ഉണ്ടായിട്ടില്ല എന്നോർക്കണം. സനാതനസത്യം കണ്ടെത്തിയ ഋഷിക്ക് തുടർന്ന്, സത്യത്തിന്റെ അനുഭവവക്താക്കളായി, യുഗയുഗങ്ങളായി, ഭാരതത്തിന്റെ ഋഷിപരമ്പരതന്നെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.

     

    അത് അമ്മയിൽ വന്നെത്തിനില്ക്കുന്നു എന്ന് കണ്ണുള്ളവർക്ക് കാണാം. ബ്രഹ്മാനുഭൂതി ലഭിച്ചിട്ടില്ലാത്ത ജിജ്ഞാസുക്കൾക്ക് ഈ പ്രപഞ്ചം സത്യമാണ്. സകലവ്യവഹാരങ്ങളും സത്യമാണ്. ഭഗവാൻ ശ്രീശങ്കരാചാര്യസ്വാമികൾ ‘ബ്രഹ്മസത്യം ജഗന്മിഥ്യ’ എന്ന് പ്രഖ്യാപിച്ചിട്ട് മിഥ്യയായ ജഗത്തിൽ നാല് പ്രമുഖ ആശ്രമങ്ങൾ സ്ഥാപിച്ചു. പ്രസ്ഥാനത്രയത്തിന് ഭാഷ്യം ചമച്ചു. പ്രകരണഗ്രന്ഥങ്ങൾ പലതും രചിച്ചു. നിരവധി സ്തോത്രകൃതികൾ പ്രദാനം ചെയ്തു. എന്തിന്? ജീവിതം ദ്വന്ദ്വാധിഷ്ഠിതമാണ്. രണ്ടെന്ന കാഴ്ചപ്പാടില്ലെങ്കിൽ ചലനം പോലുമില്ല. പരമസത്യം സാക്ഷാത്കരിച്ച പരമഗുരുവിനു മാത്രമാണ് ജഗത്ത് മിഥ്യ. അല്ലാത്തവർക്കൊക്കെ ജഗത്ത് സത്യം തന്നെ. ആചാര്യപാദർ ആ സത്യത്തെ വ്യാവഹാരികസത്യം എന്ന് വിശേഷിപ്പിക്കുന്നു. മിഥ്യ എന്ന വാക്ക് പലരും തെറ്റിദ്ധരിക്കാറുണ്ട്. അമ്മ മിഥ്യയ്ക്കുകൊടുത്ത വ്യാഖ്യാനമിതാണ്—‘മാറുന്നത് മിഥ്യ.’ പരമഹംസർ കൊടുത്ത അർത്ഥകല്പന ഇതാണ്—‘ഞാൻ എന്റേത് എന്നതെല്ലാം മിഥ്യ.’ അപ്പോഴൊരു സംശയം. ഞാൻ എന്നതും മിഥ്യയോ? അതെ. എഴുത്തച്ഛൻ അത് ഇങ്ങനെ വിശദീകരിക്കുന്നു. “ഞാനെന്ന ഭാവമിഹ തോന്നായ്ക വേണമിഹ തോന്നുന്നതാകി,ലഖിലം ഞാനിതെന്ന വഴി തോന്നേണമേ.” അപ്പോൾ ആദ്യത്തെ ‘ഞാൻ’ മിഥ്യ. രണ്ടാമത്തെ ‘ഞാൻ’ സത്യം. അതാണു് ‘അഹം ബ്രഹ്മാസ്മി.’ ‘അഹം ബ്രഹ്മാസ്മി’ എന്ന പ്രത്യക്ഷാനുഭൂതി ലഭിച്ചിട്ടില്ലാത്ത നമുക്കെല്ലാം ഈ പ്രപഞ്ചമുണ്ട്.

     

    പ്രപഞ്ചമെങ്ങും നിറഞ്ഞു കവിഞ്ഞു നില്ക്കുന്ന ഒരു പരമസത്യമുണ്ടു് എന്ന കേട്ടറിവുമുണ്ട്.” പരമസത്യത്തെപ്പറ്റിയുള്ള കേട്ടറിവു തികച്ചും അവ്യക്തമാണ്. അവ്യക്തമായ അറിവു്, ആലോചിച്ചാൽ, ഗുണകരമാണോ? അറിവേതും വ്യക്തമായിരിക്കണം. കാറോടിക്കണമെങ്കിൽ, വാച്ചു റിപ്പയർ ചെയ്യണമെങ്കിൽ, ഭക്ഷണം നന്നായി പാകം ചെയ്യണമെങ്കിൽ ഏതിനും വ്യക്തമായ അറിവു കൂടിയേ തീരൂ. അറിവിനു രൂപം ഒന്നേയുള്ളൂ. അതുകൊണ്ടാണ് ബ്രഹ്മം അറിവാണ് എന്നു പറയുന്നത്. എങ്കിലും വ്യവഹാരം അങ്ങനെയല്ല. അറിവ് പലതാണ് എന്നാണ്. അതുകൊണ്ടാണല്ലോ നാം പലതും അറിയാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഒരു കാര്യം വ്യക്തം. സത്യം ഒന്നേയുള്ളൂ. അതാണ് ബ്രഹ്മം; അതാണ് അറിവ്.

     

    അറിവേതും ആനന്ദമാണ്. പരമസത്യം അനുഭവമായിത്തീരാത്ത കാലത്തോളം ആപേക്ഷികസത്യങ്ങളെ ആശ്രയിക്കുകതന്നെ വേണം. ആപേക്ഷികസത്യങ്ങളായി കാണപ്പെടുന്നതും ബ്രഹ്മംതന്നെ. കാരണം—‘സർവം ഖല്വിദം ബ്രഹ്മ’ എന്നാണല്ലോ പ്രതിജ്ഞ. അതുകൊണ്ടാണ് പ്രഹ്ളാദൻ ‘തൂണിലും തുരുമ്പിലും ഈശ്വരനുണ്ട്’ എന്നു പറഞ്ഞത്. അതു പറയാനുള്ള ആത്മവിശ്വാസം പ്രഹ്ളാദനുണ്ടായിരുന്നു എന്നുകൂടി ഓർക്കണം. ഇവിടെയാണ് ബഹുദൈവാരാധനയുടെ പ്രസക്തി. വിശപ്പ് ഒന്നേയുള്ളൂ. പക്ഷേ, വിശപ്പിനുള്ള വിഭവങ്ങൾ പലതാണ്. വിശപ്പ് ഒന്നേയുള്ളൂ എന്നുവച്ച് വിഭവങ്ങളും ഒന്നായിരിക്കണം എന്ന ശാഠ്യം വിവേകമല്ല; യുക്തിക്കു ചേർന്നതല്ല. അനുഭവത്തിനു നിരക്കുന്നതുമല്ല. കാരണം, മനുഷ്യമനസ്സിന്റെ അഭിരുചി ‘പ്രതിരുചിഭിന്ന’മാണ്. അത് അംഗീകരിച്ച മഹാത്മാക്കളാണ്, ദ്രഷ്ടാക്കളാണ് ഒരേയൊരു ഈശ്വരന് പലരൂപങ്ങൾ കല്പിച്ചത്. അഭിരുചിക്ക് ഇണങ്ങുന്ന പല രൂപങ്ങൾ.

  • മോനേ… ചിരിയുടെ കാര്യം

    മോനേ… ചിരിയുടെ കാര്യം

    ഒരിക്കൽ കണ്ടാൽ, ആ സ്പർശമേറ്റാൽ, ഒരിക്കൽ ആ സ്വരം കേട്ടാൽ ഒരിക്കലുമൊരിക്കലും ആ അനുഭവത്തെ മായ്ക്കുവാൻ സാധിക്കാത്ത വിധം മനസ്സിലാകെ തുള്ളിത്തുളുമ്പി നില്ക്കുക; വാക്കുകൾകൊണ്ടു് അളന്നു പറയുവാനാവാത്ത ആത്മഹർഷലഹരിയിലേക്കു് ഒരുവനെ എത്തിക്കുക; അതാണമ്മ. ഏതാണ്ടു്, പതിനഞ്ചു വർഷങ്ങൾക്കു മുൻപു വള്ളിക്കാവിലെത്തിയിരുന്നു. അന്നു് ഒരു കുടിലിലിരുന്നു് അനേകം ഭക്തർക്കു ദർശനമേകിയിരുന്ന അമ്മയുടെ അടുത്തെത്താതെ മടങ്ങി. എങ്കിലും ഇക്കാലമത്രയും എന്റെ ഉള്ളിന്റെയുള്ളിൽ അമ്മയുടെ ചിരി നിലനിന്നുപോന്നു. പിന്നീടു്, മൂന്നുപ്രാവശ്യം വള്ളിക്കാവിൽ വന്നുവെങ്കിലും അമ്മ സ്ഥലത്തില്ലായിരുന്നു.

     

    ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒന്നു ബോദ്ധ്യമാകുന്നു. ജീവിതവഴികളിൽ അലഞ്ഞുനരകിച്ചു്, ജയപരാജയങ്ങൾ ഏറ്റുവാങ്ങി, ധാർഷ്ട്യനിഷേധങ്ങൾ കൈമുതലാക്കി ജീവിച്ചു പോന്നു; കഴിഞ്ഞ കാലമത്രയും സ്വന്തം കവിതകൾ, കവിയരങ്ങുകൾ അവതരിപ്പിക്കേണ്ടി വന്നപ്പോഴെല്ലാം മദ്യം കൂട്ടിനുണ്ടായി. അതു പിന്നീടു ശീലമായി, ശീലം ജീവിതമായി. ഏവരും വിഷമിച്ചു. മകനു സദ്ഗതി തെളിയാൻ അച്ഛനമ്മമാർ പ്രാർത്ഥിച്ചു. മഹാക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തി. ഒരു വെറും മദ്യപനെന്ന കാഴ്ചപ്പാടിൽ മറ്റു പലരും നർമ്മബോധത്തോടെ എന്നെ കാണാൻ തുടങ്ങി. കുടിക്കൊപ്പം ഭീകരമായി കടവും വർദ്ധിച്ചു. ക്രമേണ ഭാര്യ, കുട്ടികൾ, വീടു്, തൊഴിൽ ഇവ ഒന്നിലും ശ്രദ്ധിക്കാനാവാതെ സ്വയം നാശത്തിലേക്കുള്ള യാത്ര തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരുനാൾ എനിക്കു ശബ്ദം പുറത്തേക്കു വരാതെയായി. ശബ്ദം തെളിഞ്ഞു കിട്ടാൻ കൂടുതൽ കുടിച്ചു. അപ്പോൾ കാറ്റു മാത്രമായി. ഈ അവസ്ഥയും കടവും കൂടിച്ചേർന്നപ്പോൾ കൂടുതൽ കുടിക്കാൻ പ്രേരണയായി. ഇങ്ങനെ കുറച്ചുനാൾ തള്ളിനീക്കി; ഒരു നാൾ സ്ഥലത്തെ ഇ.എൻ.ടി വിദഗ്ദ്ധനെ കണ്ടു. വളരെ വിദഗ്ദ്ധമായ പരിശോധനകൾക്കുശേഷം, വോക്കൽക്കോഡിനെ ബാധിച്ചിരിക്കുന്ന ഒരു പ്രത്യേക അസുഖമാണിതെന്നു ഡോക്ടർ അഭിപ്രായപ്പെട്ടു.

     

    വളരെ നാളത്തെ ചികിത്സവേണ്ടി വരുമെന്നും അത്യപൂർവ്വമായ രോഗങ്ങളിൽ ഒന്നാണിതെന്നും ഡോക്ടർ പറഞ്ഞു. അദ്ദേഹം കുറിച്ചുതന്ന എല്ലാ മരുന്നുകളും കഴിച്ചുകൊണ്ടിരുന്നു എങ്കിലും എന്റെ അസുഖം നാൾക്കുനാൾ എന്നെ നിരാശയിൽ ആഴ്ത്തുകമാത്രമാണുണ്ടായതു്. എനിക്കു വളരെ പരിചയമുള്ള ഒരാൾ ഇതേ രോഗലക്ഷണങ്ങളോടെ ശബ്ദം പുറപ്പെടുവിക്കാനാകാതെ അടുത്തിടെ കാൻസർ ബാധിച്ചു മരിക്കുകയുണ്ടായി. എന്നെ ബാധിച്ചിരിക്കുന്ന വിചിത്രമായ ഈ രോഗം കാൻസർ ആയി പരിണമിച്ചേക്കാം എന്ന നിഗമനത്തിൽ കൂടുതൽ നരകിക്കാതെ ജീവിതം അവസാനിപ്പിക്കുകയാണു് ഉത്തമമാർഗ്ഗം എന്നു നിശ്ചയിച്ചു. ശബ്ദത്തെ അമിതമായി ആശ്രയിച്ചു കഴിഞ്ഞുപോന്ന ഒരുവനെ ഇത്തരം തിക്താനുഭവം ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക സ്വാഭാവികമാണല്ലോ. ജീവിതം അവസാനിപ്പിക്കണം; അതു് എന്നാകണം എന്നതിനെക്കുറിച്ചേ തർക്കം നടന്നുള്ളൂ. തകർന്ന തൊണ്ടയുമായി മനുഷ്യരുടെ മുന്നിൽ എത്തിപ്പെടുന്നതെങ്ങനെ. വിഷം വാങ്ങി സൂക്ഷിച്ചുവച്ചിട്ടുണ്ടു്. മരണം തിരുവോണത്തിനാക്കിയാലോ. ഉത്രാടനാൾ രാത്രിയിൽ മദ്യപിച്ചുകൊണ്ടിരിക്കെ കൂട്ടുകാരോടു പറഞ്ഞു, “ഇതു നമ്മുടെ അവസാനത്തെ കുടി”യാണെന്നു്. അന്നും രാത്രി അബോധാവസ്ഥയിൽ വീട്ടിലെത്തി. തരിമ്പും ബോധമില്ലാതിരുന്നതിനാൽ ആത്മഹത്യയെക്കുറിച്ചു് അന്നു മറന്നു പോയി.

     

    പുലർച്ചെ ആറുമണി ആയിക്കാണും ഭാര്യ വിളിച്ചുണർത്തുന്നു, “തയ്യാറാവുന്നില്ലേ? ഇന്നു നമുക്കു വള്ളിക്കാവിൽ പോകണ്ടേ? ഇന്നലെ രാത്രി സുധ (പെങ്ങൾ) വിളിച്ചിരുന്നല്ലോ? പോകാമെന്നു പറഞ്ഞതല്ലേ; ഇന്നു തിരുവോണം! അമ്മ എല്ലാവർക്കും ചോറു തരുമെന്നു പറയുന്നു.” “ചോറു വിളമ്പിത്തരുമെന്നോ? ചുമ്മാതിരി, നമുക്കു പിന്നെങ്ങാനും പോകാം.” ഒടുവിൽ ഭാര്യയുടെ നിർബ്ബന്ധത്തിനു വഴങ്ങി. എരമല്ലൂർനിന്നും സുധ (ഡോ. മാലിനി) ഭർത്താവു ഡോ. സതീഷ്‌കുമാർ, മകൻ വൈശാഖൻ, അമ്മൂമ്മ എന്നിവർ രാവിലെതന്നെ എത്തിച്ചേർന്നു. ഞങ്ങൾ വള്ളിക്കാവിലെത്തി. ദൂരെ വച്ചുതന്നെ ഗോപുരാഗ്രം കാണായി. പതിനഞ്ചു വർഷങ്ങൾ വരുത്തിയിരിക്കുന്ന മാറ്റം ചെറുതല്ല. കുടിലിനു പകരം വലിയ പ്രാർത്ഥനാമണ്ഡപം. അതിനുള്ളിൽ ഏവർക്കും ദർശനം നല്കിക്കൊണ്ടു് അമ്മ! വൻതിരക്കു്! അമ്മയെ നോക്കി ഏറെനേരം അവിടെ ഇരിക്കാനാവില്ല. ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു. ഞാൻ നിശ്ശബ്ദനായി കരയുകയാണു്. സന്തോഷംകൊണ്ടല്ല. സങ്കടം കൊണ്ടുമല്ല. എന്തുകൊണ്ടെന്നു് എനിക്കറിഞ്ഞുകൂടാ. “എല്ലാം അറിയുന്നൊരമ്മേ എന്റെ വല്ലായ്മ നീയറിയില്ലേ…” ഗംഭീരവും ഭാവസാന്ദ്രവുമായ ശബ്ദത്തിലൊരു പ്രാർത്ഥന ഒഴുകിയെത്തുകയായി. “എത്ര നാളീവിധമമ്മേ…” വയ്യ! പൊട്ടിക്കരഞ്ഞു പോകുന്നു.

     

    എന്തൊരു ഭാവതരംഗം. അമ്മ നല്കിയ തിരുവോണസദ്യ കഴിച്ചു. ആശ്രമത്തിനു ചുറ്റുമായി ഞങ്ങൾ നടക്കവെ ചെറിയ ആൾക്കൂട്ടം. ഒരു ഫിലിം ഷൂട്ടിങ് നടക്കുന്നു. ഞങ്ങൾ അവിടേക്കു ചെന്നു. അമ്മയുടെ ജീവിതത്തെ ആധാരമാക്കി വിദേശികൾ ഫിലിം എടുക്കുകയാണു്. അമ്മയുടെ തീരെ ചെറുപ്പകാലം. കൃഷ്ണവിഗ്രഹത്തിനു മുൻപിൽ കത്തിച്ചുവച്ച നിലവിളക്കിനരികിലിരുന്നൊരാൾ ഭാഗവതപാരായണം നടത്തുന്നു. അവിടെ ബാലികയായ അമ്മ പുൽവട്ടി നിറയെ പൈക്കൾക്കുള്ള പച്ചപ്പുല്ലുമായി എത്തിപ്പെടുന്നു. ക്ഷണനേരത്തെ ഭാഗവതശ്രവണത്തിനിടയിൽ അമ്മ ഭാവാവസ്ഥയിൽ നിമഗ്നയാകുന്നു. വൈകുന്നേരമായി. പതിവു് അസ്വസ്ഥതകൾ എന്നെ പിടികൂടി. എങ്ങനെയും പുറത്തു കടക്കണം. കായംകുളത്തോ മറ്റോ പോയി സൗകര്യമായി മദ്യപിക്കാം. ആരുമറിയാതെ തിരിയെ വന്നു മുറിയിൽ കിടക്കാം. ഒന്നു കുളിച്ചിട്ടാകാം യാത്ര. പെങ്ങൾക്കും ഭാര്യയ്ക്കും കാര്യം മനസ്സിലായി. എന്റെ ധാർഷ്ട്യത്തിനു മുമ്പിൽ അവരുടെ വിലക്കുകൾ വിലപ്പോയില്ല. കുളി കഴിഞ്ഞു പുതുവസ്ത്രം ധരിച്ചു പുറത്തിറങ്ങി. ഒരു ചുവടു മുന്നോട്ടുവയ്ക്കാൻ സാധിക്കുന്നില്ല. മുറിക്കകത്തു കയറി; വേണ്ട; വീണ്ടും ഇറങ്ങി; സാധിക്കുന്നില്ല വീണ്ടും മുറിക്കകത്തുതന്നെ. എനിക്കെങ്ങും പോകണ്ട. എത്ര സമയം മുറിക്കുള്ളിലിരുന്നു എന്നറിയില്ല. ദർശനഹാളിൽനിന്നും ആപാതമധുരമായ സങ്കീർത്തനം അലയടിക്കുന്നു. കായംകുളത്തിനു പോകുന്നില്ല; നേരെ ദർശനഹാളിലേക്കു്. രാത്രി ഒൻപതു മണിയായിക്കാണും. സ്ത്രീപുരുഷന്മാരുടെ നീണ്ട ക്യൂ. എനിക്കു ക്യൂ നില്ക്കുവാനുള്ള ക്ഷമയില്ല. അമ്മയുടെ അടുത്തെത്തണം; എങ്ങനെയും. നേരെ നടന്നു. വാതില്ക്കൽ നിന്നിരുന്ന അപരിചിതനെ ഒരുവിധം വിവരം ധരിപ്പിച്ചു. കയറ്റിവിട്ടു. ഞാനിതാ അമ്മയുടെ അടുക്കൽ. ഒരു നിമിഷം ചിന്തിച്ചു. എന്താവും നടക്കുക; ഒന്നും പറയുവാൻ ശബ്ദമില്ലല്ലോ. എന്റെ സങ്കടം അമ്മയോടു പറയുന്നതു് അനൗചിത്യമാകുമോ? അമ്മ അതു ചെവിക്കൊള്ളുമോ? അല്ലെങ്കിൽത്തന്നെ അതിനുള്ള സമയം കാണുമോ? അമ്മ എന്നെ ആശ്ലേഷിച്ചണച്ചു.

     

    ഒത്തിരി ജന്മങ്ങൾക്കു മുൻപുള്ള പരിചയം. “എന്തുപറ്റി മക്കളേ…!” എന്റെ കണ്ണുകൾ ഞാനറിയാതെ നിറഞ്ഞൊഴുകുന്നു. വാക്കുകൾ കുരുങ്ങിപ്പിടയുന്നു. “ഡോക്ടറെ കാണിച്ചോ മക്കളേ?” “കാണിച്ചമ്മാ; ഒരുപാടു മരുന്നും കഴിച്ചു.” “എന്നിട്ടും കുറഞ്ഞില്ലേ?” “ഇല്ലമ്മാ!” അമ്മ എന്റെ വലതുകവിളിനു താഴേക്കു മൂന്നു പ്രാവശ്യം തലോടി. “മോൻ വിഷമിക്കാതെ, അമ്മ സങ്കല്പിക്കാം, ദാ അവിടെ മാറി ഇരിക്കു്.” ഞാൻ അമ്മയുടെ മുഖത്തേക്കു നോക്കി. അമ്മ ചിരിച്ചുകൊണ്ടു് എന്നെ നോക്കുന്നു. അമ്മയുടെ വലതുകണ്ണിൽനിന്നും നീലവൃത്തത്തിലുള്ള ഒരു ജ്വാല എന്റെ കണ്ണുകളിലേക്കു പതിക്കുന്നു. ശരീരമാസകലം ഇലക്ട്രിക്ക്‌ഷോക്കിനു സമാനമായ പ്രതീതി. ഏറെ നേരത്തേക്കു് എനിക്കു പരിസരബോധം നഷ്ടമായി. അമ്മ വിരൽ തൊട്ടു തലോടിയ കഴുത്തിലൂടെ നേർത്ത കുളുർമ അരിച്ചിറങ്ങുന്നു. മുറിയിൽ തിരിച്ചെത്തി. ഉറങ്ങാൻ സാധിക്കുന്നില്ല. അസ്വസ്ഥതകൾ അതോടെ അവസാനിക്കുകയായി. മനസ്സിൽ അമ്മ മാത്രം. വെളുപ്പാൻകാലമായി. ഭജന മുറുകുന്നു. ദ്രുതവും ചടുലവുമായ താളക്രമം. ശംഖനാദം, താളാനുസാരിയായ മണി മുഴക്കം. കൈനിറയെ പൂക്കളുമായി മന്ദഹാസം പൂണ്ടു ലാസ്യലയഭാവത്തിൽ മന്ദം ആടിയനങ്ങി അമ്മ എല്ലാവരെയും മാറിമാറി നോക്കിനില്ക്കുന്നു. ഗംഭീരനാദധാര… “തെളിഞ്ഞു മാഞ്ഞിടുന്ന ചിത്രജാലമായ സൃഷ്ടിയിൽ… അംബ നിന്നെ ഞാൻ മറന്നതെന്റെ കുറ്റമാക്കൊലാ അംബ നിന്നെ വിസ്മരിച്ചു തെറ്റുചെയ്തിടില്ലിനീ…” ഞാൻ ചുറ്റും നോക്കി ഞാൻ മാത്രമല്ല അവിടെയുള്ളവർ ആകമാനം കരയുന്നു. അമ്മയുടെ ഭാവദർശനം അന്നു് അങ്ങനെ അവിടെ പൂർണ്ണമാവുകയാണു്. വാക്കുകളിൽ ഒതുങ്ങാത്ത അനുഭവം. വീട്ടിലെത്തി അനേകദിവസത്തേക്കു് ഉറക്കം വന്നില്ല. ക്ഷമയോടുകൂടിയ വളരെക്കാലത്തെ ചികിത്സവേണ്ടി വരുമെന്നു ഡോക്ടർമാർ പറഞ്ഞ രോഗത്തിനു് ഓരോ ദിവസം പിന്നിടുന്തോറും പ്രകടമായ പുരോഗതി കൈവന്നുകൊണ്ടേയിരുന്നു. മുദ്രമോതിരം നഷ്ടമായ ശകുന്തളയെ ദുഷ്യന്തൻ എങ്ങനെ വിസ്മരിച്ചുവോ, അതുപോലെ, അമ്മയെക്കണ്ട നിമിഷം മുതൽ മദ്യം വേണ്ടാതായി. പതിനേഴു വർഷത്തെ ദുർവൃത്തി അങ്ങനെ അവസാനിച്ചു. മുറുക്കും പുകവലിയും നിന്നു. ഞാൻ ആർത്തിയോടെ നോക്കിയിരുന്ന ബാർഹോട്ടലുകൾ പല നിറങ്ങളിലുള്ള ‘പ്രകാശം’പരത്തിനില്ക്കുന്നതു കാണുമ്പോൾ അക്ഷരാർത്ഥത്തിൽ ഇപ്പോൾ എനിക്കു ചിരിവരും.

     

    പിന്നീടു്, അമ്മയുടെ ദർശനത്തിനായി കഴിയുന്ന ദിവസങ്ങളിലെല്ലാം ഓടിയെത്തി. ഒരിക്കൽ ഞാൻ വിചാരിച്ചു. ഞാൻ വള്ളിക്കാവിലെത്തി കാണുന്നതു ശരിക്കും ആരെയാണു്? അമ്മ ആരാണു്? ഒരു അസാധാരണക്കാരി മാത്രമോ; അതോ ദേവിതന്നെയോ. അതിനുത്തരം എനിക്കു് അമ്മതന്നെ തന്നു; സ്വപ്‌നത്തിൽ. എന്റെ മുറിക്കുള്ളിൽ അമ്മ നില്ക്കുന്നു. വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നു. പൊടുന്നനെ സിംഹാരൂഢയായി എട്ടു കരങ്ങളിലും ആയുധമേന്തി, സർവ്വാഭരണവിഭൂഷിതയായി അമ്മയിൽനിന്നും ഒരു ദേവി എന്നടുത്തേക്കിറങ്ങി വരുന്നു. എന്റെ മുൻപിൽ വന്നു് എന്നെ നോക്കി നോക്കി സുവർണ്ണവിഗ്രഹമായി പരിണമിക്കുന്നു. അമ്മ സ്വന്തരൂപം കാണിച്ചിരിക്കുന്നു! ഞാൻ ഈ സ്വപ്‌നദർശനത്തെക്കുറിച്ചു് അമ്മയോടു പറയാതിരുന്നു, വളരെക്കാലം. ഒരു ഭാവദർശനത്തിനു ചെന്നപ്പോൾ ഇതു പറഞ്ഞു. “ങ്ഹാ മോനിപ്പോഴാണിതു പറയുന്നേ… ഇനി മോനൊന്നും പേടിക്കാനില്ലല്ലോ.” ഇതായിരുന്നു അമ്മയുടെ പ്രതികരണം.

     

    അമ്മയെ കണ്ട മാത്രയിൽ മദ്യപാനംനിന്നതും ശബ്ദം തിരിച്ചു കിട്ടിയതും ജീവിതത്തിലേക്കു മടങ്ങിയതും ഒരിക്കൽ അമ്മയെ ധരിപ്പിച്ചപ്പോൾ അമ്മ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഒരിക്കൽ അമ്മ പറഞ്ഞു. “മോൻ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കാവൂ.” “അതെങ്ങനെ സാധിക്കുമമ്മാ?” “അതിനല്ലേ മക്കൾക്കമ്മയുള്ളതു്.” ഈരേഴുപതിനാലു ലോകങ്ങൾക്കകത്തു് ഇങ്ങനെയൊരു ഉറപ്പു വേറെ ആർക്കാണു തരുവാൻ സാധിക്കുക. “ചിരിച്ചു കൊണ്ടേയിരിക്കണം” ആ വാക്കുകളുടെ ‘ഡയമെൻഷ്‌നൽ ഇഫക്ട്’ എത്ര വലുതാണെന്നു ഞാൻ ഇപ്പോൾ അറിയുന്നു. നാലഞ്ചാഴ്ച കഴിഞ്ഞു് അമ്മ വീണ്ടും എന്നോടു പറയുന്നു, “കള്ളക്കുട്ടാ, മുത്തുമോനേ ചിരിയുടെ കാര്യം!” ഞാൻ ചിരിച്ചുകൊണ്ടേയിരിക്കണം, അതാണമ്മയ്ക്കു വേണ്ടതു്; മനസ്സിന്റെ തെളിമ! ഞാനിതറിയുമ്പോൾ ഞാനറിയാതെതന്നെ എന്റെ മിഴികൾ ജലാർദ്രങ്ങളാകുന്നു; ‘അമ്മേ ഭഗവതീ എന്റെ ദൈവമേ’ ഉള്ളു പിടഞ്ഞു് അറിയാതെ എഴുതിപ്പോകുന്നു. “എന്തേ ഞാൻ നറുപുഞ്ചിരിയുടെ സ്നേഹനിലാവിലിരിക്കാൻ, എന്തേ ഞാനീ നീലജ്ജ്വാലയിലെന്നെ യുരുക്കിയെടുക്കാൻ എന്തേ വൈകിപ്പോയി!”

     

    ഐ.ബി. മന്മഥൻ

  • ആനന്ദത്തിലേക്കു് അധികമില്ല ദൂരം

    ആനന്ദത്തിലേക്കു് അധികമില്ല ദൂരം

    “ജീവിതത്തിൽ ആനന്ദം നുകരാൻ ഇന്നു നമുക്കു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതു നമ്മെക്കുറിച്ചുതന്നെയുള്ള ചിന്ത കളാണു്. തന്നെ മറന്നു് അന്യരെ സ്നേഹിക്കാൻ ഇന്നു നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ അഹങ്കാരം മാറാതെ ജീവിതാനന്ദം അനുഭവിക്കാൻ കഴിയുകയില്ല.” -അമ്മ “അമാനിത്വമദംഭിത്വമഹിംസാക്ഷാന്തിരാർജ്ജ വം ആചാര്യോപാസനം…” (ഗീത 13.8) ഹാസ്യസാഹിത്യസാമ്രാട്ടു സഞ്ജയൻ ഒരു കല്ച്ചട്ടിക്കച്ചവടക്കാരന്റെ കഥ പറയുന്നുണ്ടു്. ഒരിക്കൽ വല്ലത്തിൽ നിറയെ കല്ച്ചട്ടിയുമായി പോകെ അയാൾ ഒരു കലുങ്കിൽ കാലിടറി വീണു. എല്ലാ കല്ച്ചട്ടികളും ഉടഞ്ഞു. ഭാഗ്യത്തിനു് അയാൾക്കു കാര്യമായ പരിക്കൊന്നും പറ്റിയില്ല. സ്വാഭാവികമായും, ആ വീഴ്ച കണ്ടുനിന്നവരൊക്കെ ചിരിച്ചു. ‘വീണാൽ ചിരിക്കാത്തവൻ ബന്ധുവല്ല’ എന്നാണല്ലോ പ്രമാണം.

     

    പക്ഷേ, ആ ചിരി അയാൾക്കു് ഒട്ടും പിടിച്ചില്ല. മൂക്കത്തു ശുണ്ഠിയുള്ള അയാൾ എല്ലാവരെയും ശകാരിക്കുകയും കൈയിൽ കിട്ടിയവരെ തല്ലാനും കുത്താനും പുറപ്പെടുകയും ചെയ്തു. ആളുകൾ നാലുപാടും ഓടി രക്ഷപ്പെട്ടു. എന്നിട്ടോ, പിന്നെ അയാളെ കാണുമ്പോൾ, കൈയകലത്തിൽ നിന്നുകൊണ്ടു്, ‘കച്ചട്ടി ഢ്ഢിം’ എന്നു പറയുക പതിവായി. അതു കേൾക്കേണ്ട താമസം, അയാൾക്കു കലി കയറും. അടിക്കാൻ ഓടും. ഈ ഇടയിളക്കം നാട്ടുകാർക്കു ചിരിക്കാൻ വകയായി. കാലം പോകെ, ആളുകൾ വെറുതെ ‘ഢ്ഢിം’ എന്നു പറഞ്ഞാൽ മതി എന്നായി. അങ്ങനെയിരിക്കെ അയാൾ പോലീസിൽ ചേർന്നു. പ്രമോഷൻ കിട്ടി ഏയ്ഡായി. ഒരു സഹപ്രവർത്തകന്റെ കൂടെ ഒരിക്കൽ ബീറ്റു പോകെ മൂപ്പർ നാലാൾ ഒത്തുകൂടിയ എവിടെയോ വച്ചു സഹപ്രവർത്തകനു് ഒരു ഓർഡർ നല്കി. റാങ്കിൽ താഴെ ആയതിനാൽ അയാൾ അനുസരണാഭാവത്തോടെ ഒരു സല്യൂട്ടടിച്ചു.

     

    കൈപ്പത്തി തുടയിൽ ആഞ്ഞുവീണപ്പോൾ ‘ഢ്ഢിം’ എന്നൊരു ശബ്ദമുണ്ടായി. പോരെ പൂരം! ഇരുവരും തമ്മിൽ പൊരിഞ്ഞ തല്ലായി. മേലുദ്ദ്യോഗസ്ഥരുടെ വക അന്വേഷണം കഴിഞ്ഞപ്പോൾ ഏമാന്റെ ജോലിപോയി. കല്ച്ചട്ടിക്കച്ചവടത്തിലേക്കു മടങ്ങിയ അയാൾ അതിനുശേഷം ആരെത്ര ഉറക്കെ ‘ഢ്ഢിം’ പറഞ്ഞാലെന്നല്ല പിന്നിലൊരു ഏറുപടക്കം പൊട്ടിച്ചാൽപോലും വഴക്കിനു നില്ക്കാതെയായി. മനുഷ്യൻ സമൂഹജീവിയായതുകൊണ്ടു പരസ്പരം തമാശയാക്കുകയും വിമർശിക്കയും തിരുത്താൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നു. ഇതൊന്നും രസിക്കാനെന്നല്ല പൊറുക്കാൻപോലും കഴിയാതായാൽ സമൂഹമെന്ന കൂട്ടായ്മ നിരർത്ഥകമല്ലേ? നമ്മുടെ ഇടയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതു് ഇത്തരം ശിഥിലീകരണമാണു്. ‘എനിക്കു് ആരെയും വിമർശിക്കാം, എന്നെ ആരും വിമർശിച്ചുകൂടാ’ എന്നാണു പൊതുവെ നില. വിമർശിക്കുന്ന ആളുടെ ഉദ്ദേശ്യശുദ്ധി നോക്കാതെയാണു പ്രതികരണം. എനിക്കായി ഞാൻതന്നെ ഒരു പ്രതിച്ഛായ ഉണ്ടാക്കി എന്റെ സങ്കല്പത്തിൽ വച്ചിരിക്കുന്നു.

     

    അതിനു നിരക്കുന്നതാവണം എല്ലാവരുടെയും പ്രതികരണം എന്നു ഞാൻ ശഠിക്കുന്നു. നീർപോളപോലെയാണു് ഈ പ്രതിച്ഛായാസങ്കല്പം. തുമ്മിയാലെന്നല്ല കൊതുകു കടിച്ചാൽ മതി അതുപൊട്ടാൻ. പൊട്ടിയാൽ ആത്മഹത്യയിലേ നില്ക്കൂ. അല്ലെങ്കിൽ ചോരപ്പുഴയിൽ! മനുഷ്യബന്ധങ്ങൾ സുദൃഢമാകണം എന്നാണു പണ്ടേയുള്ള വേകം. അതിനാൽ പഴമക്കാർ പറഞ്ഞു, ‘തുമ്മുമ്പോൾ പോകുന്ന മൂക്കാണെങ്കിൽ അതുണ്ടായിട്ടു കാര്യമില്ല’ എന്നു്. സ്നേഹമുണ്ടെങ്കിൽ അതിന്റെ കൂടെ, അന്യോന്യം പിച്ചാനും മാന്താനും കോക്രി കാണിക്കാനും ഒക്കെ സ്വാതന്ത്ര്യവും ഉണ്ടാകണം. അല്ല, രണ്ടിലൊരാളുടെ നെറ്റിയൊന്നു ചുളിഞ്ഞാൽ തകരുന്നതാണു് ഒരു സ്നേഹഹബന്ധമെങ്കിൽ അതൊരു ബന്ധമേയല്ല. ഈ അളവുകോൽ വച്ചു് അളന്നാൽ നമുക്കിടയിൽ ഇന്നു സ്നേഹബന്ധങ്ങളേ ഇല്ല! മകനു് അച്ഛനെയോ അച്ഛനു മകനെയോ വിമർശിക്കാൻ പാടില്ല എന്നായില്ലേ.

     

    ഭാര്യയ്ക്കു ഭർത്താവിനെയും മറിച്ചും വിമർശിച്ചുകൂടാ. നേതാക്കളെയോ ഭരണാധികാരികളെയോ ആർക്കും വിമർശിക്കാവുന്നതല്ല. നിയമങ്ങളും നീതിന്യായക്കോടതികളും വിമർശനത്തിനതീതമാണു്. മതരാഷ്ട്രീയവിശ്വാസങ്ങളുടെ കാര്യം പറയുകയും വേണ്ട. പക്ഷേ, ‘ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ!’ എന്ന പുറപ്പാടു് ആരിൽനിന്നും ഇല്ലാതിരിക്കുന്നുമില്ല. ഫലം സംഘർഷം. സംഘർഷത്തിൽ ഇരുവശത്തും പലരും കക്ഷി ചേരുന്നതോടെ അശാന്തി പെരുകുന്നു. അത്രയുമെത്തിയാൽ അശാന്തിയിൽ മാത്രം വളരാനാവുന്ന വിഷകൃമികൾക്കു മതിയായ വാസസ്ഥാനമായി. തുടർന്നു്, ഈ തീ അണയാതെ അവർ കാത്തോളും. നിരവധി ഘോരസംഘർഷങ്ങൾ മനുഷ്യവംശം അനുഭവിച്ചു കഴിഞ്ഞു. സ്വന്തം വർഗ്ഗത്തെ കൂട്ടക്കൊല ചെയ്യുന്ന ഏകജീവി ഭൂമുഖത്തു മനുഷ്യനാണു്. എല്ലാ കൂട്ടക്കൊലകളും അസഹിഷ്ണുതയുടെ ഫലമായിരുന്നു.

     

    എന്നിട്ടിപ്പോഴും നാം പഠിച്ചില്ല. അനുഭവത്തിൽനിന്നു് അറിവു നേടുന്ന ജീവിയാണു മനുഷ്യൻ എന്നാണു വച്ചിരിക്കുന്നതു്. പക്ഷേ, ഈ കാര്യത്തിൽ അതു നടന്നില്ല. പോകെപ്പോകെ കാര്യങ്ങൾ കൂടുതൽ വഷളായും വരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിട്ടുവീഴ്ചയില്ലായ്മയാണു പൊറുതിയില്ലായ്മയ്ക്കു കാരണം. ഏതു കടുംപിടുത്തവും, അതു പൊതുനന്മയ്ക്കല്ല, തന്റെ സ്വകല്പിതമായ പ്രതിച്ഛായ കൂടുതൽ വീർക്കാനാണു് ഉതകുന്നതെങ്കിൽ, അതു തനിക്കും മറ്റുള്ളവർക്കും നരകം തീർക്കുന്നു. നേരെമറിച്ചു്, തന്റെ ഊതി വീർപ്പിച്ച പ്രതിച്ഛായയെപ്പറ്റി ഓർത്തു് ഒന്നു ചിരിക്കാൻ കഴിഞ്ഞെങ്കിലോ? ആ ചിരി അമൃതായി ഭവിക്കും. എങ്ങനെയെന്നു മോഡേൺ സൈക്കോളജിയും കാണിച്ചു തരുന്നുണ്ടു്. അവബോധത്തിൽനിന്നു് അപബോധം പൊട്ടിപ്പൊളിഞ്ഞു് അകന്നുപോകുന്നതോടെ ശുദ്ധബോധം തെളിയുന്നു. നിഷ്‌കളങ്കമായ കുസൃതിയാണു് അതിന്റെ ഭാവം. പ്രസാദമാണു മുഖം. ഇതോടെ ഒരാൾ മിക്ക സങ്കടങ്ങൾക്കും അതീതനാകുന്നു. വിമർശിച്ചാൽ ദേഷ്യമോ പ്രശംസിച്ചാൽ സന്തോഷമോ ജനിക്കില്ല. അടിസ്ഥാനവിശ്വാസങ്ങൾ, അവയെ ആർ, എങ്ങനെ പരാമർശിച്ചാലും, അവയ്ക്കു സ്വന്തം അനുഭവത്തിൽ പ്രസക്തി നഷ്ടപ്പെടുവോളം, പോറലേല്ക്കാതെ നില്ക്കും. കാരണം, സത്യത്തെ പരിഹസിക്കുന്നവരാണു പരിഹാസ്യരാകുന്നതു് എന്നു് അയാൾ തിരിച്ചറിയും. ഭാഷയാണു് ഈ സന്തോഷത്തിന്റെ പിറവിക്കുള്ള ഒരു തടസ്സം.

     

    പട്ടിക്കും പൂച്ചയ്ക്കും പക്ഷിക്കും തിമിംഗലത്തിനുമൊക്കെ ഭാഷകളുണ്ടു്. ഈ ഭാഷകളിൽ ഓരോന്നും ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഓരോ വർഗ്ഗത്തിലെയും എല്ലാ അംഗങ്ങൾക്കും മനസ്സിലാകും. അറ്റ്‌ലാന്റിക്കിലെ തിമിംഗലത്തിനും അലാസ്‌കയിലെ തിമിംഗലത്തിനും ശാന്തസമുദ്രത്തിലെ തിമിംഗലത്തിനും വെവ്വേറെ ഭാഷകളില്ല. മനുഷ്യനു മാത്രമാണു മറ്റൊരു നാട്ടിലോ പ്രദേശത്തോ ഉള്ള സ്വജാതിയുടെ ഭാഷ മനസ്സിലാകാത്തതു്. എന്നാലോ, നിഷ്‌കളങ്കമായ മനസ്സും സ്നേഹവുമുള്ളവർ കണ്ടുമുട്ടിയാൽ ഭാഷാപ്രശ്‌നമില്ല താനും! പല നാട്ടുകാരും ഭാഷക്കാരുമായ ഒരു കൂട്ടം ചെറിയ കുട്ടികളെ ഒരുമിച്ചു കളിക്കാൻ വിട്ടുനോക്കുക. അവർക്കു് അന്യോന്യം മനസ്സിലാവാൻ ഒരു ഭാഷയും വേണ്ട, അഥവാ ഒരു ഭാഷയും വിലങ്ങല്ല. പല ഭാഷകളിലും ദൈവത്തിനുള്ള പേരുകളുടെ അർത്ഥം ഒന്നാണെന്നറിയാനെങ്കിലും മുതിർന്നവർക്കു കഴിഞ്ഞെങ്കിൽ! ഈയിടെ തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ ഒരു പെൺകുട്ടി ട്രാക്കിൽ വീണു കാലു മുറിഞ്ഞ വാർത്ത പത്രത്തിൽ കണ്ടില്ലേ? ഒരു മണിക്കൂറോളം ആ പാവം അവിടെ കിടന്നു് അലമുറയിട്ടു. സഹായമാവശ്യപ്പെട്ടു നിലവിളിച്ചതു മലയാളഭാഷയിൽത്തന്നെയാണു്. അതു കേൾക്കാൻ ഇടയായവരെല്ലാരും മലയാളഭാഷ സംസാരിക്കുന്നവരും ആയിരുന്നു. എന്നിട്ടും ആ കരച്ചിലിന്റെ സാരം ആർക്കും ‘മനസ്സിലായില്ല,’ ‘ആരും തുണച്ചില്ല!’ ‘സുഖം’ എന്ന വാക്കിനു് ഇന്നുള്ള അർത്ഥത്തിനും ഒരു ചെറിയ മാറ്റം വേണ്ടേ? എന്റെ സുഖത്തിനായി എല്ലാവരും പണിയെടുക്കണം, ഞാൻ ആരുടെയും ഒരു സുഖത്തിനും വേണ്ടി ഒന്നും ചെയ്യില്ല എന്നായാൽ പോരാ. ഈ അവനവനിസം പൂർണ്ണമായ ഒറ്റപ്പെടലിൽ കലാശിക്കും.

     

    കൂട്ടുകുടുംബങ്ങൾ തകർന്നതു് ഇതിനാലല്ലേ? വന്നുവന്നു് അണുകുടുംബങ്ങളും തകരാൻ തുടങ്ങിയില്ലേ? നാലു കാശു മുടക്കിയാൽ വാങ്ങാൻ കിട്ടുന്ന ഇത്തിരി സുഖത്തിനു ഞാനെന്തിനു മറ്റൊരാളെ അഹോരാത്രം സഹിക്കണം? കുട്ടികളെ ജനിപ്പിച്ചു നൂറുകൂട്ടം പ്രയാസങ്ങളും ചുമതലകളും ഉണ്ടാക്കി വയ്ക്കുന്നതെന്തിനു്? ആരും ആരെയും നാളെ ശ്രദ്ധിക്കാൻ പോകുന്നില്ല എന്നു തീർച്ചയാണെന്നിരിക്കെ വെറുതെ എന്തിനീ പൊല്ലാപ്പു്? എന്റെ ഇന്ദ്രിയങ്ങളുടെ സുഖം മതി എനിക്കു്. തുമ്മലുണ്ടാക്കുന്ന അലർജ്ജികളൊന്നും വേണ്ടാ. തുമ്മിയാൽ മൂക്കുപോകും! ഇതാണോ സുഖം? കൂടുതൽ വലിയ സുഖങ്ങളുണ്ടെന്നു് അനുഭവിച്ചറിയാൻ ഇടകിട്ടാത്തവർക്കു് ഇത്രയേ ഉള്ളൂ ആകെയെന്നു തോന്നുന്നതിൽ അദ്ഭുതമില്ല. ഒരിക്കലും കണ്ണു തുറക്കാത്തവർക്കു് അറിയാനാവില്ലല്ലോ വെളിച്ചമെന്ന ഒന്നുണ്ടെന്നു്. സന്തോഷമെന്നാൽ എന്താണു്? സുഖമെന്നതു് എത്തരമൊക്കെ ഉണ്ടു്? പുരോഗതി എന്നാൽ ഏതു ദിശയിലാണു്? വികസനമെന്നതു് എങ്ങനെയിരിക്കണം? മനുഷ്യനായി പിറന്നതു് എന്തിനാണു്? എന്നൊന്നും നമ്മുടെ ഒരു സ്‌കൂളിലും കോളേജിലും പഠിപ്പിക്കുന്നില്ലല്ലോ. പകരം, പരസ്പരം മത്സരിക്കാൻ പഠിപ്പിക്കുന്നു. ഫൗൾ കളിക്കാനും, കളിച്ചാലും പിടിക്കപ്പെടാതിരിക്കാനും പരിശീലിപ്പിക്കുകയും ചെയ്യുന്നു.

     

    രണ്ടുമൂന്നു നൂറ്റാണ്ടുകളായി ഇതു തുടർന്നുപോരുന്നു എന്നോർക്കുമ്പോൾ നാട്ടിൽ ഇത്രയും കുഴപ്പങ്ങളേ ഉള്ളൂ എന്നതു് ഒരു മഹാദ്ഭുതമല്ലേ? ഭൂരിപക്ഷത്തിനും ഇന്നും ഇവിടെ തുമ്മിയാൽ പോകാത്ത മൂക്കുള്ളതു് ഏതോ മഹാപൈതൃകത്തിന്റെ ഗുണഫലമല്ലേ? അഥവാ, ആ മഹാപൈതൃകത്തിന്റെ നവോത്ഥാനമല്ലേ കഷ്ടാവസ്ഥയ്ക്കു മറുമരുന്നു്? ഒരു ക്ലാസ്സിലും ഒരു ക്ലാസിക്കലും പഠിക്കാത്ത അമൃതാനന്ദമയീ അമ്മ എല്ലാം ശരിയായി മനസ്സിലാക്കി വാത്സല്യപൂർവ്വം നമ്മോടു ചോദിക്കുന്നു, ‘ഇനിയെങ്കിലും ദുരഭിമാനമെന്ന പീറാമാറാപ്പു കൈയൊഴിഞ്ഞു കൂടെ, മക്കളേ?’

     

    സി. രാധാകൃഷ്ണൻ

  • ഓർമ്മിക്കാൻ ഓമനിക്കാൻ

    ഓർമ്മിക്കാൻ ഓമനിക്കാൻ

    മുറ്റത്തു് നനഞ്ഞ മണ്ണിൽ കിടക്കുകയായിരുന്നു അമ്മ. ദേഹമാസകലം മണൽ പുരണ്ടിരിക്കുന്നു; മുഖത്തും മുടിയിലുമെല്ലാം. മുഷിഞ്ഞ് അങ്ങിങ്ങു കീറിയ വസ്ത്രങ്ങളാണ് അമ്മ ധരിച്ചിരിക്കുന്നതു്. ബാഹ്യബോധം ലവലേശമില്ല. ആ പ്രേമമൂർത്തിയുടെ പ്രശാന്തവും നിഷ്‌കളങ്കവുമായ മുഖത്തേക്ക് ഉറ്റുനോക്കിയിരിക്കെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ആ മുഖം ദർശിക്കുമ്പോഴൊക്കെ ഞാനറിയാതെ തേങ്ങുമായിരുന്നു. പരിശുദ്ധിയുടെ പ്രതീകമായ അമ്മ, എന്റെ അന്വേഷണത്തിന്റെ സാക്ഷാത്കാരമായിരുന്നു; ശുദ്ധപ്രേമം കൊതിച്ചലഞ്ഞ എന്റെ ജീവന്റെ സാഫല്യമായിരുന്നു. മണ്ണിൽപ്പുരണ്ട അമ്മയുടെ ആ രൂപത്തിൽ കണ്ണുംനട്ടു ഞാനിരുന്നു. എന്റെ ഹൃദയം വേദനിച്ചു, “ആയിരങ്ങളുടെ ആശ്രയകേന്ദ്രമാണമ്മ! എന്നിട്ടും ഈ പവിത്രമായ ശരീരത്തിനു് ശുശ്രൂഷ ചെയ്യുവാൻ ആരുമില്ലേ!” ഞാൻ ചുറ്റിനും നോക്കി. പരിസരത്തെങ്ങും ആരെയും കണ്ടില്ല. ഹൃദയവേദന കണ്ണീർക്കണങ്ങളായി ഒഴുകി. നാലുമാസം മുൻപാണ് അമ്മയെ കാണുവാനുള്ള ഭാഗ്യം സിദ്ധിച്ചതു്.

     

    പക്ഷേ, അനേകം സംവത്സരങ്ങളുടെ ബന്ധമാണ് അമ്മയോടെനിക്കു തോന്നിയതു്. അല്പം കഴിഞ്ഞപ്പോൾ അമ്മ മെല്ലെ കണ്ണുതുറന്നു. അനന്തതതയിൽ കണ്ണുംനട്ട് ഏതാനും നിമിഷങ്ങൾകൂടി അതേ കിടപ്പുതന്നെ കിടന്നു. അനന്തവിസ്തൃതവും തന്റെതുമാത്രവുമായ ലോകത്തിലെ ഏകാന്തസഞ്ചാരത്തിനുശേഷം, അമ്മ മെല്ലെ തിരിഞ്ഞെന്നെ നോക്കി പുഞ്ചിരിച്ചു. കരുണാർദ്രങ്ങളായ ആ മിഴികൾ എന്നിൽ പതിച്ചപ്പോൾ, മാതൃവാത്സല്യവർഷം വശ്യമായ ആ മന്ദഹാസത്തിലൂടെ അമ്മയെനിക്കു സമ്മാനിച്ചപ്പോൾ, എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. അമ്മയുടെ സ്നേഹംതുളുമ്പുന്ന വാക്കുകൾ എന്റെ കാതിൽ വന്നലച്ചു, “മോൻ കരയുന്നോ?” ഒരു തേങ്ങലോടെ ഞാൻ മറുപടി പറഞ്ഞു, “അമ്മയെ കാണുമ്പോൾ അമ്മയെ സ്മരിക്കുമ്പോൾ എനിക്കു കരയാനേ കഴിയാറുള്ളൂ.” ഇത്രയും പറഞ്ഞു ഞാൻ ഏങ്ങലടിച്ചു കരഞ്ഞു, ഒരു കുഞ്ഞിനെപ്പോലെ. കിടന്നുകൊണ്ടുതന്നെ കൈകൾ നീട്ടി കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർക്കണങ്ങൾ ഒപ്പിയെടുത്തുകൊണ്ടു്, സ്നേഹമസൃണമായി അമ്മ ഇങ്ങനെ മന്ത്രിച്ചു, “എന്റെ മോൻ കരയല്ലേ, നിനക്ക് അമ്മയുണ്ടല്ലോ.” അമ്മ എഴുന്നേറ്റിരുന്നു് വാത്സല്യപൂർവ്വം എന്റെ ശിരസ്സിൽ തലോടി. ഗദ്ഗദമടക്കി ഞാൻ അമ്മയോടു പറഞ്ഞു, “അമ്മേ, ഇന്നു് അമ്മയുടെ ജന്മദിനമാണു്.” കൈയിലരുന്ന പൊതിയഴിച്ചു് കാണിച്ചുകൊണ്ടു് ഞാൻ തുടർന്നു, “കുളിച്ചു് അമ്മ ഈ വസ്ര്തങ്ങൾ അണിഞ്ഞു കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.” അമ്മ പൊട്ടിച്ചിരിച്ചു എന്നിട്ടിങ്ങനെ പറഞ്ഞു, “ജന്മദിനമോ…? അമ്മയ്ക്കോ…? നല്ല തമാശതന്നെ.

     

    കുഞ്ഞേ, നീ എന്താണീപ്പറയുന്നതു് അമ്മയ്ക്കു ജന്മദിനമില്ല മോനേ, ഈ ഭ്രാന്തിക്കു ജന്മദിനമോ…!” പിടിവാശിയും നിർബ്ബന്ധബുദ്ധിയുമൊക്കെ ആകാമല്ലോ. യുവാവായ കുഞ്ഞ് അവസാനം അതുതന്നെ ചെയ്തു. അന്ന് അമ്മ ഉണ്ണാനും ഉറങ്ങാനും കുളിക്കാനും ഒന്നും കൂട്ടാക്കാറില്ലായിരുന്നു. ചിലപ്പോൾ രണ്ടുവയസ്സുള്ള ഒരു കുഞ്ഞിനെപ്പോലെ ആകും. തോന്നിയാൽ ചിലതു ചെയ്യും. അല്ലെങ്കിൽ ചെയ്യില്ല. പലതും ഓർമ്മിപ്പിക്കണം, ഓർമ്മിപ്പിച്ചാലും സ്വയം ചെയ്യില്ല; ആരെങ്കിലും ചെയ്തു കൊടുക്കണം. നിർബ്ബന്ധിച്ചു് കുളിപ്പിച്ചാൽ കുളിക്കും. ഊട്ടിയാൽ ഉണ്ണും. ഉറങ്ങിയാൽ ഉറങ്ങും. വെയിലും, മഴയും, മഞ്ഞും, കാറ്റും, തൊണ്ടഴുകുന്ന കായൽജലവും, എല്ലാം അമ്മയ്‌ക്കൊരുപോലെ. രാപകൽ തുറസ്സായ മുറ്റത്തുതന്നെയായിരുന്നു അന്ന് അമ്മയുടെ വാസം. ചിലപ്പോൾ നാറുന്ന കായൽജലത്തിൽ കിടക്കുന്നതും കാണാം. ഒന്നിനോടും ഒരു പ്രതിപത്തിയും മമതയുമില്ല. ശരീരബോധം തീരെയുണ്ടായിരുന്നില്ല. അമ്മയോടു ഭക്തിയും ബഹുമാനവുമുണ്ടായിരുന്ന അയൽവീട്ടിലെ രണ്ടു സ്ത്രീകളായിരുന്നു അന്ന് അമ്മയെ കുളിപ്പിക്കുകയും മറ്റും ചെയ്തിരുന്നതു്. അവസാനം യുവാവായ കുഞ്ഞിന്റെ നിർബ്ബന്ധബുദ്ധിക്കു മുന്നിൽ അമ്മ വഴങ്ങി. അടുത്ത വീട്ടിലെ സ്ത്രീകൾ എത്തി. അവർ അമ്മയെ കുളിപ്പിക്കുവാൻ കൂട്ടിക്കൊണ്ടുപോയി. പൊതി അവരെ ഏല്പിച്ചുകൊണ്ടു് ഞാൻ പറഞ്ഞു, “കുളികഴിഞ്ഞു് ഈ വസ്ര്തങ്ങൾ അമ്മയെ ധരിപ്പിക്കണം.” തലേദിവസം വീട്ടിൽനിന്നു പുറപ്പെടുന്നതിനു മുൻപ് എന്റെ മനസ്സിൽ ഒരു ആശ ഉടലെടുത്തു. ജന്മദിനത്തിന് അമ്മയ്‌ക്കെന്തെങ്കിലും നല്കണം. എന്തു നല്കും? ഒരു നൂറായിരം സ്വപ്നങ്ങൾ, കിനാവുകൾ ഉള്ളിൽ പൊന്തിവന്നു. എന്തെങ്കിലും വാങ്ങി സമർപ്പിക്കാമെന്നു വച്ചാൽ കൈയിൽ ഒരു ചില്ലിക്കാശില്ല. മുത്തശ്ശി (അമ്മയുടെ അമ്മ) വല്ലപ്പോഴും പണം തരുന്ന പതിവുണ്ടായിരുന്നു. എന്നാൽ, അവർ അമ്മയെ പരിഹസിച്ചപ്പോൾ എനിക്കതു സഹിക്കാൻ കഴിഞ്ഞില്ല.

     

    ഇനിയും ആ പണം സ്വീകരിക്കില്ലെന്നു തീരുമാനിച്ചുറച്ചു. അവിടെ പോകാതെയുമായി. എന്തുചെയ്യണമെന്ന് ആലോചിച്ചു. അവസാനം ഒരു മാർഗ്ഗം കണ്ടുപിടിച്ചു. കോളേജിൽ പഠിച്ചിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന പാന്റുകൾ കൈവശമുണ്ടായിരുന്നു. അമ്മയെ കാണുവാൻ പോകുന്നതു് വീട്ടുകാർക്കു് ഇഷ്ടമില്ലാതിരുന്നതുകൊണ്ടു് വള്ളിക്കാവിലേക്കു പോകാൻ അവർ ബസ്സുകൂലി തരാറില്ലായിരുന്നു. ബസ്സുകൂലിക്കു് ആവശ്യമായ പണം പഴയ പാന്റും ഷർട്ടും വിറ്റാണുണ്ടാക്കിയിരുന്നതു്. അതിൽ, ഒന്നുരണ്ടു പാന്റുകൂടി അവശേഷിച്ചിരുന്നു. അതു വില്ക്കുവാൻ തീരുമാനിച്ചു. അവ അൻപതു് രൂപയ്ക്കു വിറ്റു. പണം കിട്ടിയപ്പോൾ എന്തു വാങ്ങണമെന്നായി, അതാകാം അല്ലെങ്കിൽ ഇതാകാം എന്നിങ്ങനെ ഒരു നൂറുകൂട്ടം സാധനങ്ങൾ മനസ്സിലേക്കു കടന്നുവന്നു. വിശ്വം മുഴുവൻ തന്റെ അധീനതയിലുള്ള, ജനനമരണങ്ങളില്ലാത്ത അമ്മയ്ക്ക് എന്തെങ്കിലും ജന്മദിനസമ്മാനമായി വാങ്ങിക്കൊടുത്തുകളയാം എന്നു ധരിക്കുവാൻ തക്കമുള്ള അറിവും വിവേകവുമേ അന്നെനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ… അതൊരു ആത്മാർത്ഥമായ ആഗ്രഹമായിരുന്നു. ഒരു കുഞ്ഞിന്റെ ഭാവനയും സങ്കല്പവും അതിനുണ്ടായിരുന്നു.

     

    എന്നാണെന്റെ വിശ്വാസം. അതുകൊണ്ടുതന്നെ, എന്നെ സംബന്ധിച്ചിടത്തോളം അതിന് അതിന്റേതായ ഒരു യഥാർത്ഥ്യമുണ്ടായിരുന്നു. വളരെനേരത്തെ ആലോചനയ്ക്കുശേഷം ഒരു നീലപ്പാവാട വാങ്ങി. കൃത്യം അൻപതു് രൂപ. എനിക്കു സന്തോഷമായി. അമ്മയ്ക്കു് നന്നായി ചേരുമെന്നു് തോന്നി. അതും ധരിച്ചുനില്ക്കുന്ന അമ്മയുടെ രൂപം മനസ്സിൽ കണ്ട് ആനന്ദിച്ചു് കടയിൽനിന്നു പുറത്തുവരുമ്പോൾ റാവുവിനെയും കണ്ടു. നീലപ്പാവാട വാങ്ങിയ വിവരം അറിയിച്ചപ്പോൾ റാവു പറഞ്ഞു, “എന്റെ കൈയിൽ ഒരു നീല ഷർട്ടുണ്ടു്. പുതിയതയാണു്. അമ്മ ധരിക്കുമോ എന്നറിയില്ല. ഏതായാലും അതുകൂടി കൊണ്ടുപോകൂ.” അതും വാങ്ങി ഞാൻ അന്നുതന്നെ വള്ളിക്കാവിലേക്കു പുറപ്പെട്ടു. റാവു, രാമകൃഷ്ണൻ, ശ്രീകുമാർ എന്നിവർ പിറ്റേദിവസം ഉച്ചയോടുകൂടി എത്താമെന്നു് പറഞ്ഞു. അമ്മ കുളികഴിഞ്ഞെത്തി. നീലപ്പാവാടയും നീല ഷർട്ടുമണിഞ്ഞ് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഓടിവന്ന് അമ്മ എന്നോടു ചോദിച്ചു, “ഈ ഷർട്ടു് ഫാഷനാണോ? ഈ പാവാടയും ആഡംബരമാണെനേ തോന്നൂ. എനിക്കു വയ്യിതു ധരിക്കാൻ.” ആ ശുദ്ധനൈർമല്യത്തിനു മുൻപിൽ ഞാൻ നിശ്ശബ്ദനായി നിന്നതേയുള്ളൂ. എന്തു പറയാൻ, എങ്ങനെ പറയാൻ? ആ പരിശുദ്ധിയുടെ മുന്നിൽ ഞാൻ കുനിഞ്ഞുനിന്നു കണ്ണീർ വാർത്തു. ഞാൻ വാങ്ങിക്കൊണ്ടുവന്ന പാവാട അമ്മ അണിഞ്ഞുകണ്ടതിലുള്ള ആനന്ദക്കണ്ണുനീർ കൂടിയായിരുന്നു അതു്. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

     

    പക്ഷേ, എന്തെങ്കിലും പറഞ്ഞേ പറ്റൂ. അല്ലെങ്കിൽ ആ പാവാടയും ഷർട്ടും ഊരി ദൂരത്തെറിയും. വളരെ പാടുപെട്ടു് ഉള്ളിലെ വികാരമടക്കി ഞാൻ അമ്മയോടു കൊഞ്ചി പറഞ്ഞു, “അമ്മേ, അമ്മയിതു സ്വയം എടുത്തു ധരിച്ചതല്ലല്ലോ. മക്കൾ ധരിപ്പിച്ചതല്ലേ. ഇതു മക്കളുടെ ആഗ്രഹമാണു്, അമ്മയുടെതല്ല. ഇതിൽ ആഡംബരം തീരെയില്ല. കുറച്ചു കഴിഞ്ഞു വേണമെങ്കിൽ അമ്മ മാറ്റിക്കൊള്ളൂ…” കുനിഞ്ഞു വീണ്ടും പാവാടയിലും ഷർട്ടിലും നോക്കിയിട്ടു മുറ്റത്തു കൂടിനിന്നിരുന്ന കുട്ടികളുടെ സമീപത്തേക്കു് അമ്മയോടി. പിന്നീടു കൊച്ചു കുട്ടികളോടൊപ്പം ആർത്തുല്ലസിച്ചു്, അവരിലൊരാളായി കബഡികളിയും ചക്കകളിയും കല്ലുകളിയുമായി കുറച്ചു സമയം കഴിച്ചു. പെട്ടന്നു കളി നിർത്തി. “അമ്മേ… എന്റെ മക്കൾക്കു് എന്തുകൊടുക്കും.” എന്നുറക്കെ പറഞ്ഞുകൊണ്ടു് അമ്മ അടുക്കളയുടെ ഭാഗത്തേക്കോടി. പുതിയ ഷർട്ടും പാവാടയും അപ്പടി ചെളിയും മണ്ണുമായിരിക്കുന്നു. കല്ലും മണ്ണും ചെളിയും വാരിക്കളിച്ച ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ആ പുതുവസ്ത്രമത്രയും അമ്മ വൃത്തികേടാക്കിയിരിക്കുന്നു. പിന്നീട്, അടുക്കളയിൽ ധൃതിപിടിച്ചു മക്കളെ ഊട്ടാൻ സ്വയം ആഹാരം പാചകം ചെയ്യുന്ന സ്‌നേഹനിധിയായ വീട്ടമ്മയെയാണു കണ്ടതു്. അമ്മയെ സഹായിക്കാം എന്നുകരുതി ഞാനും അടുക്കളയിൽ കടന്നുകൂടി. പക്ഷേ അമ്മ സമ്മതിച്ചില്ല. “മക്കളൊന്നും ചെയ്യണ്ട. നിങ്ങൾക്കിതൊന്നും വശമില്ല. അമ്മയാണെങ്കിൽ ചെറുപ്പം മുതൽ ഇതൊക്കെ ശീലിച്ചതാണു്. വയ്ക്കലും വിളമ്പലും അമ്മയ്ക്കുള്ളതാണു്” എന്നുപറഞ്ഞു് അമ്മ എന്നെത്തടഞ്ഞു. എങ്കിലും ഞാൻ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.

     

    അമ്മ പാചകം ചെയ്യുന്നതുകാണാൻ ബഹുരസം. എന്തു വേഗതയിലാണ് അമ്മ ഓരോന്നും ചെയ്യുന്നതു്. കറിക്കരിയലും, അരയ്ക്കലും, ഇടിക്കലും, പൊടിക്കലും, തീ കത്തിക്കലും, അടുപ്പിൽ ഊതലും, എല്ലാം ഒരേ സമയത്തു ചെയ്യുന്നതുപോലെ തോന്നി. നാലഞ്ചമ്മമാർ ഒന്നിച്ചു ജോലിചെയ്യുന്ന പ്രതീതി. വളരെവേഗം ഉച്ചഭക്ഷണം തയ്യാറായി. മക്കളുടെ സന്തോഷത്തിനുവേണ്ടി അമ്മ എത്രമാത്രം അവരുടെ തലത്തിലേക്കിറങ്ങി വരുന്നു. “മക്കളുടെ സന്തോഷമാണു് അമ്മയുടെ ആനന്ദവും ആരോഗ്യവും” എന്നമ്മ പറയാറുണ്ടല്ലോ. ഒരുമണിയായപ്പോൾ ഹരിപ്പാട്ടുനിന്നും രാമകൃഷ്ണൻ, ശ്രീകുമാർ എന്നിവർ എത്തി. റാവു വന്നിട്ടില്ല. ഒന്നരവരെ കാത്തു. കണ്ടില്ല. ഒന്നര കഴിഞ്ഞപ്പോൾ അമ്മ സ്വന്തം കൈകൾകൊണ്ടു മക്കൾക്കെല്ലാം ആഹാരം വിളമ്പി, ഉരുളയുരുട്ടി എല്ലാവരെയും വാത്സല്യപൂർവ്വം ഊട്ടി. മാതൃവാത്സല്യത്തിന്റെ ശീതളിമ ആവോളം നുകർന്നു്, കണ്ണും കരളും ഒരുപോലെ നിറഞ്ഞു കവിഞ്ഞൊഴുകിയപ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു, “പ്രപഞ്ചത്തിലെ അമ്മമാരുടെ മാതൃത്വം മുഴുവൻ ഒരിടത്തു് ഒന്നായി കൂട്ടിയാലും എന്റെ അമ്മയുടെ വാത്സല്യത്തിനും കാരുണ്യത്തിനും തുല്യമാവുകയില്ല.” വിളമ്പുന്നതിനടയിലും ഊട്ടുന്നതിനടയിലും അമ്മ വെളിയിലേക്കു നോക്കുന്നുണ്ടായിരുന്നു. റാവു വന്നിട്ടില്ല. അമ്മമാർ എപ്പോഴും അങ്ങനെയാണല്ലോ. സ്ഥലത്തില്ലാത്തയാളെ കൂടുതൽ സ്മരിക്കും; പ്രത്യേകം ഇത്തരം സന്ദർഭങ്ങളിൽ. അമ്മ വിളമ്പൽകഴിഞ്ഞു് വാതിലിൽവന്നുനിന്നു് വേലിയുടെ മുകളിലൂടെ എത്തിവലിഞ്ഞുനോക്കി. വഴിവക്കിൽ ഇറങ്ങിനിന്നുനോക്കി. വള്ളക്കടവിൽ ചെന്നുനിന്നുനോക്കി. എല്ലാവരും ഊണുകഴിഞ്ഞു കളരിയുടെ വരാന്തയിൽ ഇരിക്കുമ്പോഴും അമ്മ ഊണു കഴിക്കാതെ മോനെയും കാത്തുനില്ക്കുകയായിരുന്നു. ഏകദേശം മൂന്നു മണിയായപ്പോൾ റാവു എത്തി. ചേറുവിളമ്പി, സ്നേഹപൂർവ്വം വാത്സല്യങ്ങളോടെ അമ്മ റാവുവിനെയും ഊട്ടി. ഊണിനു മുൻപു് മക്കളെല്ലാവരും അമ്മയ്ക്കായി സങ്കല്പിച്ചു് ഓരോ ഉരുള ചോറുരുട്ടിവച്ചിരുന്നതു് അമ്മ സസന്തോഷം എടുത്തുകഴിച്ചു. ഞങ്ങൾ പത്തുപേരായിരുന്നു അന്നു് അമ്മയുടെ ജന്മദിനദിവസം ഉണ്ടായിരുന്നതു്.

     

    ഊണിനുശേഷം അമ്മ കളരിയുടെ മുൻപിലുള്ള വരാന്തയിൽ വന്നിരുന്നു. മക്കൾ പത്തുപേരും അമ്മയുടെ ചുറ്റിനുമിരുന്നു സാനന്ദം കീർത്തനങ്ങൾ പാടി. അനുഭൂതിദായകങ്ങളായ നിമിഷങ്ങൾ… അനർഘനിമിഷങ്ങൾ… എല്ലാവരും ലോകം മറന്നു പാടി… ജന്മദിനത്തിനു് അമ്മയുടെ മുൻപിൽ പാടാനായി, തലേന്നു രാത്രി ഞാനൊരു കീർത്തനമെഴുതി. എഴുതിയതല്ല, എഴുതിപ്പോയി… “ഇന്നല്ലോ കാർത്തികനാളു് എന്നമ്മ പിറന്ന നാളു് സൗന്ദര്യം വിളങ്ങും നാളു് സന്തോഷം പൂകം നാളു് ഞങ്ങളെ ധന്യരാക്കി ഞങ്ങളെ ശാന്തരാക്കി ഞങ്ങളെ ഭക്തരാക്കി ഞങ്ങളെ മുക്തരാക്കി സ്‌നേഹം പകർന്നു നീ ആവോളം തന്നു. എല്ലാം മറന്നു ഞാനതു നുകർന്നു. നിൻ ദിവ്യസ്‌നേഹത്തിനു പകരം നല്കാൻ ഇല്ലമ്മേ എൻ കൈയിൽ ഒന്നുമില്ല ജന്മദിനസമ്മാനം എന്തു നല്കും അമ്മേ… എന്റെ ഈ ജന്മം ഞാൻ നിന്നിലർപ്പിക്കാം എന്റെ എല്ലാം നീ; ഞാൻ നിന്റെ ദാസൻ ശതകോടി വന്ദനം കരുണാമയി…” കൂട്ടത്തിൽ പാടാൻ അമ്മയും ഉണ്ടായിരുന്നു. അമ്മയുടെ ജന്മദിനത്തെ വാഴ്ത്തിയെഴുതി ആ ഗാനം യാതൊരു കൂസലുമില്ലാതെ അമ്മയും ഏറ്റുപാടി. “ഇന്നല്ലോ കാർത്തികനാളു്; എന്നമ്മ പിറന്നനാളു്…” അദ്ഭുതത്തോടെ ആ നിഷ്‌കളങ്കമൂർത്തിയെ നോക്കിയിരുന്നപ്പോൾ “ജന്മദിനമോ… അമ്മയേ്ക്കാ… നല്ല തമാശതന്നെ? കുഞ്ഞേ, നീ എന്താണീപ്പറയുന്നതു്! അമ്മയ്ക്കു ജന്മദിനമില്ല മോനേ… ഈ ഭ്രാന്തിക്കു ജന്മദിനമോ…” എന്നു രാവിലെ അമ്മ ചോദിച്ചതിന്റെ പൊരുൾ അല്പം മനസ്സിലായപോലെ തോന്നി. താൻ ജനിച്ചിട്ടില്ലല്ലോ? ജന്മദിനവുമില്ലല്ലോ… ആത്മസ്വരൂപിയായ തനിക്കു ജനനമരണങ്ങളെവിടെ? അപ്പോൾപിന്നെ ഈ സ്തുതി പാടിയാലെന്താണു കുഴപ്പം? അതായിരുന്നു അമ്മയുടെ ഭാവം. ആ നിഷ്‌കളങ്കതയുടെ പിറകിലെ രഹസ്യം അതായിരുന്നു. വീണ്ടും ഞാൻ നിശ്ശബ്ദനായി. (ഉത്തരം കിട്ടാതെ വരുമ്പോൾ നിശ്ശബ്ദതയിലേക്കാണല്ലോ നാം വഴുതിവീഴുക.) അപ്പോഴും ആ മുഖത്തേക്കു നോക്കിയിരുന്നു് അശ്രുപൂജ നടത്താനല്ലാതെ ഇവനു മറ്റൊന്നും കഴിഞ്ഞില്ല… ഇതേക്കുറിച്ചു മക്കളിലൊരാൾ അമ്മയോടു ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, “ഞാൻ എന്റെ അമ്മയെ, ദേവിയെ ഓർത്താണു പാടുന്നതു്. ജനനമരണങ്ങളുള്ള അമ്മയെയല്ല. അതില്ലാത്ത ആദിശക്തിയെ.” ഹൃദയവികാരം ബാഷ്പകണങ്ങളായി നിറഞ്ഞൊഴുകിയപ്പോൾ എന്റെ മനസ്സു് മന്ത്രിച്ചു, “അമ്മേ യഥാർത്ഥത്തിൽ എന്റെ കാണിക്കയും പാവാടയും ഷർട്ടുമല്ല… അവ വെറും പ്രതീകങ്ങൾ മാത്രം.

     

    ആ ഗാനത്തിന്റെ വരികളിൽ തുടിക്കുന്ന അർത്ഥമാണു്; അതിന്റെ അന്തഃസത്തയാണു് ഇവന്റെ എളിയ കാണിക്ക. അത് എന്റെ ഈ ജന്മംതന്നെയാണു്. അവിടത്തേക്കു് മറ്റെന്തു ജന്മദിനസമ്മാനമാണ്. ഇവന് അവിടുത്തോടുള്ള ഇവന്റെ കടം, എന്നെന്നും കടമായിത്തന്നെ അവശേഷിക്കും… ഒരിക്കലും വീട്ടാനാകാത്ത കടം…” 1979 ഒക്ടോബർ 9-ാം തീയതിയായിരുന്നു ഈ സംഭവം പത്തു പേർ ചേർത്തു നടത്തിയ അമ്മയുടെ തിരുനാളാഘോഷം! വലിയ ചിറകുകൾ വിടർത്തി അതിവേഗം പറന്നുപോകുന്ന പക്ഷിയെപ്പോലെ പന്ത്രണ്ടുവർഷങ്ങൾ കടന്നുപോയി. ഓർക്കാനും ഓമനിക്കാനും ആയിരമായിരം സംഭവങ്ങൾ. പഴമയെ തച്ചുടച്ച് നിത്യനൂതനസൃഷ്ടി നടത്തുന്ന, അന്തരാത്മാവിൽ ആനന്ദസൃഷ്ടി നടത്തുന്ന അമ്മ! സ്ഥലകാലങ്ങൾക്കതീതനാണു ബ്രഹ്മജ്ഞാനി. ആ ദിവ്യസാന്നിദ്ധ്യത്തിൽ സ്ഥലകാലവിസ്മൃതി അനുഭവപ്പെടുന്ന എത്രയെത്ര നിമിഷങ്ങൾ! എന്നാൽ, ഇപ്പോഴും എന്റെ സ്മൃതിപഥത്തിൽ ഇന്നലെയെന്നപോൽ തെളിഞ്ഞുനില്ക്കുകയാണ് അവിസ്മരണീയമായ ആ ദിനം. ഓരോ തിരുനാളാഘോഷവേളയിലും ഏകാന്തതയിലിരുന്നു്, ആരും കാണാതെ, ആരോരുമറിയാതെ, ഹൃദയച്ചെപ്പിന്റെ അടപ്പു തുറന്ന ഞാനോമനിക്കുന്ന ഒരു മധുരസ്മരണ! പതിനായിരങ്ങൾ അമ്മയുടെ തൃപ്പാദപൂജ കണ്ടു്, ഭക്തിലഹരിയിൽ മതിമറന്നു്, അമ്മയുടെ ആനന്ദക്കണ്ണീർ പൊഴിക്കുമ്പോൾ; അനുവാദമില്ലാതെ എന്റെ മനസ്സിലേക്കോടി കയറുന്ന പുതുമമാറാത്ത ഒരു പഴയ സംഭവം! ആ പഴയ പുതുമ ഇന്നും എന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ടു്.

     

    അമ്മേ… ആ പാദത്തിൽ കാണിക്കയർപ്പിച്ച ഈ ജീവിതം എത്ര ധന്യം! ഈ ജന്മവും ഇനിയുള്ള ജന്മങ്ങളും… ഈ ജീവിതം അവിടുത്തേതു മാത്രമയിരിക്കണമേ…!

     

    സ്വാമി അമൃതസ്വരൂപാനന്ദ പുരി

  • യുവാക്കളുടെ ജീവിതധന്യതയ്ക്കു് ആദ്ധ്യാത്മികമൂല്യങ്ങളുടെ ആവശ്യകത

    യുവാക്കളുടെ ജീവിതധന്യതയ്ക്കു് ആദ്ധ്യാത്മികമൂല്യങ്ങളുടെ ആവശ്യകത

    “മാ കുരു ധനജന യൗവനഗർവ്വം” മനുഷ്യരെല്ലാം മാനവധർമ്മം ആചരി ക്കണമെന്നാണു മതങ്ങൾ പൊതുവിൽ അനുശാസിക്കുന്നതു്. എന്നാൽ സർവ്വസംഹാരക്ഷമതയുടെ മുനമ്പിലിരുന്നു് അഭിമാനിക്കുകയാണു് ആധുനികമനുഷ്യർ. ഭൗതികനേട്ടങ്ങളിൽ അഹങ്കരിക്കുകയും സുഖലോലുപതയുടെ തമസ്സിൽ കിടന്നു ജീവിതായോധനദൗത്യം വിജയപ്രദമാക്കാൻ കഴിയാതെ വിഷമിക്കുന്നതുമായാണു കാണുന്നതു്.

     

    അവർ മത്സരബുദ്ധിയോടെ വെട്ടിപ്പിടിച്ചെടുക്കുന്ന ഭൗതികനേട്ടങ്ങൾ തുഷാരബിന്ദുക്കളുടെ ക്ഷണികസൗന്ദര്യംപോലെ പൊള്ളയാണെന്നും അവയിൽ അഹങ്കരിക്കുന്നതു മൗഢ്യമാണെന്നുമുള്ള ശ്രീശങ്കരവചനാമൃതം നമ്മെ വെളിച്ചത്തിലേക്കു നയിക്കേണ്ടതാണു്. മംഗളകരമായിജീവിക്കാൻ ഈ ഭൗതികനേട്ടങ്ങൾകൊണ്ടൊന്നും കഴിയില്ല.

     

    തോന്നിയപോലെ ജീവിച്ചു മരിച്ചാൽ മതിയെങ്കിൽ മതത്തെയോ ഈശ്വരനെയോ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ആ ശക്തികളെ ആശ്രയിച്ചിട്ടും കാര്യമില്ല. ആദ്യം മാറ്റം വരുത്തേണ്ടതു നമ്മുടെ മനോദൗർബല്യങ്ങൾക്കാണു്. ശത്രു, മനസ്സിലൊളിച്ചിരിക്കുന്ന അഹങ്കാരംതന്നെയാണു്. ഇതാണു സത്യം. ഗുരുലാഭം, ക്ഷേത്രദർശനം, ശാസ്ത്രപഠനം തുടങ്ങിയവയെല്ലാം പ്രയോജനപ്പെടുക അഹങ്കാരമില്ലാത്തവർക്കാണു്. അഹങ്കാരം, സമ്പാദിച്ച സമ്പത്തിനെയും ജനസ്വാധീനത്തെയും യൗവനത്തെയും നിമിഷനേരംകൊണ്ടു തൂത്തെറിയും. ധനത്തിൽ അഹങ്കരിക്കുന്നതു സർവ്വനാശത്തിലേക്കുള്ള രാജപാതയിലൂടെയുള്ള സഞ്ചാരമാണു്. ധനം വരുന്നതിനെക്കാൾ വേഗത്തിൽ പോകും. ഇന്നത്തെ കുബേരൻ നാളത്തെ കുചേലനാകാം. ധനം സമ്പാദിക്കുന്നതിനെക്കാൾ വിഷമമേറിയതാണു് അതു നല്ല മാർഗ്ഗത്തിലൂടെ വിനിയോഗിക്കുകയെന്നതു്.

     

    ലോകസുഖങ്ങൾ അനുഭവിക്കുന്നതിനു മാത്രമല്ല മനുഷ്യജീവിതം ലഭിച്ചിട്ടുള്ളതു്. ഇതറിയാൻ ആദ്ധ്യാത്മികമൂല്യങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടു്. ലോകസുഖങ്ങൾ മൃഗശരീരത്തിലിരിക്കുന്ന ജീവികൾക്കും ലഭിക്കും. കിട്ടിയതൊന്നും ശാന്തിക്കു് ഉപകരിക്കുന്നില്ലെങ്കിൽ അതിനുള്ള കാരണം അഹങ്കാരംതന്നെയാണു്. ജീവിതധന്യതയ്ക്കാണു പൂർവ്വികർ പരമപ്രാധാന്യം കൊടുത്തിട്ടുള്ളതു്. അതു യൗവനാവസ്ഥയിലിരിക്കുമ്പോൾത്തന്നെ ലഭിച്ചിരിക്കേണ്ടതാണു്. അപ്പോൾ മാത്രമേ പിന്നീടുള്ള അവസ്ഥകളിലും അതെല്ലാം പ്രയോജനപ്പെടുകയുള്ളൂ. ഒരു കാര്യം ഓർക്കുക. സമ്പത്തും അധികാരവും ഐശ്വര്യവും ഉണ്ടാകുമ്പോൾ സ്തുതിപാഠകരെയും സ്നേഹിതരെയും ധാരാളം ലഭിക്കും. അതു ക്ഷണികമാണു്. അതെല്ലാം ക്ഷയിക്കുമ്പോൾ അഥവാ നഷ്ടപ്പെടുമ്പോൾ എല്ലാം നഷ്ടമാവുകയും ചെയ്യും. ജനസ്വാധീനത്തിന്റെ ഗർവ്വിൽ മത്തരായി സാമ്രാജ്യം നഷ്ടപ്പെട്ട ചക്രവർത്തിമാരും വീണുപോയ രാജസിംഹാസനങ്ങളും മന്ത്രിക്കസേരകളും നാം ഇക്കാലത്തുതന്നെ കണ്ടിട്ടുണ്ടു്. അഹങ്കാരത്തിലും ജനപിന്തുണയിലും സ്വാധീനത്തിലും അഹങ്കരിക്കുന്നതു വിനാശകാരണമാണെന്നു് ഈ പാഠങ്ങളിൽനിന്നും നാം പഠിക്കേണ്ടതാണു്. ദളം കൊഴിഞ്ഞുനില്ക്കുന്ന പൂവിനെ നോക്കി ‘ഹാ പുഷ്പമേ’ എന്നു പാടാനേ കവിക്കു കഴിയൂ. വസന്തം കഴിഞ്ഞാൽ ഒരൊറ്റ പൂത്തുമ്പിപോലും പിന്നെ പൂന്തോട്ടത്തിലേക്കു വരില്ല. അതിനാൽ വരാനിരിക്കുന്ന ജീവിതത്തെ കണ്ടുകൊണ്ടാകണം നാം യൗവനം കഴിക്കേണ്ടതു്. അങ്ങനെയാകുമ്പോൾ ജീവിതം സുന്ദരമാകും.

     

    അർത്ഥവത്താകും. യൗവനത്തിന്റെ സമൃദ്ധിയിൽ അഹങ്കരിക്കാതെ ജീവിക്കുകയെന്ന ഈ ശങ്കരവചനാമൃതം നാം വീണ്ടുംവീണ്ടും ഓർക്കു ന്തു നല്ലതാണു്. മനുഷ്യത്വവും മഹാപുരുഷസംശ്രയവും നേടി ലഭിക്കുന്ന ജ്ഞാനത്താൽ ഈ അഹങ്കാരത്തെ കീഴ്‌പ്പെടുത്താം. അല്ലെങ്കിൽ നമ്മുടെ കർമ്മങ്ങൾ നമ്മെത്തന്നെ ഞെരിച്ചുതുടങ്ങും. നിത്യജീവിതത്തിലെ ദൈനംദിനകർമ്മങ്ങളിൽനിന്നു വേണം ഈ പാഠങ്ങളെല്ലാം പഠിക്കാൻ. ഈ പാഠം ഹൃദിസ്ഥമാക്കുക. ഓരോ കർമ്മവും തനിക്കും അതിനെക്കാളേറെ ലോകത്തിനും ഉപകാരപ്രദമാകണം. “അറിവുകൊണ്ടു നേടണം അഖിലബന്ധമോചനം അതിനുവേണ്ടി ആവതൊക്കെ നമ്മളിന്നു ചെയ്യണം” ഈ മഹദ്വചനത്തിന്റെ സാരാർത്ഥം ഭാരതീയയുവാക്കൾ മനസ്സിലാക്കിയിരിക്കേണ്ടതാണു്. സ്വസ്വരൂപത്തിന്റെ ദിവ്യതയെക്കുറിച്ചു യാഥാർത്ഥ്യബോധമുണ്ടാകുമ്പോൾ അഹങ്കാരവും കൂട്ടാളികളും നിഷ്പ്രഭമായി ഭവിക്കും. അഹങ്കാരം ഹൃദയത്തിലെ നന്മകളെയെല്ലാം കവർന്നെടുക്കുന്ന കള്ളനാണു്. ഇരുതലയുള്ള ശത്രുവാണവൻ. അടിച്ചുപൊളിച്ചു ജീവിക്കാനൊരുങ്ങുന്നവരും ആദ്ധ്യാത്മികമൂല്യങ്ങളെ കാറ്റിൽ പറത്തുന്നവരും ഈ ശത്രുവിന്റെ പിടിയിൽപ്പെടുകതന്നെ ചെയ്യും. അവരുടെ മനസ്സിനെയാണു് അവൻ വേഗം തന്റെ പിടിയിലാക്കുക. എന്തെല്ലാം ദുര്യോഗങ്ങളാണു പിന്നീടു് അവർക്കു വന്നുചേരുകയെന്നു പറയുക വയ്യ. പ്രേമം, ഒളിച്ചോട്ടം, ദുശ്ശീലങ്ങൾ തുടങ്ങി നാനാവിധമായ പീഡാനുഭവങ്ങളാണു പിന്നീടു് അവർക്കുണ്ടാവുക. മനസ്സും അഹങ്കാരത്തിന്റെ ദ്വിമുഖങ്ങളും കൂടി അവന്റെ ജീവിതായോധനം നരകതുല്യമാക്കുന്നു. ഇതൊന്നു തിരിച്ചറിയേണ്ടേ? ജീവിതോത്കർഷത്തിനുള്ള ജീവിതമാർഗ്ഗം കണ്ടെത്തേണ്ടതില്ലേ? തിരിഞ്ഞുനില്ക്കുക… പോരാടുക! ഇതാണു മഹാത്മാക്കൾ നല്കുന്ന മാർഗ്ഗോപദേശം. ആദ്ധ്യാത്മികമൂല്യങ്ങളെയാണു് ഇതിനുള്ള ആയുധമായി നിർദ്ദേശിച്ചിട്ടുള്ളതു്. സ്വന്തം ദൗർബല്യങ്ങളെ എങ്ങനെ ദൂരീകരിക്കാം, ഇതാണു് ഓരോ യുവാവും ആദ്യം ചിന്തിക്കേണ്ടതു്. ഇതു് അടിപൊളി ജീവിതമല്ല. ഒരു പ്രയോജനവുമില്ലാത്ത ആ വഴി എന്തിനു സ്വീകരിക്കണം? ഇതു് ആത്മവികാസത്തിന്റെ വഴിയാണു്. ലോകമല്ല, ആദ്യം അവനവൻതന്നെ നന്നാവുക. ഇതിനുള്ള പ്രതിബന്ധം അവനവനിലുള്ള അഹങ്കാരംതന്നെയാണു്. ഈ ശത്രു കാമനയുടെ രൂപത്തിലോ അഹങ്കാരത്തിന്റെ തനി രൂപത്തിലോ ആയിരിക്കും വാതില്ക്കൽ നില്ക്കുക. അതിന്റെ പിടിയിൽനിന്നും രക്ഷപ്പെടുക ദുർല്ലഭം ചില പുണ്യാത്മാക്കൾ മാത്രമത്രേ! ഒരാളുടെ അഹങ്കാരം നശിക്കുന്ന ദിക്കിൽനിന്നാണു ശുഭാപ്തിവിശ്വാസം നാമ്പെടുക്കുന്നതു്. അപ്പോൾ മുതൽ പ്രശ്നങ്ങൾക്കെല്ലാം ഒരാശ്വാസം കണ്ടുതുടങ്ങും. സഹനശക്തി മനസ്സിൽ കൈവരും. ഒന്നിനും സമയമില്ലാത്തവരാണു പലരും.

     

    സമയത്തോടൊപ്പം നഷ്ടപ്പെടുന്ന ആയുസ്സിനെക്കുറിച്ചു ചിന്തിക്കുന്നേയില്ല. ബാല്യവും യൗവനവുമാണു ജീവിതമൂല്യങ്ങൾ അത്യധികം പാലിച്ചു് ഉറപ്പിക്കേണ്ട കാലം. അക്കാലത്തുജീവിതത്തിലെ ഏതു സാഹചര്യത്തിലും തകരാത്ത മനസ്സിനെയാണു നാം വളർത്തിയെടുക്കേണ്ടതു്. ജീവിതമൂല്യങ്ങൾ പാലിച്ചാൽ മാത്രമേ ഇതു സാദ്ധ്യമാവുകയുള്ളൂ. അതിനു ഹൃദയത്തിൽ ഗർവ്വല്ല ശാന്തിയാണു് ആവശ്യം. ശാന്തിയുള്ള മനസ്സിനു മാത്രമേ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാനും കഴിയൂ. ഇതിനായി ഗീത പഠിക്കാം. നിയമേന സഹസ്രനാമം ജപിക്കാം. ധ്യാനിക്കാം. മനസ്സിനെ സജ്ജനസംഗത്തിലേക്കു നയിക്കാം. ഉള്ളതെന്തായാലും പങ്കിട്ടനുഭവിക്കാനുള്ള സ്വഭാവത്തെ വളർത്തിയെടുക്കാം. ഈവിധ ജീവിതമൂല്യങ്ങളെ ആശ്രയിക്കാത്ത ജീവിതം കഷ്ടമാണു്! എല്ലാം അറിഞ്ഞിട്ടും പിന്തിരിയുന്നില്ലെങ്കിൽ പിന്നെ ആരെന്തു പറഞ്ഞിട്ടെന്തു കാര്യം? ജീവിതത്തെ ഒരു ആദ്ധ്യാത്മിക തീർത്ഥയാത്രയാക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണു്. അതിനാദ്യം വേണ്ടതു ഗുരുഭക്തിയാണു്.

     

    ഗുരുവിൽ ഭക്തിയും ഗുരുവാക്യത്തിൽ ശ്രദ്ധയുമില്ലാത്തവൻ അന്ധനും ബധിരനുമായ യാത്രക്കാരനെപ്പോലെ വഴിയിൽ കിടക്കുകയേയുള്ളൂ എന്നു മനസ്സിലാക്കുക. ജീവിതം ധന്യമാക്കി ലക്ഷ്യത്തെത്താനുള്ള പരിശ്രമം ആവിധം നിഷ്ഫലമാകാനിടവരരുതു്. ഏറ്റവും മെച്ചപ്പെട്ട നേട്ടം കൈവരിക്കാനാണു മനുഷ്യജീവിതം. അഹങ്കാരബാധയാൽ ലക്ഷ്യം നഷ്ടപ്പെടരുതു്. ‘ഉത്തിഷ്ഠത! ജാഗ്രത!’ ഭാരതത്തിനു് ഇന്നു് ആവശ്യം ലക്ഷ്യബോധവും ആരോഗ്യവും സത്സ്വഭാവവുമുള്ള ഒരു യുവതലമുറയെയാണു്. അതിനായി അഹങ്കാരലേശമില്ലാതെ നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം. “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു ഓം തത് സത് ശാന്തിഃ ശാന്തിഃ ശാന്തിഃ”

     

    സ്വാമി വേദാനന്ദ സരസ്വതി